[]പാലക്കാട്: വിവാദ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് നിയമവിരുദ്ധമായി ലൈസന്‍സ് നല്‍കിയതിന് പിന്നല്‍ ബി.ജെ.പി കൗണ്‍സിലറാണെന്ന് പാലക്കാട് നഗരസഭാ ഉദ്യോഗസ്ഥന്‍.
പാലക്കാട് നഗരസഭയിലെ ബി.ജെ.പി കൗണ്‍സിലറായ വി. നടേശന്റെ സമ്മര്‍ദ്ദം മൂലം ലൈസന്‍സ് നല്‍കാന്‍ താന്‍ നിര്‍ബന്ധിതനാവുകയായിരുന്നെന്നാണ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ലൈസന്‍സ് നല്‍കിയതുമായി ബന്ധപ്പെട്ട് തനിക്ക് നേരെ നടപടിയുണ്ടാകുമെന്ന് ഉറപ്പായതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥന്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
വി. നടേശനും സാന്റിയാഗോ മാര്‍ട്ടിനുമായി ബന്ധമുണ്ടെന്ന് നേരത്തേ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. വി. നടേശന്‍ വഴിയാണ് പാലക്കാട് നഗരസഭയിലെ ഇടപാടുകള്‍ സാന്റിയാഗോ മാര്‍ട്ടിന്‍ നടത്തിയത്.
ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം നടന്നു കൊണ്ടിരിക്കേ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ കെട്ടിടത്തിന് തീപ്പിടുത്തമുണ്ടായപ്പോള്‍ സമീപവാസികളോ മാധ്യമപ്രവര്‍ത്തകരോ എത്തുന്നതിന് മുമ്പ് വി. നടേശന്‍ എത്തിയത് അന്ന് തന്നെ ദുരൂഹതയുണര്‍ത്തിയിരുന്നു.
നഗരസഭാ ഉദ്യോഗസ്ഥന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തലിലൂടെ പാലക്കാട്ടെ ബി.ജെ.പി നേതൃത്വവും മാര്‍ട്ടിനും തമ്മിലുള്ള ബന്ധം കൂടുതല്‍ വ്യക്തമായിരിക്കുകയാണ്.
കോണ്‍ഗ്രസും ബി.ജെ.പിയും ചേര്‍ന്ന് ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ 15 കൗണ്‍സിലര്‍മാരുള്ള ബി.ജെ.പി പ്രബല കക്ഷിയാണ്.
സാന്റിയാഗോ മാര്‍ട്ടിന് പാലക്കാട് നഗരസഭയില്‍ നല്‍കിയ ലോട്ടറി ലൈസന്‍സ് റദ്ദാക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ വ്യക്തമാക്കിയിരുന്നു.
നഗരസഭ അറിയാതെ ഉദ്യോഗസ്ഥരാണ് ലൈസന്‍സ് നല്‍കിയത്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരോട് വിശദീകരണം തേടുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
കോണ്‍ഗ്രസ് ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ മാര്‍ട്ടിന്റെ ഭാര്യ ലിമ റോസിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ലോട്ടറി വില്‍പന നടത്താനാണ് ലൈസന്‍സ് നല്‍കിയത്
