മലയാളികള്‍ക്ക് ഏറെ പരിചിതയായ നായികമാരില്‍ ഒരാളാണ് അനന്യ. ഇപ്പോള്‍ അനന്യ ഒരിടവേളക്കുശേഷം അഭിനയിക്കാനെത്തുന്ന ചിത്രമാണ് സ്വര്‍ഗം. ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന ചിത്രത്തിന് ശേഷം റെജീസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

മലയാള സിനിമയില്‍ അവസരം കിട്ടാതെ ആയപ്പോഴുള്ള സങ്കടം ഇപ്പോഴുമുണ്ടെന്ന് പറയുകയാണ് അനന്യ. തന്റെ വിവാഹ ശേഷം താന്‍ സിനിമയില്‍ ഇല്ലെന്നും ഇനി സിനിമ ചെയ്യുന്നില്ലെന്നും പലരും പറഞ്ഞിരുന്നെന്നും നടി പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അന്യന.

‘സിനിമയില്‍ അവസരം കിട്ടാതെ ആയപ്പോഴുള്ള സങ്കടം ഇപ്പോഴുമുണ്ട്. എന്റെ വിവാഹ ശേഷം ഞാന്‍ സിനിമയില്‍ ഇല്ലെന്നും ഞാന്‍ സിനിമ ചെയ്യുന്നില്ലെന്നും പലരും പറഞ്ഞിരുന്നു. ഞാന്‍ ഇന്‍ഡസ്ട്രിയില്‍ തീരെ വര്‍ക്ക് ചെയ്യുന്നില്ലെന്നും എനിക്ക് താത്പര്യമില്ലെന്ന രീതിയിലുമായിരുന്നു സംസാരം.

ഞാന്‍ അങ്ങനെ ആരോടും പറഞ്ഞിരുന്നില്ല. ഞാന്‍ പറയാത്ത കാര്യങ്ങള്‍ പലരും പറഞ്ഞു തുടങ്ങി. അതുവഴി പല സിനിമകളില്‍ നിന്നും വന്ന അവസരങ്ങള്‍ എനിക്ക് നഷ്ടമായി. ആ സമയത്ത് കല്യാണം കഴിഞ്ഞ സ്ത്രീകളൊക്കെ മാറി നില്‍ക്കുന്ന ട്രെന്‍ഡ് ഉണ്ടായിരുന്നെന്ന് തോന്നുന്നു.

ഞാന്‍ സത്യത്തില്‍ കല്യാണം കഴിഞ്ഞ തൊട്ടടുത്ത ദിവസം തന്നെ നാടോടി മന്നന്റെ ഷൂട്ടിങ്ങിനായി ലൊക്കേഷനിലേക്ക് പോയിട്ടുള്ള ആളാണ്. അതില്‍ എനിക്ക് ഷൂട്ട് ബാലന്‍സ് ഉണ്ടായിരുന്നു. ദിലീപേട്ടനുമായുള്ള കോമ്പിനേഷന്‍ സീക്വന്‍സായിരുന്നു അത്. കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം പോലും ഞാന്‍ ബ്രേക്ക് എടുത്തിരുന്നില്ല. പക്ഷെ എന്തുകൊണ്ടോ ഇങ്ങനെയൊരു സംസാരം വന്നു.

പിന്നെ ഞാനായിട്ട് ആരോടും മാറ്റി പറയാനൊന്നും പോയില്ല. പറയുന്നവര്‍ പറയട്ടേയെന്ന് കരുതി. പക്ഷെ അത് കരിയറിനെ ബാധിച്ച് തുടങ്ങുമ്പോള്‍ നമ്മളും കുറച്ച് ഡൗണ്‍ ആകും. അപ്പോഴും സിനിമ നമ്മളെ തേടി വരുന്നത് പോലെ ഇടക്കും തലക്കുമായി നല്ല കഥാപാത്രങ്ങള്‍ കിട്ടി. അങ്ങനെ വരുമ്പോള്‍ സന്തോഷം തോന്നാറുണ്ട്,’ അന്യന പറയുന്നു.


Content Highlight: Ananya Talks About Her Career