9മാസം ഗർഭിണി ആയിരിക്കുമ്പോൾ കായംകുളം കൊച്ചുണ്ണിയിൽ അഭിനയിച്ചു, ഡെലിവറി ഡേറ്റ് ആയപ്പോൾ ആ കഥാപാത്രത്തെ കൊല്ലേണ്ടി വന്നു : ബീന ആന്റണി
Malayalam Cinema
9മാസം ഗർഭിണി ആയിരിക്കുമ്പോൾ കായംകുളം കൊച്ചുണ്ണിയിൽ അഭിനയിച്ചു, ഡെലിവറി ഡേറ്റ് ആയപ്പോൾ ആ കഥാപാത്രത്തെ കൊല്ലേണ്ടി വന്നു : ബീന ആന്റണി
കെ.എസ് ഷാബിന
Thursday, 25th June 2026, 11:07 am

ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ബീന ആന്റണി. മിനിസ്ക്രീനിലെ ‘അമ്മ’, നായിക, പ്രതിനായിക വേഷങ്ങളിലൂടെ മൂന്ന് പതിറ്റാണ്ടിലേറെയായി ബീന ആന്റണി അഭിനയരംഗത്ത് സജീവമായി നിൽക്കുന്നു.

ഇപ്പോൾ മഞ്ഞുമ്മൽ ബോയ്സ്’ എന്ന സെൻസേഷണൽ ഹിറ്റിന് ശേഷം ചിദംബരം ഒരുക്കിയ ‘ബാലൻ’ എന്ന ചിത്രത്തിലൂടെ വലിയൊരു തിരിച്ചുവരവാണ് ബീന ആന്റണി നടത്തിയിരിക്കുന്നത്. ചിത്രത്തിലെ ‘ഷംനാത്ത’ എന്ന ശക്തമായ കഥാപാത്രം പ്രേക്ഷകരുടെയും സിനിമാമേഖലയിൽ ഉള്ളവരുടെയും വലിയ കയ്യടിയാണ് നേടിക്കൊണ്ടിരിക്കുന്നത്.

ബീന ആന്റണി.Photo:Screengrab/Youtube

ഇപ്പോൾ തന്റെ ആദ്യകാല സീരിയൽ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ബീന ആന്റണി. സീരിയൽ അഭിനയം ആരംഭിച്ചത് മുതൽ ഇതുവരെയും ഒരു ഇടവേള വന്നിട്ടില്ലെന്നും താൻ വളരെ ഇഷ്ടപ്പെട്ട് ചെയ്യുന്ന ജോലി ആണെന്നും അതിനാൽ ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ചും അഭിനയിച്ചിട്ടുണ്ടെന്നും ബീന പറയുന്നു. റിപ്പോർട്ടർ ഫിലിംസിനു നൽകിയ അഭിമുഖത്തിന്റെ സംസാരിക്കുകയായിരുന്നു താരം.

‘എനിക്ക് സീരിയൽ രംഗത്ത് ഇതുവരെ ഒരു ബ്രേക്ക് വന്നിട്ടില്ല. ഒരു സീരിയലിന്റെ ഷൂട്ടിങ് കഴിഞ്ഞ് മൂന്നാം ദിവസമായിരുന്നു എന്റെ കല്യാണം. വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം തന്നെ ഞാൻ വീണ്ടും അഭിനയത്തിൽ ജോയിൻ ചെയ്തു. പിന്നീട് ഗർഭിണിയായപ്പോഴും ഒൻപതാം മാസം വരെ ഞാൻ അഭിനയം തുടർന്നു. ഒൻപതാം മാസം കഴിഞ്ഞ് പത്ത് ദിവസത്തിന് ശേഷമായിരുന്നു എന്റെ ഡെലിവറി ഡേറ്റ്.

 

ബീന ആന്റണി.Photo:MalayalamNews

ആ സമയത്ത് ‘കായംകുളം കൊച്ചുണ്ണി’ എന്ന സീരിയലിൽ അഭിനയിക്കുമ്പോൾ ശാരീരികമായി എനിക്ക് വല്ലാതെ ബുദ്ധിമുട്ട് തോന്നിയിരുന്നു. അതിൽ ‘പടച്ചി പാത്തു’ എന്ന നെഗറ്റീവ് കഥാപാത്രത്തെയായിരുന്നു ഞാൻ അവതരിപ്പിച്ചിരുന്നത്. ആണുങ്ങളെയൊക്കെ അടിക്കുകയും ഓടിക്കുകയും ചെയ്യുന്ന വളരെ പവർഫുൾ ആയൊരു കഥാപാത്രമായിരുന്നു അത്.

എനിക്ക് നടക്കാൻ പോലും ബുദ്ധിമുട്ടായപ്പോൾ, ഡയറക്ടർ പി.സി. വേണുഗോപാൽ പറഞ്ഞു: ‘വേറെ ആരെയും ഈ കഥാപാത്രം ഏൽപ്പിക്കാൻ എനിക്ക് കോൺഫിഡൻസ് ഇല്ല. മറ്റാര് ചെയ്താലും പടച്ചി പാത്തു എന്ന ക്യാരക്ടർ സേഫ് ആകില്ല. അതുകൊണ്ട് ഈ കഥാപാത്രത്തെ കഥയിൽ കൊല്ലുകയേ നിവൃത്തിയുള്ളൂ.’ അങ്ങനെ ആ കഥാപാത്രത്തെ അവസാനം കായംകുളം കൊച്ചുണ്ണി കൊല്ലുന്നതായി ചിത്രീകരിക്കുകയായിരുന്നു.

പിന്നീട് ‘മിന്നുകെട്ട്’, ‘പവിത്രബന്ധം’ എന്നീ സീരിയലുകളിലും ഞാൻ ഗർഭിണിയായിരിക്കുമ്പോൾ ഒൻപത് മാസം വരെ അഭിനയിച്ചു. ‘മിന്നുകെട്ട്’ സീരിയലിൽ ഗർഭാവസ്ഥയിൽ അഭിനയിച്ച ശേഷം, പ്രസവം കഴിഞ്ഞ് കുഞ്ഞുമായി വന്ന് തന്നെയാണ് ഞാൻ വീണ്ടും റീ എൻട്രി നടത്തിയത്.’ – ബീന ആന്റണി പറഞ്ഞു.

Content Highlight:Beena Antony talks  about her acting during Pregnancy

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.