biju-radhakrishnan-2

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ തെളിവും സി.ഡിയും സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ ഇന്ന് ഹാജരാക്കിയില്ല.

സി.ഡി ഇന്ന് കൊണ്ടുവന്നിട്ടില്ലെന്നും അത് കേരളത്തിന് പുറത്താണെന്നും ബിജു സോളാര്‍ കമ്മീഷനോട് പറഞ്ഞു. ഒരു കാറ് അനുവദിച്ചാല്‍ പത്ത് മണിക്കൂറിനകം സിഡി എത്തിക്കാമെന്നും ബിജു പറഞ്ഞു.

കേരളത്തിന് പുറത്താണെങ്കിലും സിഡി പിടിച്ചെടുക്കാന്‍ കമ്മീഷന് അധികാരമുണ്ടെന്നും ആരോപണം ഇങ്ങനെ നിലനിര്‍ത്താന്‍ കഴിയില്ലെന്നും സോളാര്‍ കമ്മീഷന്‍ പറഞ്ഞു.

സി.ഡി ഹാജരാക്കാന്‍ സമയം ആവശ്യപ്പെട്ട്  ബിജു സോളാര്‍ കമ്മീഷനില്‍ അപേക്ഷ നല്‍കി.

മുഖ്യമന്ത്രിക്കെതിരായ ലൈംഗികാരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായും തന്നെ ചിലര്‍ ഭ്രാന്തനാക്കാന്‍ ശ്രമിക്കുകയാണെന്നും ബിജു മാധ്യമങ്ങളോട് പറഞ്ഞു.

സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഞ്ചര കോടി രൂപ വാങ്ങിയെന്നും സരിത നായരെ ലൈംഗികമായി ഉപയോഗിച്ചെന്നുമായിരുന്നു ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കിയത്.

സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജന്‍ കമീഷന്‍ മുമ്പാകെ നല്‍കിയ മൊഴിയിലായിരുന്നു ആരോപണം. പല തവണയായി അഞ്ചര കോടി  രൂപയാണ് മുഖ്യമന്ത്രിക്ക് നല്‍കിയത്.

ലാഭം പങ്കിടുന്നതിലും മുഖ്യമന്ത്രിയുമായി ധാരണയില്‍ എത്തിയിരുന്നു. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫിസിനുമായി നാല്‍പത് ശതമാനവും കമ്പനിക്ക് അറുപത് ശതമാനവും എന്നായിരുന്നു ധാരണയെന്നും ബിജു മൊഴി നല്‍കിയിരുന്നു.

മുഖ്യമന്ത്രിക്കെതിരായ സി.ഡിയും തെളിവും കൈവശമുണ്ടെങ്കില്‍ അത് ഹാജരാക്കാന്‍ സോളാര്‍ കമ്മീഷന്‍ ആവശ്യപ്പെടുകയായിരുന്നു.