2013ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം രാജാ റാണിയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് അറ്റ്‌ലീ. 2023ല്‍ പുറത്തിറങ്ങിയ ജവാനില്‍ ഷാരൂഖ് ഖാനെ നായകനാക്കി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച അറ്റ്‌ലീ ഇന്ന് ഇന്ത്യന്‍ സിനിമയിലെ മുന്‍നിര സംവിധായകരിലൊരാളാണ്. പുഷ്പക്ക് ശേഷം കരിയറില്‍ തിളങ്ങി നില്‍ക്കുന്ന അല്ലു അര്‍ജുനെ നായകനാക്കി ഒരുക്കുന്ന റാക്കയാണ് അറ്റ്‌ലീയുടെതായി വരാനിരിക്കുന്ന പുതിയ ചിത്രം.

അറ്റ്‌ലീ. Photo: Cinebuster
പുഷ്പയ്ക്ക് ശേഷം അല്ലുവിന്റേതായി ഒരുങ്ങുന്ന ചിത്രത്തിനായി വലിയ കാത്തിരിപ്പിലാണ് സിനിമാലോകം. സംവിധാനത്തിന് പുറമെ നിര്‍മാതാവെന്ന നിലയിലും അറ്റ്ലീ സിനിമാ മേഖലയില്‍ സജീവമാണ്. അറ്റ്ലീയുടെ ഉടമസ്ഥതയിലുള്ള എ ഫോര്‍ ആപ്പിളിന്റെ ബാനറില്‍ നിര്‍മിച്ച ബത്ത അടുത്തിടെ തിയേറ്ററുകളിലെത്തിയിരുന്നു. വലിയ നിരൂപക പ്രശംസയാണ് ലഭിക്കുന്നതെങ്കിലും ചിത്രത്തിന് തമിഴ്നാട്ടില്‍ വേണ്ടത്ര സ്‌ക്രീനുകള്‍ ലഭിച്ചിരുന്നില്ല. സ്ഥിരം പാറ്റേണില്‍ നിന്നും മാറി മാസ് മസാല എലമെന്റുകളില്ലാതെയെത്തിയ ചിത്രത്തിന്റെ കളക്ഷനെ ഇത് കാര്യമായി ബാധിച്ചിരിക്കുകയാണ്.
ബത്തയുടെ ഭാഗമായി നടത്തിയ പ്രെസ് മീറ്റില്‍ സംസാരിക്കവെ ചിത്രത്തെ ഓസ്‌കാറിന് അയക്കുന്നതിനെ കുറിച്ച് അറ്റ്‌ലീ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ചെറിയ പ്രായത്തില്‍ ഷാരൂഖ് ഖാനെയും വിജയ് സാറിനെയും വെച്ച് സിനിമ എടുക്കണമെന്ന് പറഞ്ഞിരുന്നെങ്കില്‍ തന്നെ നോക്കി എല്ലാവരും ചിരിച്ചേനെയെന്നും എന്നാല്‍ അത് താന്‍ ചെയ്ത പോലെ ഇതും താന്‍ ചെയ്യുമെന്നും അറ്റ്‌ലീ പറയുന്നു.

ബത്ത. Photo: X.com
‘സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഭാവിയില്‍ എസ്.ആര്‍.കെയെയും വിജയ് അണ്ണനെയും വെച്ച് സിനിമ എടുക്കണമെന്ന് പറഞ്ഞിരുന്നെങ്കില്‍ ആളുകള്‍ എന്നെ നോക്കി ചിരിച്ചേനെ. പക്ഷേ ഞാനത് ചെയ്തു. അതുപോലെ തന്നെ ബത്തയെ ഓസ്‌കാറിന് കൊണ്ടുപോകണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ആ അനുഭവം എനിക്ക് ഫീല്‍ ചെയ്യണം. അതിന് വേണ്ടി എന്നെക്കൊണ്ട് ചെയ്യാന്‍ സാധിക്കുന്നതെല്ലാം ഞാന്‍ ചെയ്യും. അവിടെയെത്തിയാല്‍ തീര്‍ച്ചയായും ഞാന്‍ തമിഴിലായിരിക്കും സംസാരിക്കുക. നമ്മളെക്കൊണ്ട് അത് ചെയ്യാന്‍ സാധിക്കും,’ അറ്റ്‌ലീ പറഞ്ഞു.
Content Highlight: Atlee talks about his wish to send Batha to Oscars
