കൊവിഡില്‍ ഇന്ത്യയുടെ ഇറ്റലിയാകുമെന്ന് ഭയപ്പെട്ട ഭില്‍വാര രണ്ടാഴ്ചക്കുള്ളില്‍ മഹാമാരിയെ തടഞ്ഞുനിര്‍ത്തിയതെങ്ങിനെ…

കൊവിഡ് വ്യാപനം കൂടുന്നതിനിടയിലും ഇന്ത്യക്ക് ആശ്വാസമാകുന്ന ഒരു നാടുണ്ട്, രാജസ്ഥാനിലെ ഭില്‍വാര എന്ന ജില്ല. രാജ്യത്തെ കൊറോണ ഹോട്ട്സ്പോട്ടായി മാറിയ ഭില്‍വാര കൃത്യമായ പദ്ധതികളോടെ, കുറ്റമറ്റ അച്ചടക്ക നടപടികളിലൂടെ പ്രതിരോധത്തിന്റെ വന്മതില്‍ തീര്‍ത്തപ്പോള്‍ കൊറോണ ഒരു പരിധി വരെ പരാജയപ്പെട്ടിരിക്കുകയാണെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കാരണം കഴിഞ്ഞ 10 ദിവസമായി ഒരു പോസറ്റീവ് കേസ് പോലും ഭില്‍വാരയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊവിഡ് ഏറ്റവും കൂടുതല്‍ നാശം വിതച്ച ഇറ്റലിയോടായിരുന്നു അന്താരാഷ്ട്ര മാധ്യമങ്ങള്‍ രാജസ്ഥാനിലെ ഭില്‍വാരയെ ആദ്യം ഉപമിച്ചിരുന്നത്. Bhilwara, India’s Italy in making എന്നായിരുന്നു ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മെഡിക്കല്‍ സൗകര്യങ്ങള്‍ ഒരുക്കിയതില്‍ മാത്രമല്ല, ഭില്‍വാര അഭിനന്ദിക്കപ്പെടുന്നത്, രാജ്യം സമ്പൂര്‍ണ്ണ ലോക്ക് ഡൗണിലേക്ക് നീങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പേ തന്നെ മുഴുവന്‍ ജില്ലയും അടച്ചിട്ട ഭില്‍വാര, ആ ലോക്ക് ഡൗണിലേക്ക് നീങ്ങിയത് എല്ലാ മുന്നൊരുക്കങ്ങളോടും കൂടിയായിരുന്നു. ഇക്കാരണം കൂടിയാണ് ഭില്‍വാരയെ വ്യത്യസ്തമാക്കുന്നത്.

മാര്‍ച്ച 21 ന് രാജസ്ഥാനില്‍ മൊത്തമായി റിപ്പോര്‍ട്ട ചെയ്ത കൊവിഡ് കേസുകളില്‍ പകുതിയിലേറയും ഭില്‍വാരയില്‍ നിന്നായിരുന്നു. അതിനേക്കാള്‍ ആശങ്കക്ക് വഴിവെച്ചത് രോഗം സ്ഥിരീകരിച്ചവരില്‍ പ്രദേശത്തെ പ്രധാന ആശുപത്രിയിലെ ഡോക്ടര്‍മാരടക്കം ഉള്‍പ്പെട്ടതായിരുന്നു.

സൗദി അറേബ്യയില്‍ നിന്നും മടങ്ങിയെത്തിയ ബ്രിജേഷ് ബംഗര്‍ മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച മറ്റു അഞ്ച് മെഡിക്കല്‍ സ്റ്റാഫുകളുമായിരുന്നു രോഗം സ്ഥിരീകരിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നത്. ഉടന്‍ തന്നെ ജില്ലാതല സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രതിരോധ നടപടികളിലേക്ക് നീങ്ങി. ആദ്യം തന്നെ ആശുപത്രിയിലെത്തിയ രോഗികളെയും പോസറ്റീവ് ആയ ഡോക്ടര്‍മാരുടെ അടുത്തെത്തിയ എല്ലാവരെയും കണ്ടെത്തി ക്വാറന്റൈനിലാക്കി. ആ രോഗികളുടെ റൂട്ട് മാപ്പ് തയ്യാറാക്കി ബന്ധപ്പെട്ട എല്ലാവരെയും നിരീക്ഷണത്തിന് കീഴിലാക്കി. അങ്ങിനെ ദ്രുതഗതിയില്‍ പ്രവര്‍ത്തിച്ച ഒട്ടേറെ നടപടികള്‍.

