വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി സ്റ്റാർ ഓൾ റൗണ്ടർ ഹർദിക് പാണ്ട്യയുടെ പരിക്കിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ ബാറ്റർ അജിൻക്യ രഹാനെ.
ഹർദിക്കിനെ പോലുള്ള ഒരു ഓൾ റൗണ്ടറെ മാറ്റി നിർത്തുന്നത് വളരെ ബുദ്ധിമുട്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ നിതീഷ്‌കുമാർ റെഡ്ഡിക്ക് അവസരം ലഭിച്ചിരുന്നു. ഇത് റെഡ്‌ഡിക്ക് കഴിവ് തെളിയിക്കാനുള്ള നല്ലൊരു അവസരമാകുമെന്നും അജിൻക്യ രഹാനെ ചൂണ്ടിക്കാട്ടി. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം.
‘ടീമിൽ ആരോഗ്യകരമായ മത്സരം ഉണ്ടാകുന്നത് വളരെ നല്ലതാണ്. ഹർദിക് ഒരു മികച്ച ഓൾറൗണ്ടറായതിനാൽ, ഏതൊരു ടീമിലും ആ റോളിലേക്ക് മറ്റൊരാളെ കണ്ടെത്തുക എന്നത് വളരെ പ്രയാസകരമാണ്. നിർഭാഗ്യവശാൽ, പരിക്കിനെത്തുടർന്ന് അദ്ദേഹം ഏറെ നാളായി ടീമിൽ നിന്ന് വിട്ടുനിൽക്കുകയാണ്.

ഹര്‍ദിക് പാണ്ഡ്യ – Photo: Newsx
അതേസമയം, പരിക്കിൽ നിന്ന് മുക്തനായി തിരിച്ചെത്തിയ നിതീഷ് കഴിഞ്ഞ പരമ്പരയിൽ ബൗളറെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാൽ കഴിഞ്ഞ പരമ്പരയിലെ പ്രകടനത്തിൽ മാത്രം ഒതുങ്ങിനിൽക്കാതെ, സ്ഥിരത പുലർത്താനാണ് നിതീഷ് ഇനി ശ്രദ്ധിക്കേണ്ടത്. ഹർദിക് എപ്പോൾ തിരിച്ചെത്തുമെന്ന് ആർക്കും വ്യക്തതയില്ലാത്തതിനാൽ ആ റോൾ നികത്തുക എളുപ്പമല്ല. എങ്കിലും, മികച്ചൊരു ഓൾറൗണ്ടറാണെന്ന് സ്വയം തെളിയിക്കാൻ നിതീഷിന് മുന്നിലുള്ള നല്ലൊരു അവസരമാണിത്,’അദ്ദേഹം പറഞ്ഞു.
കൂടാതെ ഹർദിക് പാണ്ഡ്യയെയും നിതീഷ് കുമാർ റെഡ്ഡിയെയും താരതമ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് അജിങ്ക്യ രഹാനെ നിർദ്ദേശിച്ചു.
‘ഹർദിക്കിനെയും നിതീഷിനെയും തമ്മിൽ താരതമ്യം ചെയ്യേണ്ട യാതൊരു ആവശ്യവുമില്ല. കാരണം ഇരുവരും വ്യത്യസ്ത കഴിവുകളുള്ള, തികച്ചും വ്യത്യസ്തരായ രണ്ടു കളിക്കാരാണ്. നിതീഷ് തന്നെ ഹർദിക്കുമായി സ്വയം താരതമ്യപ്പെടുത്തിയാൽ അത് തെറ്റായിരിക്കും. അതിനുപകരം, അദ്ദേഹം സ്വന്തമായ ശൈലിയും വ്യക്തിത്വവും മൈതാനത്തേക്ക് കൊണ്ടുവരികയാണ് വേണ്ടത്,’ രഹാനെ കൂട്ടിച്ചേർത്തു.

നിതീഷ്‌കുമാർ റെഡ്ഡി
ഓസ്ട്രേലിയ എ യ്ക്കെതിരായ പരമ്പരയിൽ കളിക്കാനിരിക്കവേ ഹർദിക്കിനെ പുതിയ പരിക്ക് സംഭവിച്ചത്. തുടർന്ന് താരത്തെ ടീമിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. വെസ്റ്റ് ഇൻഡീസ് ഏകദിനങ്ങൾക്കുള്ള ടീമിൽ ഹർദിക് ഇല്ലാതിരുന്നതിനാൽ 2026 ലെ ഏഷ്യൻ ഗെയിംസ് ടീമിൽ ആദ്യം ഇടം നേടിയിരുന്ന നിതീഷ് കുമാർ റെഡ്ഡിയെ പിന്നീട് വെസ്റ്റിന്ഡീസിനെതിരായ ഹോം പരമ്പരയ്ക്കുള്ള ഇന്ത്യ ലൈനപ്പിലേക്ക് മാറ്റുകയായിരുന്നു
അഫ്ഗാനിസ്ഥാനെതിരായ ടി-20 പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ ആറ് വിക്കറ്റുകൾ വീഴ്ത്തി പന്തിൽ മികച്ച പ്രകടനമാണ് റെഡ്ഡി കാഴ്ചവെച്ചത്. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലും മികവാർന്ന പ്രകടനം കാഴ്‌ചവെക്കുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.
Content Highlights: Ajinkya Rahane talks about Hardik injuary and the chances of Nitheesh Kumar Reddy
