എഡിറ്റര്‍
എഡിറ്റര്‍
നടന്‍ ശ്രീനിവാസന്റെ വീടിന് നേരെ കരിഓയില്‍ പ്രയോഗം
എഡിറ്റര്‍
Sunday 10th September 2017 11:31am

കണ്ണൂര്‍: നടന്‍ ശ്രീനിവാസന്റെ വീടിന് നേരെ കരിഓയില്‍ പ്രയോഗം. കണ്ണൂര്‍ കൂത്തുപറമ്പിലെ വീടിന് നേരെയാണ് കരിഓയില്‍ പ്രയോഗം. ഇന്നലെ രാത്രിയോ ഇന്ന് പുലര്‍ച്ചയോടെയോ ആണ് കരിഓയില്‍ പ്രയോഗം ഉണ്ടായിരിക്കുന്നത്

ശ്രീനിവാസനോ കുടുംബമോ ഇവിടെ താമസമില്ല. അതുകൊണ്ട് ആരാണ് ഇതിന് പിന്നില്‍ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇന്ന് രാവിലെയോടെയാണ് ഇത് ചിലരുടെ ശ്രദ്ധയില്‍പ്പെട്ടത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ അനുകൂലിച്ചുള്ള ശ്രീനിവാസന്റെ പ്രസ്താവനക്ക് പിന്നാലെയാണ് കരിഓയില്‍ പ്രയോഗം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

നടന്‍ ദിലീപിനെ പിന്തുണച്ച് നടന്‍ ശ്രീനിവാസന്‍ ഇന്നലെയായിരുന്നു വീണ്ടും രംഗത്തെത്തിയത്. ദിലീപ് ഇത്തരമൊരു മണ്ടത്തരം ചെയ്യില്ലെന്നാണ് താന്‍ കരുതുന്നതെന്നായിരുന്നു ശ്രീനിവാസന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ദിലീപിനെ പിന്തുണയക്കുകയാണോയെന്ന ചോദ്യത്തിന്, പിന്തുണയ്ക്കുകയല്ല, തന്റെ പിന്തുണ ദിലീപിന് ആവശ്യമില്ലെന്നുമായിരുന്നു ശ്രീനിവാസന്റെ മറുപടി. ദിലീപ് അങ്ങനെ ചെയ്യില്ലെന്നത് തന്റെ വിശ്വാസമാണ്. അത് കാലം തെളിയിക്കും. ദിലീപ് തെറ്റുചെയ്തെന്ന് താന്‍ വിശ്വസിക്കുന്നില്ല.

ദിലീപ് സാമാന്യബുദ്ധിയുള്ള ആളാണെന്നാണ് വിശ്വാസം. പോലീസിന്റേയും കോടതിയുടെയും പരിഗണനയില്‍ ഇരിക്കുന്ന വിഷയവുമായതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞദിവസം ദിലീപിനെ പിന്തുണച്ച് നടനും എല്‍എഎയുമായ കെ.ബി. ഗണേഷ് കുമാറും രംഗത്തെത്തിയിരുന്നു. ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ച ഗണേഷ് കുമാര്‍, ദിലീപിന് പിന്തുണയുമായി സിനിമാ മേഖലയിലുള്ളവര്‍ രംഗത്തിറങ്ങണമെന്ന് പറഞ്ഞിരുന്നു.

Advertisement