നോ ബോളിന് കടുത്ത ശിക്ഷ; ആഭ്യന്തര ക്രിക്കറ്റില്‍ നിയമഭേദഗതിയുമായി ബി.സി.സി.ഐ
Cricket
നോ ബോളിന് കടുത്ത ശിക്ഷ; ആഭ്യന്തര ക്രിക്കറ്റില്‍ നിയമഭേദഗതിയുമായി ബി.സി.സി.ഐ
ശ്രീരാഗ് പാറക്കല്‍
Wednesday, 22nd July 2026, 11:13 am

ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ പുതിയ നിയമഭേദഗതികളുമായി ബി.സി.സി.ഐ. മനപൂര്‍വം ഫ്രണ്ട്-ഫുട്ട് നോ-ബോള്‍ അല്ലെങ്കില്‍ അപകടകരമായ നോണ്‍-ലാന്‍ഡിങ് (ഫുള്‍ ടോസ്) ഡെലിവറി എറിയുന്ന ബൗളര്‍മാര്‍ക്ക് ഇനി മത്സരത്തിന്റെ ശേഷിക്കുന്ന ഭാഗം മുഴുവന്‍ വിലക്ക് നേരിടേണ്ടിവരും. നിലവില്‍ അതത് ഇന്നിങ്സില്‍ മാത്രമായിരുന്നു ഈ വിലക്ക്.

ഓഗസ്റ്റ് ഒന്ന് മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും. ഒക്ടോബര്‍ ഒന്ന് മുതല്‍ നിലവില്‍ വരാനിരിക്കുന്ന എം.സി.സി നിയമഭേദഗതികള്‍ക്ക് അനുസൃതമായാണ് ബി.സി.സി.ഐയുടെ തീരുമാനം.

മാത്രമല്ല മള്‍ട്ടി ഡേ മത്സരങ്ങളില്‍ (രഞ്ജി ട്രോഫി ഉള്‍പ്പെടെ) ദിവസത്തെ അവസാന ഓവറിനിടെ വിക്കറ്റ് വീണാലും ആ ഓവര്‍ പൂര്‍ത്തിയാക്കിയ ശേഷമേ കളി അവസാനിപ്പിക്കൂ. അവസാന ഓവറില്‍ പുതിയ ബാറ്ററെ ഇറക്കുന്നത് ഒഴിവാക്കുന്നത് തടയാനാണ് ഈ മാറ്റം.

ഇതോടൊപ്പം വിക്കറ്റ് കീപ്പറുടെ സ്ഥാനവുമായി ബന്ധപ്പെട്ട നിയമവും ബി.സി.സി.ഐ പരിഷ്‌കരിച്ചു. ഇനി പന്ത് റിലീസ് ചെയ്യുന്ന നിമിഷത്തില്‍ മാത്രം കീപ്പര്‍ ശരിയായ സ്ഥാനത്തുണ്ടായാല്‍ മതി. റണ്‍-അപ്പിനിടെ ഗ്ലൗസ് സ്റ്റംപിന് മുന്നിലായാലും അത് നിയമലംഘനമാകില്ല.

ഓവര്‍ത്രോയുടെ നിയമവും ബി.സി.സി.ഐ പുതുക്കി. എം.സി.സിയില്‍ നിന്ന് സ്വീകരിച്ച മറ്റൊരു മാറ്റം ‘ഓവര്‍ത്രോ’ എന്നതിന്റെ നിര്‍വചനവുമായി ബന്ധപ്പെട്ടതാണ്. വിക്കറ്റ് തകര്‍ക്കാനോ, റണ്‍സ് തടയാനോ, റണ്‍ഔട്ട് ശ്രമിക്കാനോ വേണ്ടി നടത്തുന്ന ത്രോയില്‍ നിന്നുണ്ടാകുന്ന അധിക റണ്‍സുകളെയാണ് ഇനി ഓവര്‍ത്രോയായി കണക്കാക്കുക. മിസ്ഫീല്‍ഡും ഓവര്‍ത്രോയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചുള്ള വ്യക്തതയ്ക്കാണ് ബി.സി.സി.ഐ ഈ മാറ്റം വരുത്തുന്നത്.

ഏകദിന ടി-20 മത്സരങ്ങളില്‍ ലെഗ് സൈഡ് വൈഡ് കൂടുതല്‍ കൃത്യമായി വിലയിരുത്താന്‍ ക്രീസില്‍ അധിക മാര്‍ക്കിങ് നിര്‍ബന്ധമാക്കിയതോടൊപ്പം, വൈഡ് നിര്‍ണയവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളും പുതുക്കിയിട്ടുണ്ട്.

Content Highlight: BCCI introduces new rule amendments in Indian domestic cricket

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