കൊറോണക്കെതിരെയുള്ള ഭില്‍വാരയുടെ പോരാട്ടത്തിന്റെ നാള്‍വഴികളിലേക്ക്

മാര്‍ച്ച് 21

ഇന്ത്യയിലെ പ്രധാന ടെക്സ്റ്റെല്‍ വ്യവസായ മേഖലയായ ഭില്‍വാരയില്‍ ആദ്യം തന്നെ നടപ്പാക്കിയത് 10ല്‍ കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്ന എല്ലാ കമ്പനികളും അടച്ചിടുക എന്നതായിരുന്നു. 20ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന എല്ലാ മതചടങ്ങുകള്‍ക്കും പൊതുപരിപാടികള്‍ക്കും വിലക്കേര്‍പ്പെടുത്തി. അതേസമയം തന്നെ ഡോര്‍ ടു ഡോര്‍ സ്‌ക്രീനിംഗും ആരംഭിച്ചു. വലിയൊരു വ്യവസായ മേഖലയായ പ്രദേശം ഇത്തരത്തിലേക്കുള്ള ലോക്ക ഡൗണിലേക്ക് നീങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നം നേരിടേണ്ടി വരുന്നത് അവിടങ്ങളിലെ തൊഴിലാളികള്‍ തന്നെയാണ്. അതിനാല്‍ വ്യവസായ സ്ഥാപനങ്ങളിലെ ഉടമസ്ഥരോട് ആളുകളെ പിരിച്ചുവിടാതിരിക്കാനും ശമ്പളം നല്‍കാനുമുള്ള നിര്‍ദേശം നല്‍കുകയും നടപ്പിലായെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മാര്‍ച്ച് 22

ജില്ലക്ക് അകത്തും പുറത്തോട്ടുമുള്ള എല്ലാ പൊതുഗതാഗത സംവിധാനങ്ങളും നിര്‍ത്തിവെച്ചു. ചെക്ക് പോസ്റ്റുകളില്‍ കൂടുതല്‍ പൊലീസുകാരെ നിയമിച്ചു. ഇവര്‍ക്കാവശ്യമായ ടെന്റടക്കമുള്ള സൗകര്യങ്ങള്‍ അന്നുതന്നെ തയ്യാറാക്കി. രോഗികളുടെ എണ്ണം കൂടുകയാണെങ്കില്‍ ഉപയോഗിക്കാനായി ഹോട്ടലുകളിലെയും റിസോര്‍ട്ടുകളിലെയും റൂമുകള്‍ ക്വാറന്റൈന്‍ ബെഡുകള്‍ക്കായും റൂമുകള്‍ക്കായും ഒരുക്കി. ജില്ലയെ പ്രത്യേക സോണുകളായി തിരിച്ച് ഇവിടെയുള്ളവര്‍ക്ക് അവശ്യവസ്തുക്കള്‍ എത്തിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി. ഇതില്‍ കൃഷിക്കാര്‍ക്ക് ആവശ്യമായ വളവും കാലിത്തീറ്റയും വരെ ഉള്‍പ്പെടുന്നു.

മാര്‍ച്ച് 23

ഗസ്റ്റ് ഹൗസുകളിലും മറ്റുമായി അറ്റാച്ചട് ബാത്ത്റൂം സൗകര്യമുള്ള 6000 ക്വാറന്റൈന്‍ റൂമുകള്‍ ഒരുക്കി. ക്വാറന്റൈനിലായവര്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണത്തിനുള്ള സംവിധാനങ്ങളും ഒരുക്കി

മാര്‍ച്ച് 24-26

5 ആശുപത്രികള്‍ കൊവിഡ്-19 ചികിത്സ കേന്ദ്രങ്ങളാക്കി മാറ്റി. ഇവ 24 മണിക്കൂറും യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു. ഈ ദിവസങ്ങള്‍ക്കുള്ളില്‍ കൊറോണയുടെ പ്രഭവ കേന്ദ്രമായി മാറിയ ബ്രിജേഷ് ആശുപത്രിയിലെ ഐ.സി.യുവിലെ എല്ലാ രോഗികളെയും ടെസ്റ്റിംഗിന് വിധേയരാക്കി. ആശുപത്രി സ്റ്റാഫിനെ ക്വാറന്റൈനിലാക്കി. മഹാത്മ ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയുടെ ടെസ്റ്റിംഗ് കപ്പാസിറ്റി ഒറ്റ ദിവസം കൊണ്ട് ഇരട്ടിയാക്കി.

മാര്‍ച്ച് 28-30

സര്‍വേ നടത്തി രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തി ക്വാറന്റൈനിലാക്കി. ഇവര്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കാന്‍ പ്രത്യേകം സംഘങ്ങളെ നിയോഗിച്ചു. രണ്ടാം ഘട്ട ടെസ്റ്റിംഗ് ആരംഭിച്ചു. ഭില്‍വാര ജില്ലയിലെ 92% ആളുകളെയും ഇതുവരെ കൊവിഡ് ടെസ്റ്റിംഗ് നടത്തിയിട്ടുണ്ട്. അതായത് 2.2 മില്യണ്‍ ആളുകളെ. ഒപ്പം നാട്ടിലേക്ക് തിരിച്ചെത്തുന്ന എല്ലാവരെയും ടെസ്റ്റിംഗിന് വിധേയരാക്കി. ഓരോ ഗ്രാമത്തിലും പ്രാഥമിക ആരോഗ്യപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിക്കൊണ്ട് കൊറോണ ഫൈറ്റ്‌സ് ടീം രൂപീകരിച്ചു.

മാര്‍ച്ച് 31

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും ഏപ്രില്‍ 15 വരെയും കര്‍ക്കശ നിയന്ത്രണങ്ങള്‍ തുടരുകയാണ് ഭില്‍വാര. ലോക്ക് ഡൗണില്‍ ജനജീവിതത്തിന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാന്‍ അവശ്യ സേവനങ്ങളെല്ലാം സുഗമമായി നടത്താനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഏപ്രില്‍ 3ന് മൂന്നാം ഘട്ട സര്‍വേക്കും ടെസ്റ്റിംഗിനും ഭില്‍വാര തയ്യാറെടുക്കുകയും ചെയ്തു.

കൊറോണ ഹോട്ടസ്‌പോട്ടായി മാറിയ ശേഷം രണ്ടാഴ്ചക്കുള്ളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്ന തരത്തിലേക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങളെ എത്തിക്കാന്‍ സാധിച്ച ഇന്ത്യയിലെ ആദ്യ ജില്ല കൂടിയാണ് ഭില്‍വാര. മാര്‍ച്ച് 31 വരെ റിപ്പോര്‍ട്ട് ചെയ്ത 27 കേസുകളല്ലാതെ, കഴിഞ്ഞ ദിവസങ്ങളിലൊന്നും പുതിയ ഒരു കേസ് പോലും ഭില്‍വാരയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ച ഭില്‍വാര ജില്ലാ കളക്ടറായ രാജേന്ദ്ര ഭട്ടിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. എങ്കിലും ആശ്വസിക്കാനും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കാനുമുള്ള സമയമായിട്ടില്ലെന്നാണ് രാജേന്ദ്ര ഭട്ട് പറയുന്നത്. ‘മെയ് 1 വരെ നമുക്ക് കാത്തിരിക്കാം. എങ്കില്‍ മാത്രമേ കൊറോണ വൈറസിനെ പൂര്‍ണ്ണമായും ഭില്‍വാരയില്‍ നിന്നും ഇല്ലാതാക്കി എന്ന് ഉറപ്പിക്കാന്‍ കഴിയൂ. മൂന്ന് ഘട്ടമായുള്ള ഐസോലേഷനും ടെസ്റ്റിംഗും ക്വാറന്റൈനും പൂര്‍ത്തിയായാല്‍ മാത്രമേ നമുക്ക് ഈ വിജയം പൂര്‍ണ്ണമായും ആഘോഷിക്കാനാകൂ.’

ഭില്‍വാര ജില്ലാ ഭരണകേന്ദ്രം വിജയം ഉറപ്പിച്ചിട്ടില്ലെങ്കിലും, 7000ത്തിലേറെ കേസുകളും 200ലേറെ മരണസംഖ്യമായി നില്‍ക്കുന്ന ഇന്ത്യക്ക്, കൊവിഡ് വ്യാപനം തടയാനുള്ള മികച്ച മാതൃകയാണ് ഭില്‍വാര എന്നുതന്നെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്.