മലയാള സിനിമ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മൾട്ടിസ്റ്റാർ ചിത്രമാണ് അതിരടി. ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൊണ്ടുതന്നെ പ്രഖ്യാപന സമയത്തുതന്നെ സിനിമ വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ റൊമാൻസ് ട്രാക്കിനെക്കുറിച്ച് ബേസിൽ ജോസഫ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ബേസിൽ ജോസഫ്, Photo: YouTube/ Screengrab
ചിത്രത്തിലെ ചില മുഹൂർത്തങ്ങളും കഥാപാത്രത്തിന്റെ ചില സ്വഭാവങ്ങളുമെല്ലാം തന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് ബേസിൽ തുറന്നു പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. സിനിമയിലെ പ്രണയരംഗങ്ങൾ തന്റെ കോളേജ് കാലത്തെ അനുഭവങ്ങളിൽ നിന്ന് രൂപപ്പെട്ടതാണെന്നും ബേസിൽ വ്യക്തമാക്കി.
‘ഈ കഥാപാത്രത്തിന്റെ ചില ഷേഡ്സ് എന്നിൽ നിന്ന് എടുത്തിട്ടുണ്ട്. എന്റെ ജീവിതത്തിൽ നടന്ന ഒരു ഇവന്റും സിനിമയ്ക്ക് ഇൻസ്പിരേഷനായിരുന്നു. പിന്നീട് അതിനെ പൂർണമായും ഫിക്ഷണലൈസ് ചെയ്തു. സിനിമയിലെ റൊമാൻസ് ട്രാക്ക് എന്റെ കോളേജ് ലൈഫിൽ നിന്നുള്ളതാണ്. എലിസബത്തിന്റെ ക്യാരക്ടറാണ് ഇതിൽ റിയ ചെയ്യുന്നത്,’ എന്നാണ് ബേസിൽ ജോസഫ് പറഞ്ഞത്.
ചിത്രത്തിൽ റിയ ഷിബു അവതരിപ്പിക്കുന്ന സ്വാതി എന്ന കഥാപാത്രവും ബേസിൽ ജോസഫിന്റെ കഥാപാത്രവും തമ്മിലുള്ള കോംബോ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്
ബേസിൽ ജോസഫ് ഭാര്യ എലിസബത്തിനൊപ്പം, Photo: Basil joseph/ Screengrab
ഇരുവരും ഒന്നിച്ചെത്തുന്ന ‘ഇഫ് യു നോ യു നോ’ എന്ന ഗാനവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഗാനത്തിലെ രസകരമായ കെമിസ്ട്രിയും യുവത്വം നിറഞ്ഞ അവതരണവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
അതേസമയം, വലിയ താരനിരയുമായി എത്തുന്ന അതിരടി ബേസിൽ ജോസഫ് ആദ്യമായി നിർമാതാവാകുന്ന ചിത്രം കൂടിയാണ്. ആക്ഷനും കോമഡിയും ഒരുമിക്കുന്ന ഒരു പൂർണ എന്റർടെയ്നറായിരിക്കും ചിത്രം എന്ന സൂചനകളാണ് ഇതിനോടകം പുറത്തുവന്ന പ്രമോഷൻ മെറ്റീരിയലുകൾ നൽകുന്നത്. മെയ് 14നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.