ഒരു പാട്ട് ട്രെന്‍ഡിങ്ങാക്കാന്‍ ഇത്രയും പാടുപെടണം, ഇപ്പോള്‍ ചെയ്യുന്ന പാട്ടുകള്‍ മടുത്തു; അനിരുദ്ധിന്റെ പുതിയ ആല്‍ബത്തിന് പിന്നാലെ ചര്‍ച്ച
Indian Cinema
ഒരു പാട്ട് ട്രെന്‍ഡിങ്ങാക്കാന്‍ ഇത്രയും പാടുപെടണം, ഇപ്പോള്‍ ചെയ്യുന്ന പാട്ടുകള്‍ മടുത്തു; അനിരുദ്ധിന്റെ പുതിയ ആല്‍ബത്തിന് പിന്നാലെ ചര്‍ച്ച
അമര്‍നാഥ് എം.
Wednesday, 17th June 2026, 9:45 pm

ഒരു 18കാരന്‍ ആദ്യമായി കമ്പോസ് ചെയ്ത ഗാനം ഭാഷാതിര്‍ത്തികള്‍ കടന്ന് ചര്‍ച്ചയായ വര്‍ഷമായിരുന്നു 2011. തമിഴും ഇംഗ്ലീഷും മിക്‌സ് ചെയ്തുകൊണ്ടുള്ള ‘വൈ ദിസ് കൊലവെറി’ എന്ന പാട്ട് ലോകമെമ്പാടും ചര്‍ച്ചയായി. സോഷ്യല്‍ മീഡിയ അത്രകണ്ട് ആക്ടീവല്ലാത്ത കാലത്തും കൊലവെറി പാടാത്തവര്‍ ചുരുക്കമായിരുന്നു. അനിരുദ്ധ് എന്ന സംഗീതസംവിധായകന്‍ തന്റെ വരവറിയിച്ചതും ഈ പാട്ടിലൂടെയായിരുന്നു.

15 വര്‍ഷങ്ങള്‍ക്കിപ്പുറം സൗത്ത് ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സംഗീത സംവിധായകനായി അനിരുദ്ധ് മാറിക്കഴിഞ്ഞു. ചെയ്യുന്ന ഓരോ പാട്ടും ചാര്‍ട്ട്ബസ്റ്ററാക്കാനുള്ള കഴിവാണ് മറ്റുള്ളവരില്‍ നിന്ന് അനിയെ വ്യത്യസ്തനാക്കുന്നത്. റോക്ക്‌സ്റ്റാര്‍ എന്ന ടൈറ്റിലിനോട് പരമാവധി നീതി പുലര്‍ത്താനും അനിക്ക് സാധിക്കുന്നുണ്ട്.

അനിരുദ്ധ് Photo: Reddit

എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അനിരുദ്ധ് ചര്‍ച്ചയാകുന്നത് മറ്റൊരു കാര്യത്തിനാണ്. കഴിഞ്ഞദിവസം അനിരുദ്ധ് ഈണമിട്ട പുതിയ ആല്‍ബം പുറത്തുവന്നിരുന്നു. അരവിന്ദ് എന്ന് പേരിട്ട ഗാനം വളരെ വേഗത്തില്‍ വൈറലായി. സിനിമയിലെത്തുന്നതിന് മുമ്പ് തന്റെയൊപ്പമുണ്ടായിരുന്ന, തന്നെ എപ്പോഴും മോട്ടിവേറ്റ് ചെയ്തുകൊണ്ടിരുന്ന അരവിന്ദ് എന്ന സുഹൃത്തിന് ആദരമര്‍പ്പിച്ചുകൊണ്ടാണ് അനി ഈ ഗാനം തയാറാക്കിയത്.

പാട്ടില്‍ ഹുക്ക് ലൈനായി അനി ഉപയോഗിച്ച വരികളാണ് പലരുടെയും ശ്രദ്ധയാകര്‍ഷിച്ചത്. ‘ട്വീറ്റുക്ക് രണ്ടായിരം രൂപ, റീല്‍സ്‌ക്ക് നാലായിരം രൂപ, ഡാന്‍സ്‌ക്ക് പത്തായിരം രൂപ, അയ്യപ്പാ… ഇന്ത ട്രെന്‍ഡെ നിപ്പാട്ട്’ എന്നാണ് ഹുക്ക് ലൈന്‍. ഒരു പാട്ട് ട്രെന്‍ഡിങ്ങിലെത്തിക്കാനായി ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും സോഷ്യല്‍ മീഡിയ പേജുകള്‍ക്കും പൈസ കൊടുക്കേണ്ടി വരുമെന്നാണ് ഈ വരികളിലൂടെ അനി പറഞ്ഞുവെക്കുന്നത്.

അനിരുദ്ധ് Photo: Screen grab/ Anirudh Ravichander

ഒരു പാട്ട് കമ്പോസ് ചെയ്യുന്നതിനെക്കാള്‍ അത് ട്രെന്‍ഡാക്കാന്‍ വലിയ പ്രയാസമാണെന്ന് ഈ വരികളിലൂടെ അനിരുദ്ധ് പറയാതെ പറയുകയാണെന്ന് പലരും അഭിപ്രായപ്പെടുന്നു. മ്യൂസിക് ഇന്‍ഡസ്ട്രിയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിവ് മാത്രം ഉണ്ടായാല്‍ പോരെന്ന് ഈ പാട്ടിലൂടെ അനിരുദ്ധ് ഉദ്ദേശിക്കുന്നുണ്ടെന്നും കമന്റുകളുണ്ട്.

റീല്‍സിന്റെ അല്‍ഗോരിതവും ട്രെന്‍ഡുമെല്ലാം നോക്കി പാട്ടുകള്‍ തയാറാക്കുന്ന പ്രോസസ് അനിരുദ്ധിന് മടുത്ത് തുടങ്ങിയതെന്ന സൂചനയാണിതെന്നും ചിലര്‍ അഭിപ്രായം പങ്കുവെച്ചു. അതിന്റെയെല്ലാം ഫ്രസ്‌ട്രേഷന്‍ ഈ പാട്ടിലെ വരികളില്‍ കാണാനാകുമെന്നും കമന്റുകളുണ്ട്.

ഈ വര്‍ഷം അനിരുദ്ധിന്റേതായി പുറത്തുവന്ന ട്രാക്കുകളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. അല്ലു- ലോകേഷ് പ്രൊജക്ടിന്റെ തീം മ്യൂസിക്, രജിനി- കമല്‍ റീയൂണിയന്‍ ഗ്ലിംപ്‌സിന്റെ ബി.ജി.എം, ഡി.സി ട്രെയ്‌ലര്‍ ട്രാക്ക് എന്നിങ്ങനെ കൈവെച്ചതെല്ലാം ചാര്‍ട്ട്ബസ്റ്ററാക്കാന്‍ അനിരുദ്ധിന് സാധിച്ചു. ഒന്നിന് പിന്നാലെ ഒന്നായി വലിയ പ്രൊജക്ടുകളില്‍ വര്‍ക്ക് ചെയ്യുന്നതിലൂടെ ഇന്‍ഡസ്ട്രിയുടെ ടോപ്പില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുകയാണ് അനിരുദ്ധ്.

Content Highlight: Anirudh’s latest album viral in social media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം