ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് സംസാരിക്കുകയാണ് പേസര്‍ ഭുവനേശ്വര്‍ കുമാര്‍. ഇന്ത്യക്ക് വേണ്ടി വീണ്ടും കളിക്കുകയെന്നത് നിലവില്‍ പ്രധാനപ്പെട്ട കാര്യമല്ലെന്നാണ് ഭുവനേശ്വര്‍ പറഞ്ഞത്. ഇപ്പോഴുള്ള ജീവിതത്തില്‍ താന്‍ സന്തോഷവാനാണെന്നും സ്‌പോര്‍ട്‌സില്‍ മാറ്റങ്ങള്‍ സാധാരണമാണെന്നും ഇന്ത്യന്‍ പേസര്‍ വ്യക്തമാക്കി. ആര്‍.സി.ബി പോഡ്കാസ്റ്റിലൂടെ സംസാരിക്കുകയായിരുന്നു ഭുവനേശ്വര്‍ കുമാര്‍.
‘എനിക്ക് ഇപ്പോള്‍ സമാധാനമുണ്ട്. അതിന്റെ പ്രധാനപ്പെട്ട കാരണം എന്റെ കുടുംബമാണ്. വീട്ടില്‍ ഞങ്ങള്‍ ക്രിക്കറ്റിനെ കുറിച്ച് കൂടുതല്‍ സംസാരിക്കാറില്ല. വീണ്ടും ഞാന്‍ ഇന്ത്യന്‍ ടീമിനായി കളിക്കുമോ, എന്നെ എന്തുകൊണ്ട് തെരഞ്ഞെടുത്തില്ല, എന്ത് തെറ്റാണ് സംഭവിച്ചത് തുടങ്ങിയ കാര്യങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യാറില്ല. അതുകൊണ്ടാണ് എനിക്ക് സമാധാനം ലഭിച്ചത്.
അതില്‍ എനിക്ക് യാതൊരു ഖേദവുമില്ല. സ്‌പോര്‍ട്‌സില്‍ മാറ്റങ്ങള്‍ സാധാരണമാണ്. പുതിയ തലമുറയില്‍പ്പെട്ട താരങ്ങള്‍ വരും. ഇങ്ങനെയൊരു സാഹചര്യം നേരിടുന്ന ആദ്യത്തെ താരമല്ല ഞാന്‍. അവസാനത്തേതുമല്ല. ഇതെല്ലം ക്രിക്കറ്റിന്റെ ഭാഗമാണ്. ഈ സമയങ്ങളില്‍ എന്റെ കുടുംബം എനിക്ക് വലിയ പിന്തുണയാണ് നല്‍കിയത്. ഇപ്പോഴുള്ള ജീവിതത്തില്‍ താന്‍ സന്തോഷവനാണ്.
ക്രിക്കറ്റിനോട് ഇഷ്ടം കൊണ്ട് മാത്രമാണ് താന്‍ ഇപ്പോഴും ക്രിക്കറ്റ് കളിക്കുന്നതെന്നും ഭുവി തുറന്നു പറഞ്ഞു.
‘ഞാന്‍ ഇപ്പോഴും ഐ.പി.എല്ലിലും ആഭ്യന്തര ക്രിക്കറ്റിലും കളിക്കുന്നത് എനിക്ക് ക്രിക്കറ്റിനോടുള്ള ഇഷ്ടം കൊണ്ടാണ്. ചെറുപ്പത്തില്‍ ഇന്ത്യക്ക് വേണ്ടി കളിക്കുന്ന സമയങ്ങളില്‍ കളിയെ സ്‌നേഹിക്കാറുണ്ടെന്ന് ഞാന്‍ പറയുമായിരുന്നു. എന്നാല്‍ ഇപ്പോഴാണ് ആ വാക്കുകളുടെ അര്‍ഥം ഞാന്‍ മനസിലാക്കുന്നത്. നമ്മുടെ കണ്‍ട്രോളിലുള്ള കാര്യങ്ങളില്‍ മാത്രം ശ്രദ്ധ നല്‍കണം. അനാവശ്യമായി ചിന്തിക്കേണ്ട, കളിയെ ആസ്വദിച്ച് കളിക്കുക എന്നതിന്റെ അര്‍ഥം ഞാന്‍ ശരിക്കും അനുഭവിക്കുന്നുണ്ട്. ഇപ്പോള്‍ ക്രിക്കറ്റ് കളിക്കുന്നത് മുഴുവനായും ഞാന്‍ ആസ്വദിക്കുകയാണ്,’ ഭുവനേശ്വര്‍ കുമാര്‍ പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി 86 ടി-20 ഇന്നിങ്‌സുകള്‍ കളിച്ച ഭുവി 90 വിക്കറ്റുകളാണ് സ്വന്തം പേരില്‍ കുറിച്ചത്. നാല് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ നേടിയതാണ് ഭുവിയുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം. എന്നാല്‍ 2022 ശേഷം പേസര്‍ക്ക് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചിട്ടില്ല.
2026 ഐ.പി.എല്ലില്‍ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി മികച്ച പ്രകടനമാണ് ഭുവി പുറത്തെടുത്തത്. 16 മത്സരങ്ങളില്‍ കളിച്ച താരം 28 വിക്കറ്റുകളാണ് വീഴ്ത്തിയത്.
സീസണിലെ വിക്കറ്റ് വേട്ടക്കാരുടെ ലിസ്റ്റില്‍ രണ്ടാമനായിരുന്നു ഭുവി. 7.95 എക്കോണമിയും 17.89 ആവറേജുമാണ് ഫാസ്റ്റ് ബൗളര്‍ക്ക് ഈ സീസണിലുള്ളത്. 2025ലെ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകളും ഭുവി നേടിയിട്ടുണ്ട്.
Content Highlight: Bhuvaneshwer Kumar talks about his come back of Indian cricket team