സ്‌കൂളില്‍ തല്ലിപ്പൊളി കുട്ടിയായിരുന്നോ എന്ന് അവതാരിക, ഏറെക്കുറെ അങ്ങനെയായിരുന്നുവെന്ന് അനശ്വര
Malayalam Cinema
സ്‌കൂളില്‍ തല്ലിപ്പൊളി കുട്ടിയായിരുന്നോ എന്ന് അവതാരിക, ഏറെക്കുറെ അങ്ങനെയായിരുന്നുവെന്ന് അനശ്വര
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 10th February 2026, 10:50 pm

2017 ല്‍ പുറത്തിറങ്ങിയ ഉദാഹരണം സുജാതയില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ച അഭിനേത്രിയാണ് അനശ്വര രാജന്‍. പിന്നീട് 2019 ല്‍ പുറത്തിറങ്ങിയ തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട അനശ്വര നിലവില്‍ മലയാളത്തിലെ മുന്‍ നിര നായിക നടിമാരില്‍ ഒരാളാണ്. ജീത്തു ജോസഫ്- മോഹന്‍ലാല്‍ ചിത്രം നേരിലൂടെ അഭിനേത്രി എന്ന നിലയില്‍ തന്റെ കഴിവ് തെളിയിച്ച അനശ്വര ഇപ്പോള്‍ സൗത്ത് ഇന്ത്യന്‍ സിനിമകളിലെ സജീവ സാന്നിധ്യമാണ്.

Photo: Book my show

റോഷന്‍ മെക്ക നായകനായ തെലുങ്ക് ചിത്രം ചാമ്പ്യനില്‍ നായികയായി ശ്രദ്ധിക്കപ്പെട്ട അനശ്വരയുടെ, കഴിഞ്ഞ ദിവസം റിലീസായ തമിഴ് ചിത്രം വിത്ത് ലവ് ആണ് ഇപ്പോള്‍ സിനിമാ ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന്. ടൂറിസ്റ്റ് ഫാമിലി എന്ന തമിഴ് ചിത്രത്തിന്റെ സംവിധായകനായ അഭിഷാന്‍ ജീവിന്ത് നായക വേഷത്തിലെത്തുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാതൃഭൂമി യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അനശ്വര ചിത്രത്തിലെ തന്റെ കഥാപാത്രമായ മോനിഷയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. അവതാരികയുടെ ചോദ്യത്തിന് അനശ്വര നല്‍കിയ മറുപടിയും പ്രേക്ഷകരില്‍ ചിരിയുണര്‍ത്തി.

‘മോനിഷ പുതിയ ജനറേഷനിലെ ഇന്‍ഫ്‌ളുവെന്‍സറായിട്ടുള്ള ഒരു പെണ്‍കുട്ടിയാണ്. എല്ലാത്തിനെക്കുറിച്ചും അഭിപ്രായമുള്ള, പറയേണ്ട കാര്യങ്ങള്‍ പറയേണ്ടിടത്ത് പറയുന്ന ഒരാളാണ്. മോനിഷയുടെ സ്‌കൂള്‍ പോര്‍ഷന്‍ കാണിക്കുന്ന ഭാഗമാണ് എനിക്ക് ചിത്രത്തില്‍ ഏറ്റവും ക്യാച്ചി ആയിട്ട് തോന്നിയത്. സാധാരണ ഒരു നായികയില്‍ നിന്നും എക്‌സ്‌പെക്ട് ചെയ്യുന്ന അച്ചടക്കമുള്ള പഠിക്കുന്ന കുട്ടിയല്ല മോനിഷ.

Photo: Reddit

ക്ലാസില്‍ ഏറ്റവും അലമ്പായിട്ടുള്ള കഥാപാത്രമാണിത്. അവളുടെ സ്‌നേഹം കാണിച്ചുപോകുന്ന കഥയാണിത്. മറ്റ് പല സിനിമകളിലും ഇത്തരത്തില്‍ കഥാപാത്രം വന്നിട്ടുണ്ടെങ്കിലും എനിക്ക് കഥ കേട്ടപ്പോള്‍ നല്ല രസം തോന്നി,’ അനശ്വര പറഞ്ഞു.

മോനിഷയെ പോലെ സ്‌കൂളില്‍ തല്ലിപൊളി കുട്ടിയായിരുന്നോ അനശ്വര എന്ന അവതാരകയുടെ ചോദ്യത്തിന് അതെ എന്നായിരുന്നു അനശ്വരയുടെ മറുപടി. അത്യാവശ്യം റൗഡിസം എല്ലാം കാണിക്കുന്ന ടീച്ചേഴ്‌സ് എപ്പോഴും ഓര്‍ത്തിരിക്കുന്ന ആളാണ് താനെന്നും സിനിമയില്‍ മുഖം കാണിച്ചതിനു ശേഷം ഇമേജിന് കോട്ടം തട്ടാതിരിക്കാന്‍ വേണ്ടി ഒതുങ്ങിയതാണെന്നും അനശ്വര കൂട്ടിച്ചേര്‍ത്തു.

Content Highlight: Anaswara rajan talks about her role in With Love movie

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.