ഒരു ഫേക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയപ്പോഴാണ് നാർസിസ്റ്റിക് അബ്യൂസിനെക്കുറിച്ച് എനിക്ക് അറിയാൻ സാധിച്ചത്: അനുപമ പരമേശ്വരൻ
ടോക്‌സിക് റിലേഷൻഷിപ്പിൽ നിന്ന് പുറത്തുകടന്ന ശേഷം തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടിയായ അനുപമ പരമേശ്വരൻ. ഒരുപാട് സമയമെടുത്താണ് താൻ പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്നും വലിയ പ്രയാസങ്ങളാണ് ഇക്കാലയളവിൽ നേരിട്ടതെന്നും അനുപമ പറഞ്ഞു.
ധന്യ വർമയുമായുള്ള അഭിമുഖത്തിൽ നാർസിസ്റ്റിക് അബ്യൂസ് എന്ന അവസ്ഥ മാനസിലാക്കിയതിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നടി.

അനുപമ പരമേശ്വരൻ. Photo. X.Com
ഇനിയും സ്വയം വേദനിപ്പിക്കാതെ മുന്നോട്ട് പോകണമെന്ന് ചിന്തിച്ച ഘട്ടത്തിലാണ് ഒരു വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങുന്നതെന്നും, അതിലൂടെ താൻ കടന്നുപോകുന്ന മാനസികാവസ്ഥയെക്കുറിച്ച് അറിയാൻ ശ്രമിച്ചപ്പോൾ കണ്ട ഒരു വീഡിയോയിലൂടെയാണ് നാർസിസ്റ്റിക് അബ്യൂസിനെക്കുറിച്ച് അറിയുന്നതെന്നും അനുപമ വെളിപ്പെടുത്തുന്നു.
‘ജീവിതത്തിലെ ഒരു പോയിന്റിൽ എത്തിയപ്പോൾ, ഇനി എന്നെത്തന്നെ ഒരു നിമിഷത്തേക്ക് പോലും വേദനിപ്പിക്കരുത് എന്നൊരു ബോധം എനിക്ക് വന്നു. പിന്നെ ഞാൻ ചെയ്ത അടുത്ത കാര്യം ഒരു ഫിൻസ്റ്റ അക്കൗണ്ട് തുടങ്ങി എന്നതാണ്. ഇതൊക്കെ എനിക്കും പുതിയ കാര്യങ്ങളായിരുന്നു. എന്നിട്ട് ആ അക്കൗണ്ടിൽ പോയി ഞാൻ ഹാർട്ട് ബ്രേക്ക് , ഹീലിങ് എന്നീ രണ്ട് കീവേഡുകൾ സെർച്ച് ചെയ്തു.
അങ്ങനെ എനിക്ക് വന്ന സജഷൻസിൽ ഒരു വീഡിയോ കണ്ടപ്പോൾ, ശരിക്കും ആ വ്യക്തി എന്നോട് തന്നെ സംസാരിക്കുന്നതുപോലെയാണ് എനിക്ക് തോന്നിയത്. അത് നാർസിസ്റ്റിക് അബ്യൂസിനെക്കുറിച്ചായിരുന്നു,’ അനുപമ പറഞ്ഞു
അതുവരെ തന്റെ സോഷ്യൽ മീഡിയ മാധ്യമങ്ങളിൽ അത്തരത്തിലുള്ള ഉള്ളടക്കങ്ങൾ ഒന്നും കണ്ടിട്ടില്ലെന്നും അനുപമ പറയുന്നു.
‘ഇത്രയും കാലം എന്റെ ഇൻസ്റ്റാഗ്രാം, യൂട്യൂബ് അൽഗോരിതങ്ങളിൽ ഈ നാർസിസ്റ്റിക് അബ്യൂസ് എന്ന വിഷയത്തെക്കുറിച്ച് യാതൊരു സജഷൻസും വന്നിട്ടില്ലായിരുന്നു. ആരും എന്നോട് അതിനെ കുറിച്ച് സംസാരിക്കുന്നതും കേട്ടിട്ട് ഇല്ലായിരുന്നു.
പിന്നെ ഇന്റർനെറ്റിൽ ഇതിനെക്കുറിച്ച് കൂടുതൽ റിസർച്ച് ചെയ്തപ്പോൾ ശരിക്കും ഹാർട്ട് ബ്രേക്കിങ് ആയിരുന്നു. അതിലൂടെയാണ് ട്രോമ ബോണ്ടിങ് എന്നാൽ എന്താണെന്ന് എനിക്ക് മനസിലായത്. ആ സമയത്ത് ഹീലിങ് മാത്രമായിരുന്നു എന്റെ ലക്ഷ്യം. അതിനുവേണ്ടി ഒരുപാട് വീഡിയോസ് കണ്ടു, പോഡ്‌കാസ്റ്റുകൾ കേട്ടു, പുസ്തകങ്ങൾ വായിച്ചു,’ നടി പറഞ്ഞു.
ഇന്റർനെറ്റ് വഴി നാർസിസ്റ്റിക് അബ്യൂസിനെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചതോടൊപ്പം തന്നെ, താൻ കടന്നുപോകുന്ന സാഹചര്യങ്ങളെക്കുറിച്ച് പുസ്തകത്തിൽ എഴുതിവെക്കാൻ തുടങ്ങിയത് മനസിലെ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സഹായിച്ചു എന്നും അനുപമ കൂട്ടിച്ചേർത്തു.
‘എന്ത് പ്രശ്നമുണ്ടാവുമ്പോഴും ഞാൻ അത് പുസ്തകത്തിൽ എഴുതിവെക്കാൻ തുടങ്ങി. കാരണം തെറാപ്പിക്ക് പോയെങ്കിലും അത് എനിക്ക് അത്ര വർക്ക് ആയിരുന്നില്ല . അപ്പോൾ ഇങ്ങനെ കാര്യങ്ങൾ എഴുതാൻ തുടങ്ങിയപ്പോൾ എന്റെ മനസിലുള്ള കുറെ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ ലഭിക്കാൻ തുടങ്ങി. അപ്പോഴാണ് ഞാൻ കടന്നുപോയത് നാർസിസ്റ്റിക് അബ്യൂസ് എന്ന അവസ്ഥയിലൂടെയാണെന്ന് എനിക്ക് ശരിക്കും മനസിലായത്,’ അനുപമ പറഞ്ഞു.

അനുപമ പരമേശ്വരൻ. Photo. X.Com
Content Highlight: Anupama Parameswaran talks about starting a fake Instagram account, learning about narcissistic abuse through it, and how it led to her self-healing