ടൈറ്റില്‍ പുറത്തുവിട്ടതും കമന്റ് ബോക്‌സില്‍ ഫുള്‍ കഥ വെളിപ്പെടുത്തി ട്രോളന്മാര്‍, സ്‌പൈ യൂണിവേഴ്‌സിന് ഇതില്‍ പരം നാണക്കേടില്ലെന്ന് വിമര്‍ശനം
Indian Cinema
ടൈറ്റില്‍ പുറത്തുവിട്ടതും കമന്റ് ബോക്‌സില്‍ ഫുള്‍ കഥ വെളിപ്പെടുത്തി ട്രോളന്മാര്‍, സ്‌പൈ യൂണിവേഴ്‌സിന് ഇതില്‍ പരം നാണക്കേടില്ലെന്ന് വിമര്‍ശനം
അമര്‍നാഥ് എം.
Monday, 9th March 2026, 10:15 pm

ഇന്ത്യന്‍ സിനിമയിലെ മുന്‍നിര സിനിമാറ്റിക് യൂണിവേഴ്‌സാണ് വൈ.ആര്‍.എഫ്. സ്‌പൈ യൂണിവേഴ്‌സ്. യഷ് രാജ് ഫിലിംസ് ആരംഭിച്ചുവെച്ച ഈ യൂണിവേഴ്‌സിന് തുടക്കത്തില്‍ വലിയ ഫാന്‍ബേസായിരുന്നു ഉണ്ടായിരുന്നത്. പത്താനില്‍ ബോളിവുഡ് ബാദ്ഷ കടന്നുവന്നതോടെ ഈ യൂണിവേഴ്‌സ് കൂടുതല്‍ വലുതായി. എന്നാല്‍ പിന്നീട് പുറത്തുവന്ന രണ്ട് ചിത്രങ്ങള്‍ക്കും ആരാധകരുടെ ഹൈപ്പിനോട് നീതി പുലര്‍ത്താനായില്ല.

സ്‌പൈ യൂണിവേഴ്‌സിലെ പുതിയ ചിത്രമായ ആല്‍ഫയുടെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ആല്‍ഫ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആലിയ ഭട്ടാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാല്‍ പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെ യഷ് രാജ് ഫിലിംസിന് ട്രോള്‍ മഴയാണ് ലഭിക്കുന്നത്.

‘ഇന്ത്യയിലെ മികച്ച സ്‌പൈകളില്‍ ഒരാളായ കേന്ദ്ര കഥാപാത്രം ഇന്ത്യക്കെതിരെ തിരിയുന്നു. അയാളെ പിടിക്കാന്‍ മറ്റൊരു സ്‌പൈ രംഗത്തെത്തുന്നു. ഇരുവരും തമ്മില്‍ വിദേശ രാജ്യങ്ങളില്‍ വെച്ച് ഗംഭീര ഫൈറ്റ് നടത്തുന്നു. പിന്നീട് പ്രധാന വില്ലന്‍ ഇന്ത്യക്കകത്ത് തന്നെയുള്ള ഒരു സീനിയര്‍ ഉദ്യോഗസ്ഥനാണെന്ന് അറിഞ്ഞ ശേഷം അയാളെ കൊന്ന് അടുത്ത മിഷന് വേണ്ടി കാത്തിരിക്കുന്നു’ ആല്‍ഫയുടെ കഥ ഇങ്ങനെയാകുമെന്നാണ് പലരുടെയും കമന്റ്.

ഹൈപ്പ് ഉയര്‍ത്താന്‍ വേണ്ടി ഷാരൂഖ് ഖാനെയോ സല്‍മാന്‍ ഖാനെയോ ഹൃതിക് റോഷനെയോ അതിഥിവേഷത്തിലെത്തിയേക്കുമെന്നും ചിലര്‍ പരിഹസിക്കുന്നുണ്ട്. വാര്‍ മുതല്‍ വാര്‍ 2 വരെ സ്‌പൈ യൂണിവേഴ്‌സ് പുറത്തിറക്കിയ നാല് സിനിമകളുടെയും കഥ ഇതുതന്നെയാണെന്നും കമന്റുകളുണ്ട്. ആല്‍ഫയുടെ കഥയും ഇത് തന്നെയാണെങ്കില്‍ യൂണിവേഴ്‌സ് പൂട്ടിക്കെട്ടേണ്ടി വരുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

 

യഷ് രാജ് ഫിലിംസിന്റെ സ്‌പൈ സിനിമകള്‍ക്ക് കഴിഞ്ഞകുറച്ചുകാലമായി വലിയ ട്രോളുകളാണ് ലഭിക്കുന്നത്. ഫാമിലി മാന്‍ സീരീസില്‍ നായകനായ ശ്രീകാന്ത് തിവാരി സ്‌പൈ സിനിമകളെ ഇന്‍ഡയറക്ടായി ട്രോളിയപ്പോള്‍ ധുരന്ധറിന്റെ റിലീസിന് ശേഷം കൂടുതലാളുകള്‍ സ്‌പൈ യൂണിവേഴ്‌സിനെതിരെ രംഗത്തെത്തുകയും ചെയ്തു.

മലയാളിയായ ഏസ്‌തെറ്റിക് കുഞ്ഞമ്മയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത്. ബോളിവുഡിലും ഏസ്‌തെറ്റിക് കുഞ്ഞമ്മ ഞെട്ടിക്കുമെന്ന് പോസ്റ്ററിന് താഴെ പലരും കമന്റ് പങ്കുവെച്ചു. കഥയില്‍ പുതുമയില്ലെങ്കിലും പോസ്റ്ററിലെങ്കിലും പുതുമയുണ്ടെന്നും കമന്റുണ്ട്.

ശിവ് രാവൈലാണ് ആല്‍ഫയുടെ സംവിധായകന്‍. ആലിയ ഭട്ടിനൊപ്പം ബോളിവുഡിലെ പുത്തന്‍ സെന്‍സേഷന്‍ ശര്‍വാരിയും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. അനില്‍ കപൂര്‍, ബോബി ഡിയോള്‍ എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഈ വര്‍ഷം ജൂലൈയില്‍ ആല്‍ഫ തിയേറ്ററുകളിലെത്തുമെന്നാണ്  അറിയിച്ചത്.

Content Highlight: Alpha movie title poster getting trolls

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം