ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ രാഹുല്‍ ഗാന്ധിയെയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആരുടെയെങ്കിലും പൗരത്വം എടുത്തു കളയുന്നതാണ് പൗരത്വ ഭേദഗതി നിയമമെങ്കില്‍ രാഹുല്‍ ഗാന്ധിയും മമത ബാനര്‍ജിയും അത് തെളിയിച്ച് കാണിച്ചുതരണമെന്നാണ് അമിത് ഷാ പറഞ്ഞത്. മധ്യപ്രദേശിലെ ജബല്‍പുരില്‍ വെച്ചു നടന്ന ഒരു പൊതു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ രാഹുല്‍ ഗാന്ധിയെയും മമത ബാനര്‍ജിയെയും വെല്ലുവിളിക്കുന്നു. പൗരത്വ ഭേദഗതി നിയമം ഈ രാജ്യത്തെ ഏതു പൗരന്റെ പൗരത്വമാണ് എടുത്തു കളയുകയെന്ന് കാണിച്ചു തരണം,’ ഷാ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തു.
മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നതിനെതിരെ പ്രതിഷേധിക്കുന്ന പാര്‍ട്ടികളിലൊന്നാണ് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘പാകിസ്ഥാനിലെ അടിച്ചമര്‍ത്തപ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതുവരെ നമുക്ക് വെറുതെയിരിക്കാനാവില്ല. എനിക്കും നിങ്ങള്‍ക്കുമുള്ളതു പോലെതന്നെയുള്ള അവകാശം പാകിസ്ഥാനിലെ അഭയാര്‍ത്ഥികളായ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ബുദ്ധിസ്റ്റുകള്‍ക്കും സിക്കുകാര്‍ക്കുമുണ്ട്,’ അമിത്ഷാ പറഞ്ഞു.
പൗരത്വ നിയമം പ്രാബല്യത്തില്‍ കൊണ്ടു വരാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ച് രണ്ടു ദിവസങ്ങള്‍ക്കു ശേഷം ജനുവരി 10നാണ് ആഭ്യന്തര മന്ത്രാലയം നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നത്.
ഭേദഗതി വരുത്തിയ നിയമം ബംഗ്ലാദേശിലെയും അഫ്ഗാനിസ്ഥാനിലെയും പാകിസ്ഥാനിലെയും മുസ്‌ലിങ്ങളല്ലാത്തവര്‍ക്ക് പൗരത്വം പെട്ടെന്ന് നല്‍കാനാണ് കേന്ദ്രം തീരുമാനിച്ചത്.
സി.എ.എയെക്കെതിരെ രാജ്യത്ത് ശക്തമായ പ്രക്ഷോഭങ്ങള്‍ നടന്നിട്ടും ഒരിഞ്ചു പോലും നിയമം നടപ്പാക്കുന്നതില്‍ നിന്നും പുറകോട്ട് പോവില്ലെന്ന് അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു.
പൗരത്വ ഭേദഗതി നിയമം സര്‍ക്കാര്‍ കൊണ്ടുവന്നത് വ്യക്തികള്‍ക്ക് എളുപ്പത്തില്‍ പൗരത്വം ലഭിക്കുന്നതിന് വേണ്ടിയാണെന്നും വിഭജന സമയത്ത് പാകിസ്താനില്‍ അകപ്പെട്ടു പോയവര്‍ക്ക് എളുപ്പത്തില്‍ പൗരത്വം നല്‍കാന്‍ നിയമം സഹായിക്കുമെന്നും നരേന്ദ്ര മോദി ബംഗാളില്‍ വെച്ചു നടന്ന ചടങ്ങില്‍ പറഞ്ഞതിന് ശേഷമാണ് രാഹുലിനെയും മമതയെയും വെല്ലുവിളിച്ച് അമിത്ഷാ രംഗത്തെത്തിയത്.
ദ്വിദിന സന്ദര്‍ശനത്തിനായി ബംഗാളിലെത്തിയ മോദിക്കെതിരെ ഇടതു പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബി.ജെ.പി പരിപാടികള്‍ സംഘടിപ്പിച്ചിരുന്നെങ്കിലും സി.എ.എക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ഇതുവരെ കുറഞ്ഞിട്ടില്ല.
