ആദ്യഭാഗം തിയേറ്ററില്‍ പരാജയമായെങ്കിലും ആ സിനിമയുടെ രണ്ടാം ഭാഗം ബോക്‌സ് ഓഫീസില്‍ വിജയമാക്കുക എന്ന അപൂര്‍വനേട്ടം ഒരിക്കല്‍കൂടി മോളിവുഡില്‍ ആവര്‍ത്തിച്ച ചിത്രമാണ് മോഹിനിയാട്ടം. ഭരതനാട്യം നിര്‍ത്തിയ അതേ പോയിന്റില്‍ നിന്ന് ആരംഭിച്ച ചിത്രം ഇത്തവണ മറ്റൊരു ഴോണറിലാണ് കഥ പറയുന്നത്.
ഫീല്‍ ഗുഡ് ഫാമിലി ഡ്രാമയില്‍ നിന്ന് ഡാര്‍ക്ക് കോമഡിയിലേക്കുള്ള ഴോണര്‍ ഷിഫ്റ്റ് ഗംഭീരമായി തന്നെ സംവിധായകന്‍ അവതരിപ്പിച്ചു. ഡാര്‍ക്ക് കോമഡി സിനിമകളില്‍ മോളിവുഡിലെ ബെഞ്ച്മാര്‍ക്ക് സിനിമയെന്ന് മോഹിനിയാട്ടത്തെ വിശേഷിപ്പിക്കാം. പഴയ കഥാപാത്രങ്ങള്‍ക്കൊപ്പം പുതിയതായി വന്ന ചിലരും പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയിട്ടുണ്ട്.
ബേബി ജീന്‍ Photo: Netflix
അത്തരത്തിലൊരാളാണ് ബേബി ജീന്‍ അവതരിപ്പിച്ച സുഭാഷ്. ആദ്യഭാഗത്തില്‍ കുറുവിലക്കാവിലെ സുഭാഷ് ശശിധരനെയും കുടുംബത്തെയും ടെന്‍ഷനടിപ്പിച്ചതുപോലെ രണ്ടാം ഭാഗത്തില്‍ ടെന്‍ഷനടിപ്പിച്ച കഥാപാത്രമാണ് സുഭാഷ്. തങ്ങളുടെ രഹസ്യം സുഭാഷ് കണ്ടുപിടിക്കുന്നതിന് മുമ്പ് അയാള്‍ക്കിട്ട് വലിയൊരു പണി തന്നെ ശശിധരനും കുടുംബവും കൊടുക്കുന്നുണ്ട്.
തന്നെ കുടുക്കിയതാണെന്നറിഞ്ഞ ശേഷം ശശിധരന്റെ വീട്ടിലേക്ക് സുഭാഷ് ചെല്ലുന്ന സീന്‍ ഇതിനോടകം വൈറലായി. അതുവരെ വന്നുപോയ എല്ലാവരെയും സൈഡാക്കി ബേബി ജീന്‍ അഴിഞ്ഞാടിയ സീനാണ് ഇതെന്ന് പലരും അഭിപ്രായപ്പെടുന്നു. പാതിരാത്രി ശശിധരനെയും കുടുംബത്തെയും വിളിച്ചുണര്‍ത്തിയ ശേഷം ‘ഞാന്‍ സുല്ലിട്ട്’ എന്ന് പറഞ്ഞുതുടങ്ങുന്ന സീന്‍ ഇതിനോടകം സിനിമാപേജുകളില്‍ ചര്‍ച്ചയായിരിക്കുകയാണ്.
ബേബി ജീന്‍ Photo: Netflix
താന്‍ എല്ലാം കണ്ടുപിടിച്ചെന്ന് ശശിധരന്റെ വീട്ടുകാരോട് പറയുമ്പോള്‍ അവര്‍ വളരെ കൂളായിട്ടാണ് തിരിച്ച് പെരുമാറുന്നത്. മൂത്ത അളിയനായ അശോകന്‍ ‘നീ പോയി കിടന്നുറങ്ങാന്‍ നോക്ക്, ഞങ്ങള്‍ക്ക് ഒരു സിനിമ കണ്ടിട്ട് ഉറങ്ങാനുള്ളതാ’ എന്ന് പറയുമ്പോള്‍ ‘ഇതൊക്കെ എന്ത് ദ്രോഹാടോ, സത്യം നമുക്ക് രണ്ട് കൂട്ടര്‍ക്കും അറിയാവുന്നതല്ലേ’ എന്ന് നിസഹായമായി ചോദിക്കുകയാണ്.
‘പോസ്റ്ററൊക്കെ അടിച്ച സ്ഥിതിക്ക് നിന്റെ മാമന്‍ തിരിച്ചുവരും’ എന്ന് ഗോപന്‍ പറയുമ്പോള്‍ ‘പിടിച്ച മീറ്ററീന്ന് ഒരിഞ്ച് മാറരുത് ട്ടാ’ എന്ന സുഭാഷിന്റെ ഡയലോഗ് തിയേറ്ററിലും ഒ.ടി.ടിയിലും ഒരുപോലെ ഹിറ്റായി. കഥ നടക്കുന്ന ശ്രീകണ്ഠപുരത്തെ സ്ലാങ്ങുമായി ചേരാത്ത ഡയലോഗ് ഡെലിവറിയാണെങ്കിലും അത് ഒരു തരത്തിലും കല്ലുകടിയായി തോന്നാത്തത് ബേബി ജീനിന്റെ കഴിവാണ്.
മോഹിനിയാട്ടം Photo: Netflix
വിനയ് ഫോര്‍ട്ട് അവതരിപ്പിച്ച സി.ഐ പാര്‍ത്ഥന്റെ കൈയില്‍ അകപ്പെടുമ്പോഴും കൂളായിട്ടുള്ള സുഭാഷിന്റെ ആറ്റിറ്റിയൂഡും ചര്‍ച്ചയാകുന്നുണ്ട്. വളരെ സീരിയസായിട്ടുള്ള സീനുകളില്‍ ചെറിയ ചില നോട്ടം കൊണ്ട് പോലും സുഭാഷ് എന്ന കഥാപാത്രം ചിരി പടര്‍ത്തുകയാണ്. ബേബി ജീനിലെ നടനെ മലയാളസിനിമ ഇനിയും എക്‌സ്‌പ്ലോര്‍ ചെയ്യണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
Content Highlight: Baby Jean performance in Mohiniyattam movie getting appreciation after OTT release