മലയാളത്തിലെ യുവതാരങ്ങളില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. 2009 ല്‍ ശ്യാമപ്രസാദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഋതുവിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം അപൂര്‍വ്വരാഗം, ട്രാഫിക്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഒഴിമുറി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമാകുകയായിരുന്നു. പിന്നീട് 2016 ല്‍ പുറത്തിറങ്ങിയ അനുരാഗ കരിക്കിന്‍ വെള്ളം, സണ്‍ഡേ ഹോളിഡേ, ബി.ടെക്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ ചിത്രങ്ങളിലൂടെ ആസിഫ് മലയാള സിനിമയില്‍ തന്റെ സ്ഥാനം അരക്കിട്ട് ഉറപ്പിച്ചു.

ആസിഫ് അലിയുടെ കരിയറില്‍ വഴിത്തിരിവായ ചിത്രമായിരുന്നു 2013ല്‍ പുറത്തിറങ്ങിയ ഹണി ബീ. സംവിധായകനും നടനുമായ ലാലിന്റെ മകന്‍ ജീന്‍ പോള്‍ ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ സെബാന്‍ എന്ന കഥാപാത്രമായിട്ടായിരുന്നു ആസിഫ് അലി വേഷമിട്ടത്. ചിത്രം വലിയ ഹിറ്റാകുകയും കേരളത്തിലെ ട്രെന്‍ഡ് സെറ്ററായി മാറുകയും ചെയ്തതോടെ ആസിഫ് അലിയ്ക്ക് വലിയ സ്‌പേസായിരുന്നു മലയാളത്തില്‍ തുറന്ന് കിട്ടിയത്.

ഹണി ബീ. Photo: Reddif

അടുത്തിടെ ക്ലബ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിവാഹശേഷം ആദ്യമായി സിനിമ കാണാന്‍ പോയപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഹണീബീയുടെ ആദ്യ ഷോ കാണാന്‍ ഭാര്യയ്‌ക്കൊപ്പം പോയപ്പോള്‍ ഭാവനയ്‌ക്കൊപ്പമുള്ള കിസ് സീനിനെ കുറിച്ച് പറഞ്ഞിരുന്നില്ലെന്ന് പറയുകയാണ് താരം.

‘ഞങ്ങള്‍ കല്യാണം കഴിഞ്ഞ് ആദ്യം തിയേറ്ററില്‍ പോയി കണ്ടത് ഹണീബിയാണ്. അതിലെ ക്ലൈമാക്‌സില്‍ ഭാവനയെ കിസ് ചെയ്യുന്ന സ്വീക്വന്‍സുണ്ട്. ഈ സീനിനെ കുറിച്ച് ആര്‍ക്കും ഒരു ഐഡിയയും ഇല്ലായിരുന്നു. ഞങ്ങള്‍ ഒരു നാല് പേര്‍ക്ക് മാത്രമാണ് അതിനെ കുറിച്ച് അറിയുന്നത്. ലാല്‍ സാറിന് രണ്ട് ടെന്‍ഷനാണ് അന്നുണ്ടായിരുന്നത്. ഒന്ന് മകന്റെ ആദ്യത്തെ പടം എന്നുള്ള കാര്യം രണ്ടാമത്തേത് ഞാന്‍ കിസ് ചെയ്യുന്നത്.

Photo: The Times Of India

റിലീസിന്റെ തലേന്ന് മുതല്‍ കിസ് സീനുള്ള കാര്യം ഭാര്യയോട് പറയണോ എന്ന് എന്നോട് ചോദിക്കുകയായിരുന്നു അദ്ദേഹം. അവള്‍ കല്യാണം കഴിഞ്ഞ് ആദ്യമായി നിന്റെ ഒപ്പം കാണാന്‍ വരുന്ന സിനിമയില്‍ നീ നായികയെ കിസ് ചെയ്യുന്നുണ്ട് എന്നത് ഒരു പ്രശ്‌നമല്ലേ എന്നാണ് ലാല്‍ സാര്‍ ചോദിക്കുന്നത്. തിയേറ്ററില്‍ ഈ സ്വീക്വന്‍സ് എത്തിയ സമയം ലാല്‍ സാര്‍ അവളുടെ മുഖത്തേക്ക് നോക്കിയാണ് ഇരുന്നത്. കഴിഞ്ഞിട്ടും അവള്‍ക്ക് വലിയ ഭാവവ്യത്യാസമൊന്നുമില്ല.

എന്നിട്ടും, മോളെ ഇത് ഫിലിം അടുപ്പിക്കുന്ന ട്രിക്കാണെന്നൊക്കെ അവളോട് പറഞ്ഞുകൊടുത്തു. ശരിക്കും അത് അദ്ദേഹത്തിന് എന്നോടുള്ള കെയറിങ്ങും ഇഷ്ടവുമെല്ലാമാണ്,’ ആസിഫ് അലി പറഞ്ഞു.

Content Highlight: Asif Ali talks about his experience with his wife