മമ്മൂട്ടിയുടെ സാന്നിധ്യം കൊണ്ട് റിലീസിന് മുമ്പ് തന്നെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ‘ലോ ആൻഡ് ഓർഡർ’. രഞ്ജിത്ത് സംവിധാനം ചെയ്ത് ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രം സെപ്റ്റംബർ 18നാണ് തിയറ്ററുകളിലെത്തിയത്. എന്നാൽ റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ പ്രതീക്ഷിച്ച മുന്നേറ്റം നടത്താൻ ചിത്രത്തിന് സാധിച്ചില്ലെന്നാണ് പുറത്തുവരുന്ന ബോക്സ് ഓഫീസ് കണക്കുകൾ സൂചിപ്പിക്കുന്നത്.

‘ബ്ലാക്ക്’ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ജനപ്രിയ കഥാപാത്രമായ കാരിക്കാമുറി ഷണ്മുഖൻ വീണ്ടും എത്തുന്നു എന്ന റിപ്പോർട്ടും ചിത്രത്തിന്റെ പ്രീ-റിലീസ് ചർച്ചകൾക്ക് പ്രധാന കാരണമായിരുന്നു. 2004ൽ പുറത്തിറങ്ങിയ ‘ബ്ലാക്കി’ലെ ഷണ്മുഖന് വർഷങ്ങൾക്കിപ്പുറവും വലിയ ആരാധക പിന്തുണയുണ്ട്. ഈ കഥാപാത്രത്തിന്റെ തിരിച്ചുവരവ് എങ്ങനെയായിരിക്കും എന്ന ആകാംക്ഷയും ചിത്രത്തെ ചുറ്റിപ്പറ്റിയായിരുന്നു.

ലോ ആൻഡ് ഓർഡർ. Photo. IMDb

 

എന്നാൽ തിയറ്ററിലെത്തിയതിന് പിന്നാലെ ചിത്രം ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കിയില്ല. ബോക്സ് ഓഫീസ് ട്രാക്കറുടെ കണക്കുപ്രകാരം ‘ലോ ആൻഡ് ഓർഡർ’ ഇതുവരെ ആഗോളതലത്തിൽ ഏകദേശം 1.08 കോടി ഗ്രോസ് മാത്രമാണ് നേടിയിരിക്കുന്നത്. ഇതിൽ കേരളത്തിൽ നിന്ന് 78 ലക്ഷം ഗ്രോസും ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിൽ നിന്ന് 8 ലക്ഷം ഗ്രോസുമാണ് ലഭിച്ചത്.

വിദേശ കളക്ഷനും കാര്യമായി ഉയർന്നില്ല. മിഡിൽ ഈസ്റ്റിൽ നിന്ന് ഏകദേശം $14.3K, യുകെയിൽ നിന്ന് $8K, മറ്റ് വിദേശ വിപണികളിൽ നിന്ന് $1K എന്നിങ്ങനെയാണ് കണക്കുകൾ. ആകെ ഓവർസീസ് ഗ്രോസ് ഏകദേശം ₹22.2 ലക്ഷം മാത്രമാണ്.

ലോ ആൻഡ് ഓർഡർ. Photo. Screen Grab/ Youtube

ഇതോടെ റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോഴും ചിത്രം പ്രതീക്ഷിച്ച ബോക്സ് ഓഫീസ് നേട്ടത്തിലേക്ക് എത്താത്ത സാഹചര്യമാണ്. നിലവിലെ കളക്ഷൻ കണക്കുകൾ അടിസ്ഥാനമാക്കി ട്രാക്കർമാർ ചിത്രം ഡിസാസ്റ്ററിലോട്ട് നീങ്ങുകയാണെന്നും വിലയിരുത്തുന്നു. മമ്മൂട്ടിയുടെ സാന്നിധ്യം ഉൾപ്പെടെ റിലീസിന് മുമ്പുണ്ടായിരുന്ന പ്രതീക്ഷകൾക്കൊത്ത ഒരു തിയറ്റർ വിജയം സ്വന്തമാക്കാൻ ‘ലോ ആൻഡ് ഓർഡറി’ന് സാധിച്ചില്ലെന്നാണ് ഇപ്പോഴത്തെ ബോക്സ് ഓഫീസ് കണക്കുകൾ വ്യക്തമാക്കുന്നത്.

Content Highlight: Law and order movie box office collection