അമേരിക്കയ്ക്ക് നിങ്ങളോട് കൂറില്ല, ഇസ്രഈല്‍ നിങ്ങളുടെ ശത്രുവാണ്; ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പുമായി ലാരിജാനി
Trending
അമേരിക്കയ്ക്ക് നിങ്ങളോട് കൂറില്ല, ഇസ്രഈല്‍ നിങ്ങളുടെ ശത്രുവാണ്; ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പുമായി ലാരിജാനി
നിഷാന. വി.വി
Tuesday, 17th March 2026, 11:12 am

ടെഹ്റാന്‍: ഇസ്‌ലാമിക രാജ്യങ്ങള്‍ക്ക് തുറന്ന കത്തുമായി ഇറാന്റെ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി.

ഇസ്ലാമിക രാജ്യങ്ങള്‍ക്ക് വിശ്വസനീയമായ പങ്കാളിയല്ലെന്ന് അമേരിക്ക തെളിയിച്ചിട്ടുണ്ടെന്നും ഇസ്രഈല്‍ ഭരണകൂടം അവരുടെ ശത്രുവാണെന്നും ലാരിജാനി പറഞ്ഞു.

ഇറാനെതിരായ നിയമവിരുദ്ധ ആക്രമണങ്ങള്‍ ആരംഭിച്ച യു.എസ് താവളങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ് ലാമിക രാഷ്ട്രങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ആറ് പോയിന്റുള്ള തുറന്ന കത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

ഇറാന്‍- അമേരിക്ക ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് രാജ്യത്തെ ശിഥിലമാക്കാന്‍ ലക്ഷ്യമിട്ടുളള വഞ്ചനാപരമായ യു.എസ് -ഇസ്രഈല്‍ ആക്രമണം നടന്നതെന്നും ലാരിജാനി പറഞ്ഞു. വഞ്ചനാപരമായ അധിനിവേശമാണ് ഇറാന്‍ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.

‘ആക്രമികള്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയേയും സാധാരണ പൗരന്മാരെയും സൈനിക കമാന്‍ഡര്‍മാരേയും രക്തസാക്ഷികളാക്കി, ലാരിജാനി പറഞ്ഞു.

ഇറാനെതിരെ ഇത്രയും വലിയ ആക്രമണം നടന്നിട്ടും ഒരു മുസ് ലിം രാജ്യം പോലും ഒരക്ഷരം മിണ്ടിയില്ല എന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.

‘രാഷ്ട്രീയരംഗത്തെ അപൂര്‍വം ചില സന്ദര്‍ഭങ്ങള്‍ ഒഴികെ, ഒരു ഇസ്ലാമിക സര്‍ക്കാരും ഇറാനിയന്‍ രാഷ്ട്രത്തെ സഹായിക്കാന്‍ എത്തിയിട്ടില്ലെന്ന് നിങ്ങള്‍ക്കറിയാമോ? എന്നിരുന്നാലും, ഇറാനിയന്‍ രാഷ്ട്രം ശക്തമായ ഇച്ഛാശക്തിയോടെ ദുഷ്ട ശത്രുവിനെ അടിച്ചമര്‍ത്തി.

ഇപ്പോള്‍ ശത്രുവിന് ഈ തന്ത്രപരമായ പ്രതിസന്ധിയില്‍ നിന്ന് എങ്ങനെ പുറത്തുകടക്കണമെന്ന് അറിയില്ല,’ അദ്ദേഹം പറഞ്ഞു.

സഹോദരനായ മുസ്‌ലിമിന്റെ ആവശ്യമുളളപ്പോള്‍ സഹായത്തിനെത്താത്തത് എന്ത് തരം ഇസ്‌ലാമാണെന്നും അറബ് രാജ്യങ്ങളോടായി അദ്ദേഹം ചോദിച്ചു.

‘ഇന്നത്തെ യുദ്ധത്തില്‍ ഒരു വശത്ത് അമേരിക്കയും ഇസ്രാഈലും മറുവശത്ത് ഇറാനും. നിങ്ങള്‍ ഏത് പക്ഷത്താണ്,’ അദ്ദേഹം ചോദിച്ചു.

ഇറാന്‍ ഒരിക്കലും നിങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിലെ സാഹചര്യത്തില്‍ അമേരിക്കയുമായി യാതൊരുവിതത്തിലുള്ള ചര്‍ച്ചയ്ക്കുമില്ലെന്നും ഒരു ദീര്‍ഘകാല യുദ്ധത്തിന് ഇറാന്‍ സജ്ജമാണെന്നും ലാരിജാനി വ്യക്തമാക്കി.

Content Highlight: America is not loyal to you, Israel is your enemy; Larijani warns Islamic countries

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.