പടത്തിനെ ബൂസ്റ്റ് ചെയ്യാന്‍ ഗസ്റ്റ് റോളിലേക്ക് അവര്‍ വിളിക്കും, ലാല്‍ സാര്‍ അപ്പോള്‍ തന്നെ കൈ കൊടുക്കും: ആന്റണി പെരുമ്പാവൂര്‍
Malayalam Cinema
പടത്തിനെ ബൂസ്റ്റ് ചെയ്യാന്‍ ഗസ്റ്റ് റോളിലേക്ക് അവര്‍ വിളിക്കും, ലാല്‍ സാര്‍ അപ്പോള്‍ തന്നെ കൈ കൊടുക്കും: ആന്റണി പെരുമ്പാവൂര്‍
അമര്‍നാഥ് എം.
Sunday, 17th May 2026, 10:57 am

മലയാളത്തിലെ മികച്ച നിര്‍മാതാക്കളിലൊരാളാണ് ആന്റണി പെരുമ്പാവൂര്‍. 25 വര്‍ഷത്തിലേറെയായി മോഹന്‍ലാലിന്റെ സന്തത സഹചാരിയായ ആന്റണി പെരുമ്പാവൂര്‍ നിരവധി ഹിറ്റുകള്‍ മോളിവുഡിന് സമ്മാനിച്ചിട്ടുണ്ട്. മോഹന്‍ലാലിന് വേണ്ടി എത്രവലിയ റിസ്‌കാണെങ്കിലും എടുക്കാന്‍ മടിയില്ലാത്ത, ആരാധകര്‍ക്ക് വേണ്ടി നില്‍ക്കുന്ന നിര്‍മാതാവ് കൂടിയാണ് ആന്റണി പെരുമ്പാവൂര്‍.

സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 3യാണ് ആന്റണിയുടെ അടുത്ത ചിത്രം. കഴിഞ്ഞദിവസം ദൃശ്യം 3യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് എക്‌സില്‍ ആന്റണി പെരുമ്പാവൂരും മോഹന്‍ലാല്‍ ഫാന്‍സും തമ്മില്‍ നടന്ന സംഭാഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ദൃശ്യം 3യെക്കുറിച്ചുള്ള പ്രതീക്ഷകളും മോഹന്‍ലാലിന്റെ അടുത്ത പ്രൊജക്ടുകളെക്കുറിച്ചും ആന്റണി സംസാരിച്ചു.

അടുത്തിടെ ഒരുപാട് വിമര്‍ശനം നേരിട്ട ഒന്നായിരുന്നു മോഹന്‍ലാല്‍ ചെയ്ത അതിഥിവേഷങ്ങള്‍. പല സിനിമകളിലും മോഹന്‍ലാലിന്റെ കാമിയോ റോളുകള്‍ പ്രതീക്ഷിച്ച ഇംപാക്ട് ഉണ്ടാക്കാതെ പോവുകയും വിമര്‍ശനത്തിന് വഴിവെക്കുകയും ചെയ്തിരുന്നു. അത്തരം വേഷങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ആന്റണി പെരുമ്പാവൂര്‍.

‘സിനിമയെ ബൂസ്റ്റ് ചെയ്യേണ്ട അവസ്ഥയിലാണ് അവര്‍ ലാല്‍ സാറിനെ ഗസ്റ്റ് റോളിന് വേണ്ടി വിളിക്കുന്നത്. ലാല്‍ സാര്‍ അപ്പോള്‍ തന്നെ അവര്‍ക്ക് കൈകൊടുക്കും. അതാണ് സഭവിക്കുന്നത്. ഫാന്‍സിന് ഇഷ്ടമല്ലാത്തവരുടെ കൂടെ ഇനി പടം ചെയ്യാതിരിക്കാന്‍ നോക്കും. പുതിയ ആളുകളുമായി സിനിമ ചെയ്യണമെന്നുണ്ട്. അതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുകയാണ്,’ ആന്റണി പറഞ്ഞു.

Photo: The Hindu

ലൂസിഫറിന്റെ മൂന്നാം ഭാഗത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. L3 ഉറപ്പായും ചെയ്യുമെന്നും അതിന്റെ ചര്‍ച്ചകളിലാണ് ഇപ്പോഴെന്നും അദ്ദേഹം പറഞ്ഞു. എമ്പുരാന്റെ ക്ഷീണം L3യില്‍ തീര്‍ക്കാനാണ് പ്ലാനെന്നും ആന്റണി വ്യക്തമാക്കി. പ്രിയദര്‍ശന്റെ 100ാമത്തെ സിനിമയാണ് അടുത്തതായി ചെയ്യുന്നതെന്നും ഡിസംബറില്‍ ചിത്രത്തിന്റെ ഷൂട്ട് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

‘പുതിയ ആളുകള്‍ വരുകയും കഥ പറയുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ ലാല്‍ സാര്‍ ചെയ്യുന്ന പടം ആദ്യം ഡയറക്ട് ചെയ്യാനിരുന്നത് ഒരു പുതിയ പയ്യനയിരുന്നു. അനൗണ്‍സ്‌മെന്റൊക്കെ നടത്തിയതായിരുന്നു. പക്ഷേ, പ്രഷര്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റാതെ അത് നിര്‍ത്തുകയായിരുന്നു. അവിടേക്കാണ് തരുണ്‍ വന്നത്,’ ആന്റണി പെരുമ്പാവൂര്‍ പറയുന്നു.

മോഹന്‍ലാലില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്ന എല്ലാം ചെയ്യുന്ന നിര്‍മാതാവും ഫാന്‍ ബോയ്‌യുമാണ് ആന്റണി പെരുമ്പാവൂരെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡിനെ കൃത്യമായി ഉപയോഗിച്ചുകൊണ്ടാണ് ആന്റണി പെരുമ്പാവൂര്‍ മുന്നോട്ട് പോകുന്നതെന്നും കമന്റുകളുണ്ട്.

Content Highlight: Antony Perumbavoor about Mohanlal’s upcoming projects

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം