‘ജാന്‍ എ മന്‍’, ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്നീ ചിത്രങ്ങളുടെ വമ്പന്‍ വിജയങ്ങള്‍ക്ക് ശേഷം ചിദംബരം സംവിധാനം ചെയ്ത ‘ബാലന്‍’ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ആദ്യ ഷോയ്ക്ക് പിന്നാലെ സിനിമയ്ക്ക് ലഭിക്കുന്നത്.
സിനിമ കണ്ട് പുറത്തിറങ്ങിയിട്ടും ‘ഹാങ്ങോവര്‍’ വിട്ടുമാറുന്നില്ലെന്നാണ് ആദ്യ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.
‘മഞ്ഞുമ്മല്‍ ബോയ്‌സി’ലൂടെ വിസ്മയിപ്പിച്ച ചിദംബരവും, ‘ആവേശ’ത്തിലൂടെ തിയേറ്റര്‍ പൂരപ്പറമ്പാക്കിയ ജിത്തു മാധവനും ഒന്നിക്കുമ്പോള്‍ എന്താണ് സംഭവിക്കുക? അതിന്റെ കൃത്യമായ ഉത്തരമാണ് ഈ ചിത്രമെന്നും ജിത്തു മാധവന്റെ ഗംഭീരവും ശക്തവുമായ തിരക്കഥയാണ് സിനിമയുടെ നട്ടെല്ലെന്നും ചിലര്‍ പ്രതികരിക്കുന്നു.
വളരെ സാധാരണമായൊരു അമ്മ-മകന്‍ ബന്ധത്തില്‍ തുടങ്ങി പ്രേക്ഷകരെ ഒരു കൊടുംകാറ്റിലേക്ക് വലിച്ചെറിയുന്ന തരത്തില്‍ ആഴത്തിലുള്ള അനുഭവമാണ് സിനിമ സമ്മാനിക്കുന്നതെന്ന് പ്രേക്ഷകര്‍ പറയുന്നു.
ആദ്യ മിനിറ്റുകളിലെ ശാന്തത, പിന്നീട് നമ്മളെ മറ്റൊരു തലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. പ്രേക്ഷകരെ വൈകാരികമായി ബന്ധിപ്പിക്കുകയും അവസാന നിമിഷം വരെ ആകാംക്ഷയില്‍ നിര്‍ത്തുകയും ചെയ്യുന്ന ഗംഭീര കഥപറച്ചിലാണ് ചിത്രത്തിന്റേതെന്നും ചിലര്‍ കുറിച്ചു.
ചിത്രത്തിലെ നായികയായ ഫര്‍സാന മലയാള സിനിമയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നും ഗംഭീര റേഞ്ചിലുള്ള പ്രകടനമാണ് താരം കാഴ്ചവെച്ചിരിക്കുന്നതെന്നും പ്രേക്ഷകര്‍ പറയുന്നു.
ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ എത്തിയ ആദിശേഷിന്റെ പ്രകടനം അതിശയിപ്പിച്ചെന്നും ടൊവിനോയുടെ കഥാപാത്രം ഗംഭീരമായെന്നും ആദ്യ ഷോ കണ്ടിറങ്ങിയവര്‍ അഭിപ്രായപ്പെട്ടു.
ജീന്‍ പോള്‍, ഗിരീഷ് എ.ഡി, ബീന ആന്റണി തുടങ്ങിയവരും അവരുടെ വേഷങ്ങള്‍ ഗംഭീരമാക്കിയെന്നും സുഷിന്‍ ശ്യാമിന്റെ സംഗീതമാണ് ചിത്രത്തിന്റെ ആത്മാവെന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി.
ബാലൻ ദി ബോയ്’.Photo:Screengrab/Youtube
ഷൈജു ഖാലിദ് ഒരുക്കിയ ഫ്രെയിമുകള്‍ സിനിമയുടെ മിടിപ്പായിരുന്നു, ചിത്രത്തിന് വേറിട്ടൊരു ഭംഗി നല്‍കാന്‍ അദ്ദേഹത്തിന്റെ ദൃശ്യങ്ങള്‍ക്ക് കഴിഞ്ഞെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.
അജയന്‍ ചാലിശ്ശേരിയുടെ ആര്‍ട്ടിനും വിവേകിന്റെ എഡിറ്റിങ്ങിനും കയ്യടി ലഭിക്കുന്നുണ്ട്. പ്രേക്ഷകരെ പൂര്‍ണ്ണമായും കഥാപാത്രങ്ങളുടെ ലോകത്തേക്ക് കൊണ്ടുപോയെന്നും ‘കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച സിനിമയെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
ബാലൻ ദി ബോയ്’.Photo:Screengrab/Youtube
മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്ന, ഈ വര്‍ഷം ഇതുവരെ ഇറങ്ങിയതില്‍ വെച്ച് ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായി ‘ബാലന്‍’ ഓര്‍മ്മിക്കപ്പെടും എന്നതില്‍ സംശയമില്ലെന്നാണ് പ്രേക്ഷകരുടെ പ്രതികരണം.
ദയയായും സ്‌നേഹമായും എംപതിയായി പോലും തങ്ങളുടെ ഇടയിലേക്ക് മൂന്നാമത് ഒരാള്‍ കടന്ന് വരരുത് എന്ന് ആഗ്രഹിക്കുന്ന, ഒരുമിച്ചു മാത്രമുള്ള സര്‍വൈവലിന് വേണ്ടി കഥകള്‍ പറഞ്ഞ് പഠിച്ചു ദൂരങ്ങളും ദേശങ്ങളും താണ്ടുന്ന അമ്മയും മകനും മലയാള സിനിമയുടെ ദിശമാറ്റുമെന്നാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്ന എഴുത്തുകളില്‍ പ്രേക്ഷകര്‍ കുറിക്കുന്നത്.