ബെംഗളൂരുവോ അതോ അഹമ്മദാബാദോ; ഐ.പി.എല്‍ ടിക്കറ്റ് വിഷയത്തില്‍ ബി.സി.സി.ഐയ്‌ക്കെതിരെ ഉപമുഖ്യമന്ത്രി
India
ബെംഗളൂരുവോ അതോ അഹമ്മദാബാദോ; ഐ.പി.എല്‍ ടിക്കറ്റ് വിഷയത്തില്‍ ബി.സി.സി.ഐയ്‌ക്കെതിരെ ഉപമുഖ്യമന്ത്രി
നിഷാന. വി.വി
Sunday, 10th May 2026, 11:41 am

ബെംഗളൂരൂ: നിയമസഭാംഗങ്ങള്‍ക്ക് അധിക ഐ.പി.എല്‍ ടിക്കറ്റുകള്‍ നല്‍കാന്‍ വിസമ്മതിച്ച ബി.സി.സി.ഐ നടപടിയില്‍ അതൃപ്തി അറിയിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി. കെ ശിവകുമാര്‍.

ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന നിര്‍ണായകമായ ഐ.പി.എല്‍ മത്സരങ്ങളുടെ ടിക്കറ്റുകള്‍ ലഭിക്കുന്നില്ലെന്ന വ്യാപക പരാതിയെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

300 ടിക്കറ്റിനായുള്ള അഭ്യര്‍ത്ഥന ബി.സി.സി.ഐക്ക് പ്രശ്‌നമായി മാറിയത് എങ്ങനെയാണെന്നും ശിവകുമാര്‍ ചോദിച്ചു. ഐ.പി.എല്‍ ടിക്കറ്റുകളുടെ 60 ശതമാനവും മറ്റ് സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് വിതരണത്തിനായി നല്‍കുന്നതെന്നും കര്‍ണാടകയുടെ അഭ്യര്‍ത്ഥന അനാവശ്യമായി രാഷ്ട്രീയവത്ക്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ക്കും ക്രിക്കറ്റ് കാണാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ ഞങ്ങളുടെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ടിക്കറ്റ് ലഭിക്കുന്നില്ല. എല്ലാ ടിക്കറ്റുകളും എവിടെപ്പോകുന്നു? ബി.സി.സി.ഐ ഇത് ബെംഗളൂരുവാണോ അതോ അഹമ്മദാബാദാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും ഇവിടുത്തെ ടിക്കറ്റുകള്‍ ഗുജറാത്തിലേക്ക് മാറ്റുകയാണോയെന്നും അദ്ദേഹം ചോദിച്ചു.

‘മത്സരങ്ങള്‍ക്ക് 300 ടിക്കറ്റുകള്‍ മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത് . അത് അവര്‍ക്ക് അത്ര വലിയ പ്രശ്‌നമായി മാറിയിട്ടുണ്ടോ? മറ്റ് സംസ്ഥാനങ്ങളില്‍ വലിയൊരു ശതമാനം ടിക്കറ്റുകളും സര്‍ക്കാരിനാണ് നല്‍കുന്നത്. ഗുജറാത്തില്‍ നിന്നുള്ള ആളുകള്‍ക്ക് ടിക്കറ്റുകള്‍ വേണമായിരുന്നു, അതിനര്‍ത്ഥം കൂടുതല്‍ ബിസിനസ് അവസരങ്ങള്‍ എന്നാണ്. അതുകൊണ്ടാണ് ഐ.പി.എല്‍ ഫൈനല്‍ അഹമ്മദാബാദിലേക്ക് മാറ്റാന്‍ രാഷ്ട്രീയം കളിക്കുന്നത്,’ ശിവകുമാര്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

അഭ്യര്‍ത്ഥന വ്യക്തിപരമായ നേട്ടത്തിനല്ലെന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ ആവശ്യപ്രകാരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി എം.എല്‍.എ വിജയാനന്ദ് കാശപ്പണവര്‍, പ്രതിപക്ഷ നേതാവ് ആര്‍. അശോകന്‍ എന്നിവരുള്‍പ്പെടെ നിരവധി നേതാക്കള്‍ ടിക്കറ്റ് ആവശ്യപ്പെട്ടിരുന്നുവെന്നും ശിവകുമാര്‍ പറഞ്ഞു. ഇപ്പോള്‍ മുഴുവന്‍ കുറ്റവും തന്റെ മേല്‍ ചുമത്തിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘കര്‍ണാടകയുടെ പ്രതിനിധി എന്ന നിലയില്‍, എം.എല്‍.എമാര്‍ ആവശ്യപ്പെട്ടതനുസരിച്ച് മാത്രമേ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂ. എല്ലാ പാര്‍ട്ടികളിലെയും നേതാക്കള്‍ ടിക്കറ്റ് ആവശ്യപ്പെട്ടിരുന്നു. ജെഡി (എസ്) ആഗ്രഹിക്കുന്നില്ലെങ്കില്‍, അവര്‍ക്ക് അവരുടെ നിയമസഭാംഗങ്ങളോട് ടിക്കറ്റ് തിരികെ നല്‍കാന്‍ ആവശ്യപ്പെടാം,’ ശിവകുമാര്‍ പറഞ്ഞു.

ബെംഗളൂരുവില്‍ നടക്കുന്ന പ്ലേ-ഓഫ് മത്സരങ്ങളുടെയും മറ്റ് നിര്‍ണ്ണായക കളികളുടെയും ടിക്കറ്റുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നതായാണ് ഔദ്യോഗിക വിവരം. എന്നാല്‍ സാധാരണക്കാരായ ആരാധകര്‍ക്ക് ടിക്കറ്റ് ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്.

ടിക്കറ്റുകള്‍ വന്‍ തുകയ്ക്ക് കരിഞ്ചന്തയില്‍ വില്‍ക്കപ്പെടുന്നുണ്ടെന്ന ആരോപണം ശക്തമാണ്.
കര്‍ണാടകയിലെ ജനങ്ങള്‍ക്ക് ടിക്കറ്റ് വിതരണത്തില്‍ മുന്‍ഗണന ലഭിക്കുന്നില്ലെന്നും, അധികൃതര്‍ ബെംഗളൂരുവിനെ അവഗണിക്കുകയാണെന്നും ശിവകുമാര്‍ ആരോപിച്ചു

കൂടാതെ തമിഴ്‌നാട് രാഷ്ട്രീയത്തിലെ സംഭവ വികാസങ്ങളെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നും തമിഴ്‌നാട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബെംഗളൂരുവില്‍ വന്നെന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

‘പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കാനും അവിടെ പ്രചാരണം നടത്താനും മാത്രമാണ് ഞാന്‍ തമിഴ്‌നാട്ടില്‍ പോയത്. അതിനപ്പുറം എനിക്ക് ഒരു വിവരവുമില്ല,’ അദ്ദേഹം വ്യക്തമാക്കി.

Content Highlight: Bengaluru or Ahmedabad; Deputy Chief Minister against BCCI on IPL ticket issue

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.