പാകിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും നിരാശപ്പെടുത്തി പാക് നായകന്‍ ബാബര്‍ അസം. ആദ്യ ഇന്നിങ്‌സില്‍ പത്ത് പന്തില്‍ എട്ട് റണ്‍സ് നേിടയ ബാബര്‍ രണ്ടാം ഇന്നിങ്‌സില്‍ എട്ട് പന്തില്‍ ആറ് റണ്‍സ് നേടിയാണ് പുറത്തായത്.
ലോര്‍ഡ്‌സില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ആതിഥേയര്‍ ഉയര്‍ത്തിയ 389 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്നതിനിടെയാണ് ബാബറിന്റെ മോശം പ്രകടനം. നാലാമനായി ക്രീസിലെത്തി ജോഫ്രാ ആര്‍ച്ചറിന്റെ പന്തില്‍ ജോര്‍ദന്‍ കോക്‌സിന് ക്യാച്ച് നല്‍കിയായിരുന്നു ബാബറിന്റെ മടക്കം.
ഇതോടെ അന്താരാഷ്ട്ര റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഒരു സെഞ്ച്വറിക്കായുള്ള ബാബര്‍ അസമിന്റെ കാത്തിരിപ്പ് തുടരുകയാണ്.
2022 ഡിസംബറില്‍ ഒടുവില്‍ സെഞ്ച്വറി നേടിയ ശേഷം കാലമിത്രയായിട്ടും പാകിസ്ഥാന്‍ പ്രൊഡ്യൂസ് ചെയ്ത എക്കാലത്തെയും മികച്ച താരങ്ങളില്‍ പ്രധാനിയായ ബാബര്‍ അസമിന് ഒരു ടെസ്റ്റില്‍ മൂന്നക്കം കാണാനായിട്ടില്ല.
അന്ന് കറാച്ചിയില്‍ ന്യൂസിലാന്‍ഡിനെതിരെ 363 പന്ത് നേരിട്ട് 161 റണ്‍സാണ് താരം സ്വന്തമാക്കിയത്.
അതിന് ശേഷം ഹോം ഗ്രൗണ്ടിലും എവേ ഗ്രൗണ്ടിലുമായി 38 ഇന്നിങ്‌സുകളിലാണ് ബാബര്‍ ബാറ്റേന്തിയത്. എന്നാല്‍ ഇതില്‍ ഒന്നില്‍പ്പോലും ട്രിപ്പിള്‍ ഡിജിറ്റിലെത്താന്‍ താരത്തിന് സാധിച്ചിട്ടില്ല.
നിലവില്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ സെഞ്ച്വറി നേടാതെ ഏറ്റവുമധികം ഇന്നിങ്‌സുകള്‍ കളിക്കുന്ന താരങ്ങളുടെ പട്ടികയില്‍ അഞ്ചാമനാണ് ബാബര്‍.
പട്ടികയില്‍ ബാബറിന് മുന്നിലുള്ളവരെല്ലാം തന്നെ ബൗളര്‍മാരാണ്. ശേഷമുള്ളവരില്‍ ഭൂരിഭാഗം താരങ്ങളും പ്യുവര്‍ ബൗളര്‍മാരോ ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ കളിക്കുന്ന താരങ്ങളോ ആണ് എന്നതും ശ്രദ്ധേയമാണ്.
2023ന് ശേഷം ടെസ്റ്റ് സെഞ്ച്വറിയില്ലാതെ ഏറ്റവുമധികം ഇന്നിങ്‌സുകള്‍
(താരം – ടീം – ഇന്നിങ്‌സ് എന്നീ ക്രമത്തില്‍)
മിച്ചല്‍ സ്റ്റാര്‍ക് – ഓസ്‌ട്രേലിയ – 50
പാറ്റ് കമ്മിന്‍സ് – ഓസ്‌ട്രേലിയ – 47
മുഹമ്മദ് സിറാജ് – ഇന്ത്യ – 44
നഥാന്‍ ലിയോണ്‍ – ഓസ്‌ട്രേലിയ – 41
ബാബര്‍ അസം – പാകിസ്ഥാന്‍ – 38*
പ്രഭാത് ജയസൂര്യ – ശ്രീലങ്ക – 36
അതേസമയം, മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ 180 റണ്‍സ് ലീഡ് നേടിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ 208 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 70 പന്തില്‍ 54 റണ്‍ഡസ് നേടിയ ഡാന്‍ ലോറന്‍സിന്റെ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് ആതിഥേയര്‍ മോശമല്ലാത്ത രണ്ടാം ഇന്നിങ്‌സ് സ്‌കോറും വിജയലക്ഷ്യവും പടുത്തുയര്‍ത്തിയത്.
പാകിസ്ഥാന് വേണ്ടി മുഹമ്മദ് അബ്ബാസ് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഖുറാം ഷഹസാദ്, മുഹമ്മദ് അലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 13 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 30 എന്ന നിലയിലാണ്. 23 പന്തില്‍ 11 റണ്‍സുമായി സൗദ് ഷക്കീലും 31 പന്തില്‍ നാല് റണ്‍സുമായി ഷാന്‍ മസൂദുമാണ് ക്രീസില്‍.
ബാബറിന് പുറമെ അസന്‍ അവായിസ് (14 പന്തില്‍ ആറ്), അബ്ദുള്ള (ബ്രോണ്‍സ് ഡക്ക്) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് ഇതിനോടകം നഷ്ടപ്പെട്ടത്.
Content Highlight: Babar Azam has now gone 38 consecutive innings without scoring a Test century