മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അര്‍ജുന്‍ അശോകന്‍. ‘ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട്’ എന്ന സിനിമയിലൂടെ അഭിനയം ആരംഭിച്ച അര്‍ജുന്‍ ഇന്ന് നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. താരത്തിന്റേതായി ഏറ്റവും അവസാനം തിയേറ്ററിലെത്തിയ ചിത്രമാണ് ഭ്രമയുഗം.

മമ്മൂട്ടി നായകനായ ചിത്രത്തില്‍ തേവന്‍ എന്ന കഥാപാത്രമായാണ് അര്‍ജുന്‍ എത്തിയത്. മമ്മൂട്ടിയോടൊപ്പം മുമ്പും താരം അഭിനയിച്ചിട്ടുണ്ട്. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ച് പറയുകയാണ് അര്‍ജുന്‍ അശോകന്‍.

‘ഞാന്‍ ഒരു തവണ തല മൊട്ടയടിച്ചു. പറവ സിനിമ കഴിഞ്ഞിട്ടായിരുന്നു അത്. മമ്മൂക്ക പറവയുടെ സീക്വന്‍സൊക്കെ കണ്ടിരുന്നു. പിന്നെ സൗബിക്ക പറഞ്ഞിട്ട് ഇക്ക എന്നെ കുറിച്ച് കേട്ടിട്ടുണ്ട്.

മമ്മൂക്കയെ ഞാന്‍ ആദ്യമായി കാണുന്നത് വിസ്മയ സ്റ്റുഡിയോയില്‍ വെച്ചായിരുന്നു. ഇക്ക ഒരു സ്ഥലത്ത് ഇരിക്കുകയാണ്. അപ്പോള്‍ മമ്മൂക്കയെ കാണാന്‍ മറ്റുള്ളവരുടെ കൂടെ പോയപ്പോള്‍ എന്നെ നോക്കിയിട്ട് ‘നീ എപ്പോ തല മൊട്ടയടിച്ചു’ എന്ന് ചോദിച്ചു.

ഞാന്‍ അത് കേട്ടതും തല മൊട്ടയടിച്ചത് എങ്ങനെ മനസിലായി എന്ന മട്ടില്‍ നിന്നു. എന്നെ ശ്രദ്ധിച്ചിട്ടുണ്ട് എന്നൊരു ഫീല്‍ എനിക്ക് അപ്പോള്‍ കിട്ടി. അന്ന് മമ്മൂക്ക കൊള്ളാമെന്നും പറഞ്ഞു. ഇക്കയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്റെ മനസില്‍ എപ്പോഴും തങ്ങി നില്‍ക്കുന്നത് ഇതാണ്.

പിന്നെ ഉണ്ട സിനിമയുടെ സമയത്താണ് കാണുന്നത്. ആ സിനിമയുടെ സമയത്ത് മമ്മൂക്ക ആദ്യം കാരവാനിലേക്ക് വിളിച്ചു. അന്ന് ഇക്കയെ കണ്ടു സംസാരിച്ചു.

ഇപ്പോഴും മമ്മൂക്കയെ കണ്ടാല്‍ കുറച്ചു നേരം നോക്കി നിന്ന് പോകും. ഇക്കയെ കാണുമ്പോള്‍ ഒരു എക്‌സൈറ്റ്‌മെന്റ് ഫാക്ടര്‍ എപ്പോഴുമുണ്ടാകും,’ അര്‍ജുന്‍ അശോകന്‍ പറഞ്ഞു.

Content Highlight: Arjun Ashokan Talks About Mammootty