കഴിഞ്ഞ വര്‍ഷമിറങ്ങിയതില്‍ ഏറ്റവും മികച്ച ചിത്രമെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ട സിനിമയായിരുന്നു എക്കോ. ബാഹുല്‍ രമേശിന്റെ തിരക്കഥയില്‍ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണം നേടിയിരുന്നു. സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചതും ബാഹുല്‍ തന്നെയായിരുന്നു.

ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ എഴുതിവെക്കുന്ന കാര്യങ്ങള്‍ എക്‌സിക്യൂട്ട് ചെയ്യാന്‍ പറ്റുമോ എന്ന തോന്നല്‍ സിനിമ ചെയ്യുമ്പോഴൊന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.

‘എന്നെ കൊണ്ട് എന്തൊക്കെ ഷൂട്ട് ചെയ്യാന്‍ പറ്റും അത് മാത്രമെ ഞാന്‍ എഴുതിയിട്ടുള്ളു. എനിക്കറിയാത്ത കാര്യങ്ങളൊന്നും ഞാന്‍ എവിടെയും ഷൂട്ട് ചെയ്തിട്ടും എഴുതിയിട്ടും ഇല്ല. ഒന്ന് രണ്ട് സിനിമകള്‍ക്ക് ഞാന്‍ ക്ലാഷ് ക്യാമറമാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫോറന്‍സിക്, പ്രീസ്റ്റ് തുടങ്ങിയ സിനിമകളില്‍ ചില അസൗകര്യം കാരണം ക്യാമറമാന്‍ മാറിനില്‍ക്കുമ്പോള്‍ അവര്‍ക്ക് പകരമായിട്ട് ഞാന്‍ ക്യാമറ ചെയ്തിട്ടുണ്ട്.

പ്രീസ്റ്റ് എന്ന സിനിമയില്‍ പട്ടികളൊക്കെ ഇന്‍വോള്‍വ്ഡാകുന്ന കുറച്ച് സീനുകളായിരുന്നു എനിക്ക് ഷൂട്ട് ചെയ്യാനുണ്ടായിരുന്നത്. അന്നാണ് ഞാന്‍ ആദ്യമായി സിനിമയില്‍ പട്ടികളെ വെച്ചിട്ടുള്ള സീന്‍ ഷൂട്ട് ചെയ്തത്. അന്ന് ലഭിച്ച അനുഭവങ്ങളില്‍ നിന്നാണ് കുറെ കാര്യങ്ങള്‍ എനിക്ക് മനസിലായത്.

നായകളെ വെച്ച് എന്തൊക്കെ ചെയ്യാന്‍ പറ്റുമെന്ന കാര്യത്തില്‍ അന്നാണ് എനിക്ക് കുറെ ഐഡിയകള്‍ ഉണ്ടായത്. നായകളെ വെച്ച് പലതരത്തിലുള്ള ഷോട്ട് എങ്ങനെയെടുക്കാന്‍ പറ്റും അവരുടെ ട്രെയ്‌നറുമായി എങ്ങനെ കമ്മ്യൂണിക്കേറ്റ് ചെയ്യണം തുടങ്ങിയ കാര്യങ്ങളൊക്കെ അവിടെ വെച്ചാണ് ഞാന്‍ പഠിച്ചത്,’ ബാഹുല്‍ പറയുന്നു.

എക്കോ എഴുതുമ്പോള്‍ പ്രീസ്റ്റ് സെറ്റിലുണ്ടായ അനുഭവങ്ങള്‍ ഒരുപാട് ഗുണം ചെയ്തുവെന്നും എഴുതിയ കാര്യങ്ങളെ എങ്ങനെ നടത്തിയെടുക്കുമെന്ന കാര്യത്തിലൊന്നും തനിക്ക് പ്രശ്‌നമുണ്ടായില്ലെന്നും ബാഹുല്‍ കൂട്ടിച്ചേര്‍ത്തു. കക്ഷി അമ്മിണിപിള്ള സിനിമ മുതല്‍ തനിക്ക ദിന്‍ജിത്തിനെ അറിയാമെന്നും അതുകൊണ്ട് എല്ലാ സിനിമയിലും കമ്മ്യൂണിക്കേഷന്‍ തങ്ങള്‍ക്ക് എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

ആനിമല്‍ ട്രിളോജിയിലെ അവസാന സിനിമയായെത്തിയ എക്കോയില്‍ നായകള്‍ക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു.

Content Highlight: Bahul Ramesh says the set of the movie Priest helped me in handling dogs