ഇപ്പോഴും ഞാന്‍ പലര്‍ക്കും ജോര്‍ജ് സാറിന്റെ മകളാണ്, സാധാരണക്കാര്‍ എന്നെ ആ കഥാപാത്രമായാണ് കാണുന്നത്: ആര്‍ഷ ബൈജു
Malayalam Cinema
ഇപ്പോഴും ഞാന്‍ പലര്‍ക്കും ജോര്‍ജ് സാറിന്റെ മകളാണ്, സാധാരണക്കാര്‍ എന്നെ ആ കഥാപാത്രമായാണ് കാണുന്നത്: ആര്‍ഷ ബൈജു
അമര്‍നാഥ് എം.
Sunday, 26th July 2026, 7:16 pm

18ാം പടി എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് ആര്‍ഷ ബൈജു. കരിക്കിന്റെ ആവറേജ് അമ്പിളി എന്ന സീരീസിലൂടെ ശ്രദ്ധ നേടിയ ആര്‍ഷയുടെ കരിയറില്‍ ടേണിങ് പോയിന്റായി മാറിയത് മുകുന്ദനുണ്ണി അസോസിയേറ്റ്‌സായിരുന്നു. ഹൗസ്‌മേറ്റ്‌സിലൂടെ തമിഴിലും തന്റെ സാന്നിധ്യമറിയിക്കാന്‍ താരത്തിന് സാധിച്ചു.

കരിയറില്‍ ബ്രേക്ക് നല്‍കിയ വേഷങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ആര്‍ഷ ബൈജു. 2025ലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ തുടരുമിലെ മേരി തനിക്ക് വലിയ ബ്രേക്ക് ത്രൂ നല്‍കിയെന്ന് താരം പറയുന്നു. മോഹന്‍ലാലുമായി അഭിനയിക്കാന്‍ സാധിച്ചു എന്നതിനപ്പുറം ആ കഥാപാത്രം വലിയൊരു ഐഡന്റിറ്റി നല്‍കിയെന്നും ആര്‍ഷ കൂട്ടിച്ചേര്‍ത്തു.

‘തുടരും സിനിമയിലെ മേരി കരിയറില്‍ വലിയൊരു പോപ്പുലാരിറ്റി തന്നിട്ടുണ്ട്. ഇപ്പോഴും പലര്‍ക്കും ഞാന്‍ ജോര്‍ജ് സാറിന്റെ മകളാണ്. ആ ക്യാരക്ടര്‍ സാധാരണ ആളുകള്‍ക്കിടയില്‍ രജിസ്റ്ററായിട്ടുണ്ട്. കുറച്ച് പ്രായമായ ആളുകളൊക്കെ എന്നെ അറിയുന്നത് ആ കഥാപാത്രമായിട്ടാണ്. അത് നല്ല സന്തോഷം തരുന്ന കാര്യമാണ്.

ഇപ്പോള്‍ മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എടുത്തുനോക്കിയാല്‍ ആ സിനിമ കൂടുതലായി സ്വീകരിച്ചത് യങ് ആയിട്ടുള്ള ഓഡിയന്‍സാണ്. അവരുടെ ഇടയില്‍ മാത്രമാണ് ആ കഥാപാത്രം ഡിസ്‌കഷനായത്. പക്ഷേ, തുടരും എല്ലാതരത്തിലുള്ള ഓഡിയന്‍സിലേക്കും സ്വീകാര്യമായിട്ടുണ്ട്. അതാണ് ഞാന്‍ കണ്ട വ്യത്യാസം,’ ആര്‍ഷ ബൈജു പറയുന്നു.

ആര്‍ഷ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്ലൂട്ടോ. ആദിത്യന്‍ ചന്ദ്രശേഖരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നീരജ് മാധവിന്റെ കാമുകിയാണ് ആര്‍ഷ വേഷമിടുന്നത്. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രമാണ് ഇതെന്നും എന്നാല്‍ തന്റെ കഥാപാത്രത്തിന് അധികം കോമഡി ചെയ്യാനില്ലെന്നും താരം പറയുന്നു.

‘കോമഡി ഴോണറിലാണെങ്കിലും ഈ സിനിമയില്‍ ഏറ്റവും കുറവ് കോമഡി എനിക്കാണ്. കുറച്ച് സീരിയസ്‌നെസ്സുള്ള ക്യാരക്ടറാണ് എനിക്ക് കിട്ടിയത്. നീരജ് അവതരിപ്പിക്കുന്ന വിക്കിയുടെ കാമുകിയാണ് എന്റെ ക്യാരക്ടര്‍. മര്യാദക്ക് ഒരു ജോലിയും ചെയ്യാന്‍ പറ്റാത്ത വിക്കിയെ കുറ്റപ്പെടുത്തുന്നവരുടെ കൂട്ടത്തില്‍ ഞാനുമുണ്ട്,’ ആര്‍ഷ പറഞ്ഞു.

എങ്കിലും ചന്ദ്രികേ എന്ന ചിത്രത്തിന് ശേഷം ആദിത്യന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും പ്രതീക്ഷ നല്‍കുന്നതായിരുന്നു. അല്‍ത്താഫ് സലിം, വിപിന്‍ അറ്റ്‌ലീ, അജു വര്‍ഗീസ് തുടങ്ങി വന്‍ താരനിര പ്ലൂട്ടോയില്‍ അണിനിരക്കുന്നുണ്ട്.

Content Highlight: Arsha Baiju about the impact of Thudarum movie in her career

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം