സിനിമക്ക് താത്കാലിക ഇടവേള നല്‍കി, തന്റെ പാഷനായ റേസിങ്ങുമായി മുന്നോട്ടുപോവുകയാണ് തമിഴ് സൂപ്പര്‍താരം അജിത്. F2 ചാമ്പ്യന്‍ഷിപ്പില്‍ ഇത്തവണ അജിത്തിന്റെ റേസിങ് ടീമായ അജിത് കുമാര്‍ റേസിങ്ങും പങ്കെടുക്കുന്നുണ്ട്. രണ്ട് മത്സരങ്ങളില്‍ താരത്തിന്റെ ടീം പോഡിയത്തില്‍ കയറുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി ട്രോള്‍ പേജുകളുടെ ഇരയായി മാറിയിരിക്കുകയാണ് അജിത് കുമാര്‍ റേസിങ് ടീം.
കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ അജിത്തിന്റെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടത്തിലായിരുന്നു. താരത്തിന് യാതൊരു പരിക്കും സംഭവിച്ചിട്ടില്ലെങ്കിലും മത്സരം കുറച്ചുനേരത്തേക്ക് തടസപ്പെട്ടു. എന്നാല്‍ അപകടത്തിന് പിന്നാലെ കമന്റേറ്റര്‍മാര്‍ നല്‍കിയ കമന്ററിയാണ് ശ്രദ്ധേയമായത്. തുടര്‍ച്ചയായി അപകടത്തിലാകുന്ന അജിത്തിനെ തമാശരൂപത്തില്‍ കമന്റേറ്റര്‍മാര്‍ പരിഹസിക്കുകയായിരുന്നു.
‘ഇതാ, അയാള്‍ വീണ്ടും, അജിത് കുമാര്‍, അയാളുടെ കാര്‍ വീണ്ടും അപകടത്തില്‍ പെട്ടു’ എന്നായിരുന്നു കമന്റ്. ടൂര്‍ണമെന്റ് ആരംഭിച്ച് നാലാമത്തെ വട്ടമാണ് അജിത്തിന്റെ കാര്‍ അപകടത്തിലാകുന്നത്. ഇതോടെ ട്രോള്‍ പേജുകളും അജിത്തിനെ ട്രോളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. വടിവേലുവിന്റെ ഐക്കോണിക് മീമാണ് അജിത്തിനെ ട്രോളാനായി ഉപയോഗിക്കുന്നത്.
തൊട്ടാല്‍ പൂ മലരും എന്ന ചിത്രത്തിലെ കോമഡി സീനില്‍ വടിവേലു കയറുന്ന കാര്‍ അപകടത്തിലാകുന്നതും വടിവേലു അടുത്തിരുന്ന് കരയുന്നതിന്റെയും മീമില്‍ അജിത്തിന്റെ മുഖം വെച്ചുകൊണ്ടുള്ള ട്രോളാണ് വൈറലായിരിക്കുന്നത്. തുടര്‍ച്ചയായി അപകടത്തിലാകുന്നതിനെ ട്രോളേണ്ട ആവശ്യമില്ലെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ഇതാദ്യമായല്ല അജിത്തിന്റെ റേസിങ് ടീം ട്രോളിന് ഇരയാകുന്നത്. റേസിങ് ടീമിന്റെ എനര്‍ജി പാര്‍ട്ണറായ കാംപ കോളക്ക് അജിത് പരസ്യം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. കരിയറില്‍ ഒരിക്കലും പരസ്യങ്ങള്‍ ചെയ്യില്ലെന്ന് പറഞ്ഞ അജിത് ഇപ്പോള്‍ ആ വാക്ക് മറന്നു എന്നായിരുന്നു പലരും ആരോപിച്ചത്. അജിത് ട്രോള്‍ മെറ്റീരിയലായത് വലിയ ചര്‍ച്ചയായി.
പലരും റേസിങ് സര്‍ക്യൂട്ടില്‍ നിന്ന് വിരമിക്കുന്ന പ്രായത്തിലാണ് താരം റേസിലേക്ക് പൂര്‍ണമായും ശ്രദ്ധ നല്‍കുന്നത്. സിനിമയെ പ്രൊഫഷനായും റേസിങ്ങിനെ പാഷനായും കാണുന്ന അജിത്തിനെ മറ്റ് താരങ്ങള്‍ മാതൃകയാക്കണമെന്നും അഭിപ്രായങ്ങളുണ്ട്. ഈ വര്‍ഷത്തെ F2 ടൂര്‍ണമെന്റിന് ശേഷം മാത്രമേ അജിത് വീണ്ടും സിനിമയില്‍ സജീവമാവുകയുള്ളൂ. ഗുഡ് ബാഡ് അഗ്ലി അണിയിച്ചൊരുക്കിയ ആദിക് രവിചന്ദ്രന്‍ തന്നെയാണ് അജിത്തിന്റെ അടുത്ത പ്രൊജക്ടും സംവിധാനം ചെയ്യുന്നത്.
Content Highlight: Ajith Kumar racing team getting trolls for last day’s accident