ആനന്ദ് തെല്‍തുംദെയ്ക്ക് ഫെബ്രുവരി 22 വരെ അറസ്റ്റില്‍ നിന്നും ഇടക്കാല സംരക്ഷണം
national news
ആനന്ദ് തെല്‍തുംദെയ്ക്ക് ഫെബ്രുവരി 22 വരെ അറസ്റ്റില്‍ നിന്നും ഇടക്കാല സംരക്ഷണം
ന്യൂസ് ഡെസ്‌ക്
Monday, 11th February 2019, 7:51 pm

മുംബൈ: ഭീമ കൊറേഗാവ് കലാപത്തില്‍ പങ്കുണ്ടെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുന്ന അക്കാദമീഷ്യന്‍ ആനന്ദ് തെല്‍തുംദെയുടെ അറസ്റ്റില്‍ നിന്നുള്ള പരിരക്ഷ ഫെബ്രുവരി 22 വരെ നീട്ടി. ബോംബെ ഹൈക്കോടതിയാണ് ആനന്ദിന്റെ ഇടക്കാല സംരക്ഷണത്തെ സംബന്ധിച്ച് ഉത്തരവിറക്കിയത്. ഫെബ്രുവരി 11 വരെയായിരുന്നു തെല്‍തുംദെയ്ക്ക് സുപ്രീം കോടതി അറസ്റ്റില്‍ നിന്നും സംരക്ഷണം നല്‍കിയിരുന്നത്.

ആനന്ദ് തെല്‍തുംദെയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഫെബ്രുവരി 22നാണ് കോടതി പരിഗണിക്കുന്നത്. അറസ്റ്റു ചെയ്യപ്പെട്ടാല്‍ തെല്‍തുംദെയ്ക്ക് ഒരു ലക്ഷം രൂപയുടെ ജാമ്യത്തില്‍ പുറത്തിറങ്ങാമെന്നും കോടതി പറഞ്ഞു. ഫെബ്രുവരി 14, 18 തിയ്യതികളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനും കോടതി തെല്‍തുംദെയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ സുപ്രീം കോടതി തെല്‍തുംദെയ്ക്ക് അറസ്റ്റില്‍ നിന്നും നല്‍കിയ പരിരക്ഷ നിലനില്‍ക്കെ പൂനെ പൊലീസ് തെല്‍തുംദെയെ അറസ്റ്റു ചെയ്തിരുന്നു.

Also Read പശുവിന്‍ പാലിനോടുള്ള കടപ്പാട് തീര്‍ക്കാന്‍ നമുക്കൊരിക്കലും കഴിയില്ല: നരേന്ദ്ര മോദി

എന്നാല്‍ തെല്‍തുംദെയെ അറസ്റ്റ് ചെയ്ത പൂനെ പൊലീസ് നടപടി നിയമവിരുദ്ധമാണെന്നും അദ്ദേഹത്തെ വിട്ടയക്കണമെന്നും പൂനെ സെഷന്‍സ് കോടതി അന്നു തന്നെ ഉത്തരവിട്ടിരുന്നു. അറസ്റ്റ് നടന്നതിന് ശേഷം കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു കോടതി നിലപാട് വ്യക്തമാക്കിയത്.

ഭീമ കൊറേഗാവ് അക്രമത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ശോമ സെന്‍, സുരേന്ദ്ര ഗാദ്‌ലിംങ്ങ്, മഹേഷ് റൗട്ട്, റോണ വില്‍സണ്‍, സുധീര്‍ ധവാലെ എന്നീ ആക്ടിവിസ്റ്റുകളെ 2018 ജൂണില്‍ പുനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പിന്നീട് 2018 ഓഗസ്തില്‍ ഗൗതം നാവ്‌ലഖ, അരുണ്‍ ഫെറൈറ, വെറോണ്‍ ഗോണ്‍സാല്‍വെസ്, സുധ ഭരദ്വാജ്, വരവര റാവു എന്നിവരെയും അറസ്റ്റു ചെയ്തിരുന്നു.

ജനുവരി ഒന്നിന് ഭീമ കൊറേഗാവ് റാലിക്കിടെ മറാത്തകളും ദളിതരും തമ്മിലുള്ളണ്ടായ സംഘര്‍ഷത്തില്‍ പങ്കുണ്ടെന്നാരോപിച്ചായിരുന്നു ഇവരെ അറസ്റ്റു ചെയ്തത്. തെല്‍തുദെയുടെയും സ്റ്റാന്‍ സ്വാമിയുടെ വീട്ടിലും ഓഫീസിലും പൊലീസ് പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇവര്‍ക്ക് നിരോധിത സംഘടനായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാവോയിസ്റ്റ്)യുമായി ബന്ധമുണ്ടെന്നും പൊലീസ് ആരോപിച്ചിരുന്നു.