malayalam movie
കഥയിലെ രാജകുമാരൻ എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടിയാണ് ഉപയോഗിച്ചത്: ബേണി
മലയാളികൾക്ക് മറക്കാനാവാത്ത ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ച ശ്രദ്ധേയനായ സംഗീതസംവിധായക കൂട്ടുകെട്ടാണ് ബേണി-ഇഗ്നേഷ്യസ്. കള്ളിപ്പൂങ്കുയിലേ, മയിലായ് പറന്നു വാ, കഥയിലെ രാജകുമാരനും, ആവണി പൊന്നൂഞ്ഞാൽ, താമരപ്പൂവിൽ വാഴും, തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം നിർവ്വഹിച്ചത് ഇവരാണ്.
1997-ൽ പ്രിയദർശന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തിലെ താമരപ്പൂവിൽ വാഴും എന്ന ഗാനത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് ബേണി. ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബേണി. Photo. Screen grab/ Youtube
കഥയിലെ രാജകുമാരനും ഗോപകുമാരിയും എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമയിലാണ് ഉപയോഗിക്കാൻ ഇരുന്നതെന്നും, എന്നാൽ ആ ചിത്രത്തിലെ സന്ദർഭത്തിന് അനുയോജ്യമല്ലാത്തതുകൊണ്ടാണ് പിന്നീട് ഒഴിവാക്കേണ്ടി വന്നതെന്നും വെളിപ്പെടുത്തുകയാണ് സംഗീതസംവിധായകൻ ബെർണി
‘ചന്ദ്രലേഖ സിനിമയിലെ താമരപ്പൂവിൽ വാഴും എന്ന ഗാനത്തിന് പകരം ഞാൻ ആദ്യം കൊടുത്തത് കഥയിലെ രാജകുമാരനും ഗോപകുമാരിയും എന്ന പാട്ടായിരുന്നു. ഈ പാട്ട് കേട്ടപ്പോൾ പ്രിയദർശൻ പറഞ്ഞു: നല്ല പാട്ടാണ്, പക്ഷേ ഈ സിനിമയിലെ സന്ദർഭത്തിന് അനുയോജ്യമല്ല. നമുക്കിത് മറ്റൊരു സിനിമയിൽ ഉപയോഗിക്കാം. ആ പാട്ടിന്റെ താളം ചന്ദ്രലേഖയിലെ ആ രംഗത്തിന് ചേരുന്നതായിരുന്നില്ല. അങ്ങനെയാണ് ആ ഗാനം പിന്നെ കല്യാണരാമനിൽ ഉപയോഗിച്ചത്,’ അദ്ദേഹം പറഞ്ഞു.
താമരപ്പൂവിൽ എന്ന പാട്ട് മറ്റ് വാദ്യോപകരണങ്ങളുടെ സഹായമൊന്നുമില്ലാതെ വെറുതെ പാടി കേൾപ്പിച്ച് ഇഷ്ടപ്പെടുകയാണെങ്കിൽ മാത്രം സിനിമയിൽ ഉപയോഗിക്കാം എന്നായിരുന്നു അന്ന് ചിത്രത്തിന്റെ നിർമാതാവായ ഫാസിലും സംവിധായകൻ പ്രിയദർശനും പറഞ്ഞതെന്ന് സംഗീതസംവിധായകൻ ബെർണി ഓർത്തെടുക്കുന്നു.
‘അതിനു ശേഷം കേൾപ്പിച്ച ഗാനമാണ് താമരപ്പൂവിൽ എന്നത്. ആ പാട്ട് കംപോസ് ചെയ്‌യുന്ന സമയത് ഒരു ദിവസം ഫാസിലും പ്രിയനും കൂടി വന്നിട്ട് വളരെ പെട്ടെന്ന് ഒരു പാട്ടുണ്ടാക്കൂ എന്ന് പറഞ്ഞു. തബലയോ വയലിനോ ഒന്നും വേണ്ട, മനസ്സിലുള്ള പാട്ട് വെറുതെ പാടി കേൾപ്പിച്ചാൽ മതിയെന്നായിരുന്നു നിർദേശം. ആ ഒറ്റ വരി മെലഡി ഇഷ്ടപ്പെടുകയാണെങ്കിൽ മാത്രം മുന്നോട്ട് പോകാം എന്നായിരുന്നു അവർ പറഞ്ഞത്,’ അദ്ദേഹം പറഞ്ഞു.
ഒരു ഗാനത്തിന്റെ ഒറ്റ വരി കൊണ്ട് തന്നെ ആളുകളുടെ മനസിലേക്ക് കയറാൻ പറ്റുമോ എന്നതായിരുന്നു പണ്ട് ഫാസിലിനെപ്പോലുള്ള ആളുകളൊക്കെ ശ്രദ്ധിച്ചിരുന്നത് എന്നും ബേണി കൂട്ടിച്ചേർത്തു.
‘ഇന്നൊക്കെ ഒരു പാട്ട് തയ്യാറായാൽ ഇൻസ്ട്രുമെന്റ്സൊക്കെ വച്ച് അടിപൊളിയാക്കി കേൾപ്പിച്ചാലേ ശരിക്കും വർക്കാവൂ. എന്നാൽ പണ്ട് ഫാസിലിക്കയുടെയൊക്കെ പോലുള്ള ആളുകളുടെ രീതി, ഒരു മെലഡി ഗാനം ആയാലും ഒറ്റ വാരി കൊണ്ട് തന്നെ ആളുകളുടെ മനസിൽ കയറാൻ പറ്റുമോ എന്നാണ്. അങ്ങനെ ഞാൻ ആ പാട്ടിന്റെ പല്ലവിയിലെ രണ്ടു വരികൾ കേൾപ്പിച്ചപ്പോൾ തന്നെ അവർക്ക് ഇഷ്ടമായി. ഇന്ന് നമ്മൾ കേൾക്കുന്ന താമരപ്പൂവിൽ എന്ന ഗാനത്തിൽ മറ്റ് ഒരുപാട് രസമുള്ള സംഗീത ഭാഗങ്ങൾ കൂടി ഉണ്ടായിരുന്നു, എന്നാൽ അതിൽ പലതും പിന്നീട് കട്ട് ചെയ്ത് കളഞ്ഞു’, ബേണി പറഞ്ഞു.

താമരപ്പൂവിൽ വാഴും ഗാനം. ചന്ദ്രലേഖ. Photo. Screen grab/ Youtube
Content Highlight: Berny’s memories of the song “Thamarapoovil Vazhum” from the movie Chandralekha
നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം