പടം കണ്ടവരെയൊഴികെ ബാക്കി എല്ലാവരെയും പറ്റിച്ചിട്ടുണ്ട്, അര്‍ഹതയുണ്ടായിരുന്നിട്ടും പ്രേക്ഷകര്‍ വിജയിപ്പിക്കാത്ത പടങ്ങളുടെ ലിസ്റ്റില്‍ ഒന്നുകൂടി
Indian Cinema
പടം കണ്ടവരെയൊഴികെ ബാക്കി എല്ലാവരെയും പറ്റിച്ചിട്ടുണ്ട്, അര്‍ഹതയുണ്ടായിരുന്നിട്ടും പ്രേക്ഷകര്‍ വിജയിപ്പിക്കാത്ത പടങ്ങളുടെ ലിസ്റ്റില്‍ ഒന്നുകൂടി
അമര്‍നാഥ് എം.
Monday, 27th July 2026, 10:28 pm

തിയേറ്ററില്‍ ശ്രദ്ധ നേടാതെ പോവുകയും ഒ.ടി.ടിയിലെത്തുമ്പോള്‍ വാനോളം പ്രശംസ നേടുകയും ചെയ്യുന്ന ധാരാളം സിനിമകളുണ്ട്. ‘ഈ സിനിമയൊക്കെ പരാജയപ്പെടുത്താന്‍ ആളുകള്‍ക്ക് എങ്ങനെ തോന്നി’ എന്ന് ചിന്തിച്ച് ഒ.ടി.ടി റിലീസിന് ശേഷം അത്തരം സിനിമകളെ പുകഴ്ത്തുന്നത് സ്ഥിരം കാഴ്ചയാണ്. ആ ലിസ്റ്റിലേക്കുള്ള ഏറ്റവും പുതിയ എന്‍ട്രിയാണ് തമിഴ് ചിത്രം കോണ്‍ സിറ്റി.

അര്‍ജുന്‍ ദാസിനെ നായകനാക്കി നവാഗതനായ ഹരീഷ് ദുരൈരാജ് സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞദിവസമാണ് ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചത്. നെറ്റ്ഫ്‌ളിക്‌സിലൂടെ സ്ട്രീം ചെയ്യുന്ന ചിത്രം ഇപ്പോള്‍ സിനിമാപേജുകളില്‍ ചര്‍ച്ചയാണ്. അടുത്തിടെ കണ്ടതില്‍ വെച്ച് വ്യത്യസ്തമായ കഥയെന്നാണ് പലരും കോണ്‍ സിറ്റിയെ വിശേഷിപ്പിക്കുന്നത്.

ആളുകളെ പറ്റിച്ച് കാശുണ്ടാക്കി, പിടിക്കപ്പെടുമെന്നായപ്പോള്‍ മറ്റൊരു നാട്ടില്‍ ഒളിച്ച് താമസിക്കേണ്ടി വരുന്ന നായകനെയും കുടുംബത്തെയും തേടി ഭൂതകാലത്തെ ചിലയാളുകള്‍ വരുന്നതാണ് ചിത്രത്തിന്റെ കഥ. 2010- 2017 കാലഘട്ടത്തിലാണ് കോണ്‍ സിറ്റിയുടെ കഥ. ആ സമയത്തെ എല്ലാ ടെക്‌നോളജിയും തിരിച്ചുകൊണ്ടുവരാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്.

വളരെ വ്യത്യസ്തമായ രീതിയില്‍ ആളുകളെ പറ്റിക്കുന്ന രീതി പ്രേക്ഷകരില്‍ ഒരേസമയം ചിരിയും കൗതുകവും സൃഷ്ടിക്കുന്നുണ്ട്. പറ്റിക്കുന്നവരും പറ്റിക്കപ്പെടുന്നവരും അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെ സംവിധായകന്‍ കൃത്യമായി അവതരിപ്പിച്ചുണ്ട്. അര്‍ജുന്‍ ദാസ് അവതരിപ്പിച്ച ശരവണനും അന്ന ബെന്നിന്റെ മിത്രയും ഗംഭീരമായപ്പോള്‍ യോഗി ബാബു, വടിവുക്കരസി കോമ്പോയുടെ ജാക്കി- ജാനകി ടീം ചിരിയുണര്‍ത്തി.

കഥയിലേക്ക് ആദ്യത്തെ അരമണിക്കൂര്‍ കൊണ്ട് തന്നെ പ്രേക്ഷകര്‍ ഇന്‍ ആകുന്നുണ്ട്. പിന്നീട് വ്യത്യസ്ത രീതിയിലുള്ള പറ്റിക്കലുകള്‍ കൗതുകമുണര്‍ത്തുകയും ചെയ്തു. കുറച്ച് ഇമോഷണലും ത്രില്ലിങ്ങുമായ രണ്ടാം പകുതി ചിത്രത്തെ ഗംഭീരമാക്കി. നല്ല രീതിയില്‍ പ്രൊമോഷനുകളും മാര്‍ക്കറ്റിങ്ങും നടത്തിയിട്ടും അര്‍ഹിച്ച വിജയം കോണ്‍ സിറ്റിക്ക് നേടാനായില്ല.

എട്ട് കോടിക്ക് ഒരുങ്ങിയ കോണ്‍ സിറ്റി ബോക്‌സ് ഓഫീസില്‍ നിന്ന് വെറും ആറ് കോടി മാത്രമാണ് നേടിയത്. ചിത്രത്തിന്റെ തിരക്കഥയും നിര്‍മാണവും സംവിധായകന്‍ ഹരീഷ് ദുരൈരാജ് തന്നെയാണ് നിര്‍വഹിച്ചത്. തിയേറ്റര്‍ റിലീസില്‍ ശ്രദ്ധ നേടാത്ത കോണ്‍ സിറ്റി ഒ.ടി.ടി റിലീസിന് ശേഷം പതിയെ ശ്രദ്ധ നേടുകയാണ്. വരുംദിവസങ്ങളില്‍ കോണ്‍ സിറ്റി കൂടുതല്‍ പ്രേക്ഷകരിലേക്കെത്തുമെന്ന് ഉറപ്പാണ്.

Content Highlight: Arjun Das new movie Con city getting appreciation after OTT release

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം