അന്നത്തെ ക്യൂട്ട് പയ്യന്‍ ചിദംബരം അഭിനയത്തില്‍ തിളങ്ങുമെന്ന് കരുതി, പക്ഷേ കുറച്ച് കഴിഞ്ഞപ്പോള്‍ അവന്റെ അഡ്രസ് പോലുമില്ല: ബീന ആന്റണി
Malayalam Cinema
അന്നത്തെ ക്യൂട്ട് പയ്യന്‍ ചിദംബരം അഭിനയത്തില്‍ തിളങ്ങുമെന്ന് കരുതി, പക്ഷേ കുറച്ച് കഴിഞ്ഞപ്പോള്‍ അവന്റെ അഡ്രസ് പോലുമില്ല: ബീന ആന്റണി
അമര്‍നാഥ് എം.
Thursday, 25th June 2026, 5:30 pm

മൂന്ന് പതിറ്റാണ്ടിലേറെയായി മലയാളികള്‍ക്ക് പരിചിതമായ മുഖമാണ് ബീന ആന്റണിയുടേത്. ബാലതാരമായി സിനിമാലോകത്തേക്ക് കടന്നുവന്ന ബീന പിന്നീട് ചെറിയ വേഷങ്ങളില്‍ തന്റെ സാന്നിധ്യമറിയിച്ചു. നിരവധി സീരിയലുകളിലും താരം ഭാഗമായിട്ടുണ്ട്. ഒരിടവേളക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്കുള്ള ബീന ആന്റണിയുടെ തിരിച്ചുവരവാണ് ബാലന്‍.

മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം ചിദംബരം അണിയിച്ചൊരുക്കിയ ചിത്രത്തില്‍ ഷംനത്താ എന്ന കഥാപാത്രത്തെയാണ് ബീന ആന്റണി അവതരിപ്പിച്ചത്. വളരെ കുറഞ്ഞ സ്‌ക്രീന്‍ ടൈമില്‍ മനസില്‍ തങ്ങി നില്‍ക്കുന്ന പ്രകടനമായിരുന്നു ബീന ആന്റണി കാഴ്ചവെച്ചത്. ചിത്രത്തില്‍ അഭിനയിച്ചതിന്റെ അനുഭവത്തെക്കുറിച്ചും ചിദംബരവുമായുള്ള സൗഹൃദത്തെക്കുറിച്ചും സംസാരിക്കുകയാണ് താരം.

ബീന ആന്റണി Photo: Screen grab/ Reporter Films

താന്‍ അഭിനയിച്ച ആലിപ്പഴം എന്ന സീരിയലിന്റെ സെറ്റില്‍ വെച്ചാണ് ചിദംബരത്തെ ആദ്യമായി കണ്ടതെന്ന് ബീന ആന്റണി പറഞ്ഞു. അന്ന് വളരെ ക്യൂട്ടായിട്ടുള്ള കുട്ടിയായിരുന്നു ചിദംബരമെന്നും ഗണപതി അതിലും ചെറുതായിരുന്നെന്നും താരം ഓര്‍ക്കുന്നു. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തിലാണ് ബീന ആന്റണി ഇക്കാര്യം പറഞ്ഞത്.

‘നല്ല ക്യൂട്ടായിട്ടുള്ള ഒരു ചെക്കനായിരുന്നു ചിദംബരം. ഗണപതി അതിലും ചെറുതായിരുന്നു. സതീഷേട്ടന്‍ രണ്ടുപേരെയും കൊണ്ട് സെറ്റില്‍ വരുമായിരുന്നു. ചിദംബരം അഭിനയിക്കുന്ന സമയത്ത് ഗണപതി മാറിനിന്ന് കളിയായിരിക്കും. അന്ന് ഞാന്‍ കരുതിയത് ചിദബംരം അഭിനയത്തില്‍ വലിയ ഉയരത്തിലെത്തുമെന്നായിരുന്നു.

ചിദംബരം Photo: Reddit

പക്ഷേ, കുറച്ച് കഴിഞ്ഞപ്പോള്‍ അവന്റെ അഡ്രസില്ലാതായി. ഗണപതിയാണെങ്കില്‍ സിനിമയില്‍ നിറഞ്ഞുനിന്നു. ‘പാലും പഴവും’ എന്ന ഒരൊറ്റ പാട്ട് കൊണ്ടാണ് ഗണപതി ക്ലിക്കായത്. പിന്നീട് കുഞ്ഞാലി മരക്കാര്‍ എന്ന സീരിയലില്‍ എന്റെ മകനായിട്ട് അഭിനയിച്ചത് ഗണപതിയാണ്. അന്ന് കണ്ട ചിദംബരമാണ് മഞ്ഞുമ്മല്‍ ബോയ്‌സ് ചെയ്തതെന്ന് എനിക്ക് മനസിലായില്ല. പിന്നീട് ഗണപതിയും ചിദംബരവും ഒന്നിച്ചുള്ള ഫോട്ടോ കണ്ടപ്പോഴാണ് എന്റെ മകനായിട്ട് അഭിനയിച്ച ചിദംബരമാണെന്ന് മനസിലായത്,’ ബീന ആന്റണി പറയുന്നു.

ഒരുപിടി പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിദംബരം ബാലന്‍ അണിയിച്ചൊരുക്കിയത്. പല നാടുകളില്‍ പല പേരുകളില്‍ കഴിയുന്ന ഒരു അമ്മയുടെയും മകന്റയും കഥയാണ് ചിത്രം പറയുന്നത്. പുതുമുഖങ്ങളായ ആദിശേഷന്‍, മുഹമ്മദ് സിനാന്‍, ഫര്‍സാന പാലത്തിങ്കല്‍, ഡോളി ജൂണ്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. ഗംഭീര പ്രതികരണമാണ് ബാലന് എല്ലായിടത്ത് നിന്നും ലഭിക്കുന്നത്.

Content Highlight: Beena Antony shares the shooting experience with Chidambaram

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം