വിജയം പ്രവചിച്ച ജ്യോതിഷി ഇനി സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍; ഉത്തരവുമായി വിജയ്
national news
വിജയം പ്രവചിച്ച ജ്യോതിഷി ഇനി സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍; ഉത്തരവുമായി വിജയ്
ആദര്‍ശ് എം.കെ.
Tuesday, 12th May 2026, 3:54 pm

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായി ജ്യോതിഷി റിക്കി രാധന്‍ പണ്ഡിറ്റ് വെട്രിവേലിനെ നിയമിച്ചു. ഒരു വര്‍ഷം മുമ്പ് തന്നെ വിജയ്‌യുടെ രാഷ്ട്രീയ വിജയവും അദ്ദേഹം മുഖ്യമന്ത്രിയാകുമെന്നും പ്രവചിച്ച വ്യക്തിയാണ് രാധന്‍ പണ്ഡിറ്റ്.

തമിഴ്നാട് സര്‍ക്കാരിന്റെ പബ്ലിക് ഡിപ്പാര്‍ട്ട്മെന്റ് 2026 മെയ് 12ന് പുറപ്പെടുവിച്ച ഉത്തരവ് (Office Proceedings No. 675) പ്രകാരമാണ് ഈ നിയമനം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട രാഷ്ട്രീയ ഏകോപനം, ലെയ്സണ്‍ ജോലികള്‍, മറ്റ് പ്രത്യേക ചുമതലകള്‍ എന്നിവയാണ് സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ എന്ന നിലയില്‍ ഇദ്ദേഹം നിര്‍വഹിക്കുക.

നിലവില്‍ തമിഴക വെട്രി കഴകം വക്താവ് കൂടിയാണ് രാധന്‍ പണ്ഡിറ്റ്.

തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ തന്റെ പാര്‍ട്ടി 140 മുതല്‍ 170 വരെ സീറ്റുകള്‍ നേടി വന്‍ വിജയം കൈവരിക്കുമെന്നും 45 ശതമാനത്തോളം വോട്ട് വിഹിതം ലഭിക്കുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വിജയ്‌യുടെ രാഷ്ട്രീയപരവും വ്യക്തിപരവുമായ പ്രധാന ചടങ്ങുകളില്‍ രാധന്‍ പണ്ഡിറ്റ് സജീവ സാന്നിധ്യമായിരുന്നു.

മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത ശേഷം തന്റെ ഭരണപരവും രാഷ്ട്രീയവുമായ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിജയ് ഈ നിയമനം നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തമിഴ്നാട് നിയമസഭാ സ്പീക്കറായി ടി.വി.കെ എം.എല്‍.എ പ്രഭാകറിനെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്ത വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഈ സുപ്രധാന നിയമനവും പുറത്തുവരുന്നത്.

Content Highlight: Astrologer Ricky Radhan Pandit Vetrivel has been appointed as Vijay’s special duty officer.

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.