റാലിയില്‍ പങ്കെടുത്താല്‍ സാരി; ഗ്രൂപ്പ് മാറി മെസേജ് അയച്ച് ബി.ജെ.പി നേതാവ്; അബദ്ധം മനസിലായതോടെ ഡിലീറ്റ്
Kerala News
റാലിയില്‍ പങ്കെടുത്താല്‍ സാരി; ഗ്രൂപ്പ് മാറി മെസേജ് അയച്ച് ബി.ജെ.പി നേതാവ്; അബദ്ധം മനസിലായതോടെ ഡിലീറ്റ്
ആദര്‍ശ് എം.കെ.
Sunday, 5th April 2026, 6:19 pm

കോട്ടയം: തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന വനിതാ റാലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് സാരി വാഗ്ദാനം ചെയ്ത് ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് മിനര്‍വാ മോഹന്‍. പൂഞ്ഞാര്‍ മണ്ഡലത്തിലെ തിടനാടിലാണ് സംഭവം. സാരി വാഗ്ദാനം ചെയ്തുള്ള മിനര്‍വയുടെ ഓഡിയോ സംഭാഷണം പുറത്ത് വന്നു.

മെസേജ് അയച്ച ഗ്രൂപ്പ് മാറിയതാണ് മിനര്‍വയ്ക്ക് വിനയായത്. പഞ്ചായത്ത് അംഗങ്ങളുടെ ഗ്രൂപ്പിലാണ് പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ മിനര്‍വയുടെ ഓഡിയോ സംഭാഷണം എത്തിയത്. മെസേജ് അയച്ച ഗ്രൂപ്പ് മാറി എന്നറിഞ്ഞതോടെ ഓഡിയോ ഡിലീറ്റ് ചെയ്തു.

അതേസമയം, ഓഡിയോ അയച്ചത് മാറിപ്പോയെന്ന് മിനര്‍വ മോഹനന്‍ കൈരളിയോട് പറഞ്ഞു. റാലിക്ക് വരുന്നവര്‍ക്ക് സാരിയുണ്ട്. സൗജന്യമായിട്ടാണ് സാരി നല്‍കുന്നത്. ഗ്രൂപ്പ് മാറി അയച്ചത് കൊണ്ടാണ് ഓഡിയോ ഡിലീറ്റ് ചെയ്തതെന്നായിരുന്നു ഇവരുടെ വിശദീകരണം.

അബദ്ധം തിരിച്ചറിഞ്ഞ ഉടന്‍ സന്ദേശം ഡിലീറ്റ് ചെയ്‌തെങ്കിലും അതിനോടകം തന്നെ മറ്റ് അംഗങ്ങള്‍ ഇത് പ്രചരിപ്പിക്കുകയായിരുന്നു.

നാളെ തിടനാട് പഞ്ചായത്തില്‍ വനിതാറാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നുണ്ടെന്നാണ് മിനര്‍വ അയച്ച ഓഡിയോയില്‍ പറയുന്നത്. ഉച്ചയ്ക്ക് 2:30ന് റാലി ആരംഭിക്കുമെന്നും അതിനാല്‍ എല്ലാവരും കൃത്യസമയത്ത് തിടനാട് എത്തണമെന്നും ഇവര്‍ പറയുന്നു.

മൂന്ന് മണിക്ക് നടക്കുന്ന പൊതുസമ്മേളനം വൈകുന്നേരം നാല് മണിക്ക് അവസാനിക്കും. റാലിക്ക് പോകുന്നതിന് മുമ്പ് സാരി കൈപ്പറ്റണമെന്നും ഓഡിയോയില്‍ പറയുന്നുണ്ട്.

 

Content Highlight: BJP leader offers sarees to rally participants

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.