തിയേറ്ററിലെ ക്ലാഷിന് പിന്നാലെ ഒ.ടി.ടിയിലും ഒന്നിച്ച് ഏറ്റുമുട്ടുകയാണ് ദൃശ്യം 3യും അതിരടിയും. കഴിഞ്ഞദിവസമാണ് രണ്ട് ചിത്രങ്ങളും ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചത്. ദൃശ്യം 3യെ ആമസോണ്‍ പ്രൈം ഏറ്റെടുത്തപ്പോള്‍ സോണി ലിവിലൂടെയാണ് അതിരടി സ്ട്രീം ചെയ്യുന്നത്. ഒരു ദിവസത്തെ ഇടവേളയിലാണ് ഇരു സിനിമകളും സ്ട്രീമിങ് ആരംഭിച്ചത്.
മലയാളത്തില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ പണംവാരി ചിത്രമായ ദൃശ്യം 3ക്ക് ഒ.ടി.ടി റിലീസിന് പിന്നാലെ ട്രോള്‍ മഴയാണ് ലഭിക്കുന്നത്. ഇതാദ്യമായാണ് 200 കോടി കളക്ഷന്‍ ലഭിച്ച ഒരു ചിത്രത്തിനെ ഇങ്ങനെ വലിച്ചുകീറുന്നത്. ദൃശ്യം എന്ന വലിയൊരു ബ്രാന്‍ഡിനെ ജീത്തു ജോസഫ് വികലമാക്കിയെന്നാണ് പലരുടെയും കമന്റുകള്‍.
ഒ.ടി.ടിയിലെത്തിയതുമുതല്‍ എയറില്‍ സ്ഥിരതാമസമാക്കിയ ദൃശ്യം 3 കാരണം അതിരടി നൈസായി രക്ഷപ്പെട്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. തിയേറ്ററില്‍ ശരാശരി അഭിപ്രായം നേടി തരക്കേടില്ലാത്ത കളക്ഷന്‍ നേടിയ അതിരടി ഒ.ടി.ടിയിലും സമ്മിശ്ര പ്രതികരണമാണ് സ്വന്തമാക്കുന്നത്. സാംകുട്ടി എന്ന കോളേജ് വിദ്യാര്‍ത്ഥിയും തോട്ട കുട്ടന്‍ എന്ന ഗുണ്ടയും തമ്മിലുള്ള ഈഗോ ക്ലാഷാണ് ചിത്രത്തിന്റെ പ്രമേയം.
അയ്യപ്പനും കോശിയും പോലെ രണ്ടുപേര്‍ തമ്മിലുള്ള ഈഗോ ക്ലാഷിന്റെ കഥപറയുന്ന ധാരാളം സിനിമകള്‍ മലയാളത്തിലുണ്ട്. എന്നാല്‍ ആ സിനിമകള്‍ ഉണ്ടാക്കിയ ഇംപാക്ട് അതിരടിയില്‍ ലഭിച്ചില്ല എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എല്ലാത്തിനും പുറമെ ക്ലൈമാക്‌സിനോടടുത്ത് വരുന്ന ‘അമ്മപുതപ്പേ’ എന്ന പാട്ട് വലിയ ട്രോള്‍ മെറ്റീരിയലായി മാറി.
അതിരടി Photo: Theertha Murali/ Facebook
തന്റെ അമ്മക്ക് വേണ്ടി തോട്ട കുട്ടന്‍ എഴുതിയ പാട്ടാണ് ഇത്. ഗാനമേളക്ക് ഈ പാട്ട് ഏതെങ്കിലും വലിയ പാട്ടുകാരനെക്കൊണ്ട് പാടിക്കാനാണ് കുട്ടന്റെ ആഗ്രഹം. സിനിമയില്‍ അങ്ങിങ്ങായി ടൊവിനോയുടെ ശബ്ദത്തില്‍ ഈ പാട്ട് പ്ലെയ്‌സ് ചെയ്തിട്ടുണ്ട്. ക്ലൈമാക്‌സില്‍ വിനീത് ശ്രീനിവാസന്‍ ഈ പാട്ട് പാടുകയും ചെയ്യുന്നുണ്ട്. വളരെ ബോറായിട്ടുള്ള പാട്ടാണ് ‘അമ്മ പുതപ്പ്’ എന്ന് പലരും അഭിപ്രായപ്പെടുന്നു.
ഒ.ടി.ടി റിലീസിന് പിന്നാലെ ദൃശ്യം 3 എയറിലായതുകൊണ്ട് അതിരടിയും ‘അമ്മപുതപ്പും’ രക്ഷപ്പെട്ടെന്നും ചിലരുടെ കമന്റുകളുണ്ട്. റിലീസിന് മുമ്പ് അണിയറപ്രവര്‍ത്തകര്‍ നടത്തിയ ഗംഭീര പ്രൊമോഷന്‍ വര്‍ക്കുകള്‍ കളക്ഷന് ഗുണം ചെയ്തു. എന്നാല്‍ ഒ.ടി.ടിയില്‍ ചിത്രത്തെ രക്ഷിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. ജോര്‍ജുകുട്ടി എയറില്‍ നിന്ന് ഇറങ്ങിയാല്‍ അതിരടി അടുത്ത എന്‍ട്രിയാകുമെന്നും പലരും അഭിപ്രായപ്പെടുന്നു.
Content Highlight: Athiradi getting trolls after OTT release