ബംഗളൂരു: സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷവുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിഷമമേറിയ സാഹചര്യങ്ങള്‍ നേരിടാനുള്ള ധൈര്യം സമ്പാദിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമരസ്വാമിക്ക് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഉപദേശം. കൂട്ടുമന്ത്രിസഭ നയിക്കുന്നതില്‍ താന്‍ ഒട്ടും സന്തോഷവാനല്ലെന്ന കുമാരസ്വാമിയുടെ പരാമര്‍ശത്തിനു പിന്നാലെയാണ് ഖാര്‍ഗെയുടെ പ്രസ്താവന.
“കൂട്ടു മന്ത്രിസഭ മുന്നോട്ടു കൊണ്ടുപോകുന്നത് വലിയ പ്രശ്‌നം തന്നെയാണ്. അത് നേരിടുകയല്ലാതെ വേറെ വഴിയൊന്നുമില്ല. വികാരങ്ങള്‍ അതേപടി പ്രകടിപ്പിക്കുന്നത് മതനിരപേക്ഷപ്പാര്‍ട്ടികളെ ജയിപ്പിച്ച ജനങ്ങള്‍ക്ക് നല്ല സന്ദേശമല്ല നല്‍കുക. ഇത്തരം സന്ദര്‍ഭങ്ങളെ നേരിടാനുള്ള ധൈര്യം കുമാരസ്വാമി സമ്പാദിക്കണം. ജനങ്ങളുടെ ആഗ്രഹം അദ്ദേഹം സഫലീകരിക്കേണ്ടതുണ്ട്.” ഖാര്‍ഗെ മാധ്യമങ്ങളോടു പറഞ്ഞു.
കര്‍ണാടകയിലെ കൂട്ടു മന്ത്രിസഭ മുന്നോട്ടു കൊണ്ടു പോകുന്നതിന്റെ വേദന താന്‍ അനുഭവിക്കുകയാണെന്ന് കഴിഞ്ഞ ദിവസം കുമാരസ്വാമി പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞിരുന്നു.
“എന്നെ അഭിനന്ദിക്കാന്‍ ആളുകള്‍ പൂച്ചെണ്ടുകളുമായി കാത്തുനില്‍ക്കുകയാണ്. അവരിലൊരാള്‍ മുഖ്യമന്ത്രിയായതില്‍ സന്തോഷിക്കുകയാണവര്‍. എന്നാല്‍ ഞാന്‍ സന്തോഷവാനല്ല.” കുമാരസ്വാമി പറഞ്ഞിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മുന്‍ പ്രധാനമന്ത്രിയായ പിതാവ് എച്ച്.ഡി. ദേവഗൗഡയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനുമാണ് താന്‍ അധികാരത്തിലേറിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ദിവസങ്ങള്‍ നീണ്ടു നിന്ന രാഷ്ട്രീയ നാടകത്തിനൊടുവിലയിരുന്നു കോണ്‍ഗ്രസ്സും ജനതാദളും ചേര്‍ന്ന് കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനായി ഒന്നിച്ചത്.
