ആദ്യം സെന്‍സര്‍ ബോര്‍ഡ്, ഇപ്പോള്‍ ആമസോണ്‍ പ്രൈം, കെ.വി.എന്നിന്റെ കഷ്ടകാലം എന്ന് തീരുമെന്ന് ആരാധകര്‍
Indian Cinema
ആദ്യം സെന്‍സര്‍ ബോര്‍ഡ്, ഇപ്പോള്‍ ആമസോണ്‍ പ്രൈം, കെ.വി.എന്നിന്റെ കഷ്ടകാലം എന്ന് തീരുമെന്ന് ആരാധകര്‍
അമര്‍നാഥ് എം.
Friday, 13th March 2026, 9:45 am

തമിഴ്‌നാട്ടില്‍ ഉത്സവ പ്രതീതി സൃഷ്ടിച്ച് റിലീസ് ചെയ്യാമെന്ന മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ടായിരുന്നു ജന നായകന്റെ റിലീസ് സെന്‍സര്‍ ബോര്‍ഡ് തടഞ്ഞത്. ഡിസംബറില്‍ സെന്‍സര്‍ ബോര്‍ഡിന് മുന്നില്‍ സമര്‍പ്പിച്ച ചിത്രത്തിന് ഇതുവരെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. കോടതിയെ സമീപിച്ചിട്ടും കാലതാമസം നേരിട്ടപ്പോള്‍ നിര്‍മാതാക്കള്‍ കേസ് പിന്‍വലിച്ച് റിവൈസിങ് കമ്മിറ്റിക്ക് മുന്നില്‍ സമര്‍പ്പിച്ചിരിക്കുകയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ചിത്രം തിയേറ്ററുകളിലെത്തിക്കാമെന്ന നിര്‍മാതാക്കളുടെ മോഹവും ഇതോടെ മങ്ങി. മെയ് ആദ്യവാരമോ ജൂണില്‍ വിജയ്‌യുടെ പിറന്നാള്‍ ദിനത്തിലോ മാത്രമേ ജന നായകന്റെ റിലീസ് ഉണ്ടാവുകയുള്ളൂ എന്നാണ് അടുത്തവൃത്തങ്ങള്‍ അറിയിച്ചത്. എന്നാല്‍ ഇതിനിടയില്‍ നിര്‍മാതാക്കള്‍ മറ്റൊരു തിരിച്ചടി നേരിട്ടിരിക്കുകയാണ്.

ചിത്രത്തിന്റെ ഒ.ടി.ടി കരാറില്‍ നിന്ന് ആമസോണ്‍ പ്രൈം പിന്മാറിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. റിലീസിന്റെ കാര്യത്തില്‍ നേരിടുന്ന അനിശ്ചിതത്വമാണ് ആമസോണ്‍ പ്രൈമിനെ ഇത്തരമൊരു തീരുമാനത്തില്‍ എത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 120 കോടിക്കായിരുന്നു ജന നായകനെ ആമസോണ്‍ പ്രൈം സ്വന്തമാക്കിയത്. ഈ കരാര്‍ റദ്ദാക്കാനൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

കൃത്യമായ ഒരു റിലീസ് ഡേറ്റ് പറയാന്‍ നിര്‍മാതാക്കള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇതാണ് കരാറില്‍ നിന്ന് ആമസോണ്‍ പ്രൈം പിന്മാറാനുള്ള കാരണമായി പറയപ്പടുന്നത്. തിയേറ്റര്‍ റിലീസിന് ശേഷം രണ്ടാഴ്ച കഴിഞ്ഞാല്‍ ഒ.ടി.ടി സ്ട്രീമിങ് ചെയ്യാമെന്നാണ് കരാറിലുള്ളത്. എന്നാല്‍ കൃത്യമായ ഒരു സ്ലോട്ട് ലഭിച്ചാല്‍ മാത്രമേ ഇത്രയും വലിയൊരു ചിത്രം സ്ട്രീം ചെയ്യാന്‍ സാധിക്കുകയുള്ളൂ.

കഴിഞ്ഞദിവസം ചിത്രം കാണാന്‍ റിവൈസിങ് കമ്മിറ്റി തീരുമാനിച്ചെങ്കിലും അവസാനനിമിഷം സ്‌ക്രീനിങ് മാറ്റിവെക്കുകയായിരുന്നു. കമ്മിറ്റിയിലെ അംഗത്തിന് അസുഖമായതിനാലാണ് സ്‌ക്രീനിങ് മാറ്റിവെച്ചതെന്ന് അറിയിച്ചു. ഒരുവശത്ത് സെന്‍സര്‍ ബോര്‍ഡ് പരമാവധി സ്‌ക്രീനിങ് വൈകിപ്പിക്കുന്നതിനിടയിലാണ് ആമസോണ്‍ പ്രൈമിന്റെ വക ഇരുട്ടടി.

വരുംദിവസങ്ങളില്‍ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. അവസാന ചിത്രത്തിലൂടെ തന്റെ രാഷ്ട്രീയ ആശയങ്ങള്‍ സിനിമയിലൂടെ ജനങ്ങളിലേക്ക് എത്തിക്കാനുള്ള വിജയ്‌യുടെ ശ്രമമായിരുന്നു ജന നായകന്‍. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍ വിജയ്‌യുടെയും നിര്‍മാതാക്കളുടെയും പ്ലാനുകള്‍ക്ക് തിരിച്ചടിയായി.

ജന നായകന് പുറമെ മറ്റൊരു വമ്പന്‍ ചിത്രമായ ടോക്‌സിക്കിന്റെയും റിലീസ് ഡേറ്റ് നിര്‍മാതാക്കള്‍ മാറ്റിവെച്ചിരിക്കുകയാണ്. ധുരന്ധര്‍ 2നൊപ്പം മാര്‍ച്ച് 19ന് റിലീസ് ചെയ്യേണ്ട ടോക്‌സിക് ഗള്‍ഫ് മേഖലയിലെ യുദ്ധം കാരണമാണ് മാറ്റിവെച്ചത്. രണ്ട് സിനിമകളുടെയും ചെലവ് ഏതാണ്ട് 1000 കോടിയോളമാണ്. ഇതോടെ സൗത്ത് ഇന്ത്യയിലെ ഏറ്റവും നിര്‍ഭാഗ്യവാന്മാരായ പ്രൊഡക്ഷന്‍ ഹൗസായി കെ.വി.എന്‍ മാറിയിരിക്കുകയാണ്.

Content Highlight: Amazon Prime steps back from the OTT deal of Jana Nayagan

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം