സീരിയല്‍ രംഗത്ത് നിന്ന് വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് ആശ ശരത്ത്. സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത നടിയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് ദൃശ്യത്തിലെ ഐ.ജി ഗീത പ്രഭാകരന്‍. ജീത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ ദൃശ്യത്തിന്റെ റീമേക്ക് വേര്‍ഷനിലും ആശ ശരത്ത് അഭിനയിച്ചിരുന്നു.
ദൃശ്യത്തിന് ശേഷം അനുരാഗ കരിക്കിന്‍ വെള്ളം, വര്‍ഷം, പാവാട എന്നിങ്ങനെ നിരവധി കഥാപാത്രങ്ങളിലൂടെ ആശ ശരത്ത് മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയിരുന്നു. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ താന്‍ ചെയ്ത അമ്മ വേഷങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ആശ ശരത്ത്.
photo ആശ ശരത്ത് Screengrab/ cue studio
‘ഞാന്‍ എന്റെ കരിയറില്‍ ചെയ്ത അമ്മ കഥാപാത്രങ്ങളെല്ലാം വളരെ വ്യത്യസ്തമാണ്. ഞാന്‍ ചെയ്ത അമ്മ കഥാപാത്രങ്ങളില്‍ ഏറ്റവും എടുത്ത് പറയേണ്ട ഒന്നാണ് ദൃശ്യത്തിലെ ഗീത പ്രഭാകര്‍. ഭയങ്കരമായി ശ്വാസം മുട്ടി ജീവിക്കുന്ന ഒരു അമ്മയാണ് ഗീത. അവരെ കുറിച്ച് ആലോചിക്കുമ്പോള്‍ നമുക്ക് ശ്വാസം മുട്ടും. മകന്‍ നല്ലതോ ചീത്തയോ ആവട്ടെ തങ്ങള്‍ക്കും നീതി വേണമെന്നുള്ള ഒരു ശ്വാസം മുട്ടല്‍ ഗീതയുടെയുള്ളിലുണ്ട്.
അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയിലെ സുമ എന്ന കഥാപാത്രം വളരെ പാവമാണ്. വര്‍ഷം സിനിമയില നന്ദിനിയാണെങ്കിലും വ്യത്യസ്തമാണ്. അങ്ങനെ ഞാന്‍ ചെയ്ത ഒരോ അമ്മ കഥാപാത്രങ്ങളും വ്യത്യസ്തമാണ്. പാവാട എന്ന സിനിമയിലെ സിസിലി എന്ന കഥാപാത്രത്തിനും അതിന്റേതായ പ്രത്യേകതകളുണ്ട്,’ ആശ ശരത്ത് പറയുന്നു.
താന്‍ ചെയ്ത അമ്മ കഥാപാത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ‘ആശകള്‍ ആയിരത്തി’ലെ കഥാപാത്രമെന്നും ഇന്നത്തെ കാലത്തെ ഒരു ന്യൂജന്‍ അമ്മയാണ് ഈ സിനിമയിലെന്നും നടി പറയുന്നു. ആശ ശരത്തും ആശയും തമ്മില്‍ വലിയ വ്യത്യാസങ്ങളൊന്നും ഇല്ലെന്നും ഈ സിനിമയില്‍ പറയുന്ന പല വാക്കുകളും താന്‍ വീട്ടില്‍ പറയുന്ന വാക്കുകളാണെന്നും നടി കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ കാലഘട്ടത്തില്‍ ഉള്ളതിനേക്കാള്‍ ഇപ്പോഴുള്ള അമ്മമാരും മക്കളും തമ്മിലുള്ള കെമിസ്ട്രി വ്യത്യസ്തമാണെന്നും അത് വളരെ ക്യൂട്ടാണെന്നും ആശ ശരത്ത് പറഞ്ഞു.
ജി. പ്രജിത്തിന്റെ സംവിധാനത്തില്‍ ഫെബ്രുവരി ആറിന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് ആശകള്‍ ആയിരം. ജയറാമും കാളിദാസ് ജയറാമും പ്രധാനവേഷങ്ങളിലെത്തിയ ചിത്രത്തിന് തിരക്കഥയൊരുക്കിയത് ജൂഡ് ആന്തണി ജോസഫാണ്.
സിനിമയില്‍ ഇഷാനി കൃഷ്ണ, ഷറഫുദ്ദീന്‍ എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ശ്രീ ഗോകുലും മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലാന്‍ നിര്‍മിച്ച സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
Content Highlight: Asha Sharath is talking about the mother roles she has played