കോഴിക്കോട്:എങ്കേയും എപ്പോയും, അങ്ങാടി തെരു എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന അഞ്ജലി ഒരു ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചു വരുന്നു. ബിജുമേനോന്‍ നായകനാവുന്ന റോസാപ്പൂ എന്ന സിനിമയിലൂടെയാണ് അഞ്ജലി വീണ്ടും മലയാളത്തിലേക്ക് തിരിച്ച് വരുന്നത്.

വിനു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജുമേനോനെ കൂടാതെ ദിലീഷ് പോത്തന്‍, സൗബിന്‍ സഹീര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. ഇവരെ കൂടാതെ 145ഓളം കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത്. ഇതില്‍ ഓരോരുത്തര്‍ക്കും അവരുടേതായ പ്രാധാന്യമുണ്ടെന്ന് സംവിധായകന്‍ പറഞ്ഞു.

തെന്നിന്ത്യയിലെ പ്രശസ്ത നിര്‍മ്മാതാവായ ഷിബു തമീന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.ചെന്നൈ, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങള്‍ ലൊക്കേഷനുകളാകുന്ന സിനിമയുടെ ചിത്രീകരണം ആഗസ്റ്റ് 23ന് ആരംഭിക്കും.