ഫുട്‌ബോള്‍, ടര്‍ഫ്, മന്തി, മൊത്തത്തില്‍ ജഗപൊകയാണ്; എല്‍ ക്ലാസിക്കോയെ കുറിച്ച് ബേബി ജീന്‍
Malayalam Cinema
ഫുട്‌ബോള്‍, ടര്‍ഫ്, മന്തി, മൊത്തത്തില്‍ ജഗപൊകയാണ്; എല്‍ ക്ലാസിക്കോയെ കുറിച്ച് ബേബി ജീന്‍
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 30th June 2026, 4:23 pm

മലയാളികള്‍ക്ക് സുപരിചിതമല്ലാതിരുന്ന റാപ്പ് മ്യൂസിക്കിന് കേരളത്തില്‍ വലിയ പ്രേക്ഷക സ്വീകാര്യത നേടി നല്‍കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച ആര്‍ട്ടിസ്റ്റാണ് ബേബി ജീന്‍ എന്ന ആര്‍ട്ടിസ്റ്റ് നാമത്തില്‍ അറിയപ്പെടുന്ന ഷബീബ് റഹ്‌മാന്‍. കായി എന്ന ഗാനത്തിലൂടെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട ബേബി ജീന്‍ മാര്‍ക്കോയിലെ മാര്‍പാപ്പ, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലെ നിയോണ്‍ റൈഡ് എന്ന ഗാനങ്ങളിലൂടെ മലയാള സിനിമയിലും സജീവമായിരുന്നു. ഗാനരചിയിതാവ്, ഗായകന്‍ എന്നതില്‍ നിന്നും മാറി അഭിനയത്തിലും ബേബി ജീന്‍ അരങ്ങേറ്റം കുറിച്ചിരുന്നു.

2025ല്‍ പുറത്തിറങ്ങിയ ഖാലിദ് റഹ്‌മാന്‍ ചിത്രം ആലപ്പുഴ ജിംഖാനയിലൂടെ ക്യാമറയ്ക്ക് മുമ്പിലേക്കെത്തിയ ബേബി ജീന്‍ വലിയ കൈയടി നേടുന്നത് അടുത്തിടെ പുറത്തിറങ്ങിയ ഭരതനാട്യം 2 മോഹിനിയാട്ടത്തിലൂടെയായിരുന്നു. ചിത്രത്തിലെ സുഭാഷ് ജൂനിയര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ താരത്തിന് പ്രശംസയുമായി ഒരുപാട് പേര്‍ രംഗത്തെത്തിയിരുന്നു.

സുഭാഷ് ജൂനിയര്‍. Photo: Netflix

മോഹിനിയാട്ടത്തിന് ശേഷം താരം അഭിനയിക്കുന്ന പുതിയ ചിത്രമാണ്. എല്‍ ക്ലാസിക്കോ. ടൊവിനോ തോമസിനെയും നസ്രിയ നസീമിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി മൊഹ്‌സിന്‍ പെരാരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വിശേഷങ്ങളെ കുറിച്ച് ബേബി ജീന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം.

‘മൂസിക്കായുടെ എല്‍ ക്ലാസിക്കോ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ ഞാന്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നുണ്ട്. ആ ചിത്രത്തില്‍ രണ്ട് ട്രാക്ക് ചെയ്യുന്നുണ്ട്. മൂസിക്കായുടെ കൂടെ ആ ട്രൈബില്‍ നിന്ന് വര്‍ക്ക് ചെയ്യുമ്പോള്‍ എളുപ്പമാണ്. സ്‌പെസിഫിക്കായിട്ടുള്ള കാര്യങ്ങളൊന്നുമല്ല. നമ്മള്‍ കണ്ടുവളര്‍ന്ന കാര്യങ്ങളും അനുഭവങ്ങളുമെല്ലാം ചിത്രത്തില്‍ സെയിമാണ്. അങ്ങനെയാണ് കണക്ട് ചെയ്യുന്നത്. വേറെ മാനദണ്ഡങ്ങള്‍ ഒന്നും തന്നെയില്ല.

എല്‍ ക്ലാസിക്കോയുടെ സെറ്റില്‍ നിന്നും. Photo: X.com

ആലപ്പുഴ ജിംഖാനയുടെ വേറൊരു വേര്‍ഷനാണ് എല്‍ ക്ലാസിക്കോ. കാരണം ഒരു ഫ്രെയിം വെച്ച് കഴിഞ്ഞാല്‍ കുഞ്ഞാപ്പമാരും, എളേപ്പമാരും മൂത്താപ്പമാരും എല്ലാം അടങ്ങുന്ന കുടുംബത്തിന്റെ ഒരു കഥയാണ്. ഈ ഫുട്‌ബോള്‍ ടര്‍ഫ് പശ്ചാത്തലത്തില്‍ ടര്‍ഫെല്ലാം അടിസ്ഥാനമാക്കി പോകുന്ന ഒരു കഥയാണ്. ഇതുപോലെ തന്നെ എല്ലാവരും ഉള്ളതുകൊണ്ട് നല്ല രസമാണ്,’ ബേബി ജീന്‍ പറഞ്ഞു.

Content Highlight: Baby jean talks about his upcoming movie El clasico movie directed by Mohsin Perari

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.