കുംഭകുലുക്കി കളി ആഭാസം; വിവാദ പരാമർശത്തിൽ ശ്രീരാമാനെതിരെ ബി.ജെ.പി
Kerala
കുംഭകുലുക്കി കളി ആഭാസം; വിവാദ പരാമർശത്തിൽ ശ്രീരാമാനെതിരെ ബി.ജെ.പി
കെ.എസ് ഷാബിന
Thursday, 20th August 2026, 1:09 pm

തൃശൂർ: തൃശൂരിന്റെ പരമ്പരാഗത ആഘോഷമായ പുലിക്കളിയെ അധിക്ഷേപിക്കുന്ന രീതിയിൽ കുറിപ്പിട്ട നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമനെതിരെ ബി.ജെ.പി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് രംഗത്തെത്തി.

ജനകീയമായ ഒരു കലാരൂപത്തെയും അതിനുപിന്നിൽ പ്രവർത്തിക്കുന്ന കലാകാരന്മാരെയും പരിഹസിക്കുന്ന ഇത്തരം നിലപാടുകൾ കടുത്ത പ്രതിഷേധാർഹമാണെന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

പുലിക്കളിക്കായി പരിശീലനം നടത്തുന്നവരുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കിലാണ് വി.കെ. ശ്രീരാമൻ വിവാദ പരാമർശം നടത്തിയത്. പുരുഷന്മാരുടെ ശരീരത്തിലെ രൂപവൈകൃതങ്ങളെ കലയ്ക്കായി ഉപയോഗിക്കുന്നത് ആഭാസമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. കൂടാതെ, നാട്യശാസ്ത്രത്തിലെ വൃത്തമായ ‘ശാർദൂലവിക്രീഡിതം’ എന്ന് പരിഹാസരൂപേണ വിശേഷിപ്പിച്ച അദ്ദേഹം, ഇത് ലോകത്തൊരിടത്തും കാണാത്ത തരം വൈകൃതമാണെന്നും കുറ്റപ്പെടുത്തി.

കേന്ദ്രസർക്കാർ അടക്കം പുലിക്കളിയെ പ്രോത്സാഹിപ്പിക്കാൻ മുൻകൈയെടുക്കുന്ന ഈ സമയത്ത്, ഈ കലയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത് ഗൗരവത്തോടെ കാണണമെന്നും ജസ്റ്റിൻ ജേക്കബ് കൂട്ടിച്ചേർത്തു. ഈ പരാമർശത്തിന് പിന്നിൽ ആസൂത്രിതമായ എന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശ്രീരാമൻ താൻ നടത്തിയ പ്രസ്താവന എത്രയും വേഗം പിൻവലിച്ച് തൃശൂരിലെ ജനങ്ങളോടും പുലിക്കളി കലാകാരന്മാരോടും പരസ്യമായി മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രതിഷേധങ്ങൾ നേരിടേണ്ടി വരുമെന്നും ബി.ജെ.പി മുന്നറിയിപ്പ് നൽകി. അതേസമയം, ശ്രീരാമന്റെ ഫേസ്ബുക്ക് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ വൻ ചർച്ചകളാണ് നടക്കുന്നത്.

Content Highlight: BJP has demanded an apology from Sreeraman over his controversial remark calling the Kumbhakulukki game vulgar

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.