ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിലെ മുന്‍നിര അഭിനേതാക്കളിലൊരാളായി സ്ഥാനക്കയറ്റം നേടിയ ആളാണ് അജു വര്‍ഗീസ്. വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചവരില്‍ ഒരാളാണ് താരം. കരിയറിന്റെ തുടക്കകാലത്ത് നിവിന്‍ പോളിയുമൊത്തുള്ള കോമ്പിനേഷനിലൂടെ ഹാസ്യതാരമായി അജു പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. പിന്നീട് കോമഡി വേഷങ്ങളില്‍ നിന്നും ട്രാക്ക് മാറ്റിയ അജു പല ഷേഡുകളിലുള്ള കഥാപാത്രങ്ങളാണ് മലയാളികള്‍ക്ക് സമ്മാനിച്ചത്.

അജു വര്‍ഗീസ്. Photo: Ott Play
ഈ വര്‍ഷം ഏപ്രിലില്‍ പുറത്തിറങ്ങി ഹിറ്റടിച്ച വാഴ 2വില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത അജു, സൂര്യയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം കറുപ്പിലും തിളങ്ങിയിരുന്നു. മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് മുതല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രങ്ങളിലെല്ലാം അജു പ്രധാനവേഷത്തിലെത്തിയിരുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് 2024ല്‍ പുറത്തിറങ്ങിയ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിലും അജു പ്രധാനവേഷത്തിലെത്തിയിരുന്നു.
ഇപ്പോഴിതാ വിനീതുമായുള്ള ബന്ധത്തെ കുറിച്ച് അജു പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. യൂട്യൂബ് ചാനലായ സ്‌പോട്ട് ലൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് വിനീതിന്റെ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനെ കുറിച്ച് അജു സംസാരിച്ചത്.
‘മലര്‍വാടിയിലേക്ക് എന്നെ ഒരു റോളിലേക്ക് പരിഗണിക്കുന്നുണ്ടെന്ന് ഓഡിഷന് മുമ്പ് തന്നെ വിനീത് എന്റെ അടുത്ത് പറഞ്ഞിരുന്നു. ഓഡിഷനെല്ലാം ഉണ്ടാകുമെന്നും ഓരോ കാര്യങ്ങളായിട്ട് അപ്‌ഡേറ്റ് ചെയ്യുമെന്നും ആദ്യം പോയി വെയിറ്റ് കുറക്കണമെന്നുമായിരുന്നു എന്നോട് പറഞ്ഞത്. അന്ന് അത്യാവശ്യം വണ്ണമുണ്ടായിരുന്നു. ആ കഥാപാത്രത്തിന് വേണ്ടി ഒരുപാട് വെയിറ്റ് കുറയ്ക്കണമായിരുന്നു.

Photo: IMDB
അന്ന് മാത്രമല്ല അദ്ദേഹത്തിന്റെ ഏത് സിനിമയിലും അഭിനയിക്കുന്നതിന് മുമ്പ് ആദ്യം പറയുന്ന കാര്യം വണ്ണം കുറക്കണമെന്നാണ്. അത് ഞാന്‍ അനുസരിക്കാതിരുന്ന ഒരേയൊരു സിനിമ വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമാണ്. വടക്കന്‍ സെല്‍ഫിയിലും അത് നടന്നില്ല. മലര്‍വാടി, ഹൃദയം, തട്ടം ഇതിലെല്ലാം ഞാന്‍ വണ്ണം കുറച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഫസ്റ്റ് ലോജിക്ക് എന്താണെന്ന് പറഞ്ഞാല്‍ വണ്ണം കുറയുമ്പോള്‍ നമ്മുടെ ഫ്‌ളെക്‌സിബിളിറ്റി കൂടുമല്ലോ. ഫണ്‍ പടം കൂടെയാകുമ്പോള്‍ ആ ഒരു എനര്‍ജി കിട്ടാന്‍ വേണ്ടിയായിരിക്കാം,’ അജു വര്‍ഗീസ് പറഞ്ഞു.
Content Highlight: Aju Varghese talks about Vineeth Sreenivasan and their Films together
