ബിഗ് എംസ് മാപ്പാക്കാണം... 2026 പകുതിയായപ്പോള്‍ മലയാളത്തിലെ കിടിലന്‍ പെര്‍ഫോമന്‍സില്‍ ഇരുവരുമില്ല, പ്രേക്ഷകരെ ഞെട്ടിച്ച് സുഭാഷും സേതുവും വിനീതും
Malayalam Cinema
ബിഗ് എംസ് മാപ്പാക്കാണം... 2026 പകുതിയായപ്പോള്‍ മലയാളത്തിലെ കിടിലന്‍ പെര്‍ഫോമന്‍സില്‍ ഇരുവരുമില്ല, പ്രേക്ഷകരെ ഞെട്ടിച്ച് സുഭാഷും സേതുവും വിനീതും
അമര്‍നാഥ് എം.
Thursday, 25th June 2026, 2:36 pm

മലയാളസിനിമയെ സംബന്ധിച്ച് സ്വപ്‌നതുല്യമായ വര്‍ഷമാണ് 2026. ബോക്‌സ് ഓഫീസ് പ്രകടനത്തിലും മികച്ച കണ്ടന്റുകളുടെ കാര്യത്തിലും ഒരുപിടി മികച്ച സിനിമകള്‍ 2026 പകുതിയായപ്പോള്‍ തന്നെ പ്രേക്ഷകരിലേക്കെത്തിയത്. രണ്ട് 200 കോടി ചിത്രങ്ങളും ഗംഭീര കണ്ടന്റുള്ള ഒരുപിടി സിനിമകളും സിനിമാപ്രേമികളുടെ മനസ് നിറച്ചു.

പുതിയ വര്‍ഷം ആരംഭിച്ച് ആറ് മാസം പിന്നിടുമ്പോള്‍ ഏറ്റവുമധികം കളക്ഷന്‍ നേടി മുന്നിലെത്തിയത് മോഹന്‍ലാല്‍ നായകനായ ദൃശ്യം 3യാണ്. ബോക്‌സ് ഓഫീസില്‍ 230 കോടിയിലേറെയാണ് ചിത്രം നേടിയത്. ഗ്ലോബല്‍ കളക്ഷനില്‍ മുന്നിലെത്തിയെങ്കിലും കേരളത്തില്‍ നിന്ന് ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയത് വാഴ 2 ആണ്. ഒരുപിടി പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രം കേരളത്തില്‍ നിന്ന് മാത്രം 120 കോടിയിലേറെ സ്വന്തമാക്കി. ആട് 3 100 കോടിയും മോഹിനിയാട്ടം 50 കോടിയും നേടി സര്‍പ്രൈസ് ഹിറ്റായി.

ദൃശ്യം 3 Photo: Aashirvad Cinemas

പ്രകടനങ്ങളുടെ കാര്യത്തിലേക്ക് വന്നാല്‍ സീനിയര്‍ താരങ്ങളെ സൈഡാക്കി ജൂനിയര്‍മാര്‍ അഴിഞ്ഞാടുന്നത് ഈ ആറ് മാസത്തിനുള്ളില്‍ കാണാന്‍ സാധിച്ചു. പേട്രിയറ്റില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തിയപ്പോള്‍ പ്രതീക്ഷക്കൊത്ത പ്രകടനം ലഭിച്ചില്ലെങ്കിലും ദൃശ്യം 3ല്‍ മോഹന്‍ലാല്‍ എന്ന പെര്‍ഫോമര്‍ ഒറ്റക്ക് ആ സിനിമയെ താങ്ങിനിര്‍ത്തി.

എന്നാല്‍ പ്രകടനം കൊണ്ട് ഞെട്ടിച്ചവരില്‍ മുന്‍പന്തിയിലുള്ളത് കുഞ്ചാക്കോ ബോബനാണ്. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ അണിയിച്ചൊരുക്കിയ ഒരു ദുരൂഹ സാഹചര്യത്തിലെ സേതു കുഞ്ചാക്കോ ബോബന്റെ കരിയര്‍ ബെസ്റ്റ് കഥാപാത്രമാണ്. രണ്ടാം പകുതിയില്‍ സംവിധായകന് കഥയെ കൂടുതല്‍ ഡാര്‍ക്കാക്കിയത് സിനിമയെ സാരമായി ബാധിച്ചു.

ഒരു ദുരൂഹ സാഹചര്യത്തില്‍ Photo: Netflix

എന്നിരുന്നാലും സേതുവായും മാര്‍ക്കോസായുമുള്ള കുഞ്ചാക്കോയുടെ പ്രകടനം ഞെട്ടിക്കുന്നതായിരുന്നു. ക്ലൈമാക്‌സിനോടടുത്തുള്ള സീനുകളിലെ പെര്‍ഫോമന്‍സ് ഒ.ടി.ടി റിലീസിന് ശേഷം ചര്‍ച്ചയായി. അടുത്തവര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കു.ബോയ്ക്ക് ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് പലരും അഭിപ്രായപ്പെടുന്നു.

മുകുന്ദനുണ്ണി അസോസിയേറ്റ്‌സിന് ശേഷം അഭിനവ് സുന്ദര്‍ നായക് അണിയിച്ചൊരുക്കിയ മോളിവുഡ് ടൈംസാണ് അടുത്ത ചിത്രം. ബോക്‌സ് ഓഫീസില്‍ കാര്യമായ മുന്നേറ്റം നടത്താന്‍ ചിത്രത്തിന് സാധിച്ചില്ലെങ്കിലും നായകനായ നസ്‌ലെന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. തന്റെ സമപ്രായക്കാരായ മറ്റൊരു യുവതാരത്തിനും ആലോചിക്കാന്‍ പറ്റാത്ത റേഞ്ചിലാണ് നസ്‌ലെന്‍ വിനീത് മാധവനെ അവതരിപ്പിച്ചത്.

നസ്‌ലെന്‍ Photo: Screen grab/ Sony Music Malayalam

മോഹിനിയാട്ടത്തില്‍ ജൂനിയര്‍ സുഭാഷായി വേഷമിട്ട ബേബി ജീനാണ് ഈ വര്‍ഷം ഞെട്ടിച്ച മറ്റൊരു താരം. റാപ് സോങ്ങുകളിലൂടെ ശ്രദ്ധ നേടിയ ബേബി ജീന്‍ ക്യാമറക്ക് മുന്നിലെത്തുന്ന രണ്ടാമത്തെ ചിത്രമാണ് മോഹിനിയാട്ടം. അപാരമായ കോമഡി ടൈമിങ് കൊണ്ട് സിനിമയിലുടനീളം സ്‌കോര്‍ ചെയ്യാന്‍ ബേബി ജീനിന് സാധിച്ചിട്ടുണ്ട്.

ബേബി ജീന്‍ Photo: Screen grab/ Netflix India

വാഴ 2ലെ ഹാഷിര്‍, ആശാനിലെ ഇന്ദ്രന്‍സ് എന്നിവരുടെ പ്രകടനവും മികച്ചതായിരുന്നെന്ന് പലരും അഭിപ്രായപ്പെടുന്നു. 2026 അവസാനിക്കാന്‍ ഇനിയും ആറ് മാസമുള്ളതിനാല്‍ ഇതിനെക്കാള്‍ ഗംഭീര പെര്‍ഫോമന്‍സുകള്‍ വരാനുണ്ടെന്നും കമന്റുകളുണ്ട്.

Content Highlight: Best performance from Mollywood so far in this year

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം