സഞ്ജു തന്നെ ഓപ്പണര്‍; വീണ്ടും പിന്തുണച്ച് രഹാനെ
Cricket
സഞ്ജു തന്നെ ഓപ്പണര്‍; വീണ്ടും പിന്തുണച്ച് രഹാനെ
ഫസീഹ പി.സി.
Saturday, 7th February 2026, 8:42 am

2026 ടി – 20 ലോകകപ്പിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. ഇന്ന് (ഫെബ്രുവരി ഏഴ്) പാകിസ്ഥാനും നെതര്‍ലാന്‍ഡ്സും തമ്മിലുള്ള മത്സരത്തോടെയാണ് ടൂര്‍ണമെന്റിന് തുടക്കമാവുന്നത്. പിന്നീട് വെസ്റ്റ് ഇന്‍ഡീസും സ്‌കോട്ട്‌ലാന്‍ഡും പരസ്പരം നേരിടും.

മൂന്നാം മത്സരത്തില്‍ സൂര്യകുമാര്‍ യാദവിന് കീഴിലുള്ള ഇന്ത്യന്‍ പട കളത്തിലിറങ്ങുക. യു.എസ്.എയാണ് ഇന്ത്യയുടെ എതിരാളികളായി എത്തുന്നത്. വാംഖഡെ സ്റ്റേഡിയത്തിലാണ് ഈ മത്സരം അരങ്ങേറുക.

ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിന് കോപ്പുകൂട്ടുമ്പോള്‍ ആരൊക്കെയാവും ഇന്ത്യന്‍ ഓപ്പണര്‍മാര്‍ എന്നതാണ് ഏവരും ആകാംക്ഷയോടെ നോക്കുന്നത്. ഒരറ്റത്ത് അഭിഷേക് ശര്‍മ ഇറങ്ങുമ്പോള്‍ മറ്റൊരു അറ്റത്ത് സഞ്ജു സാംസണാണോ അതോ ഇഷാന്‍ കിഷനാണോ എത്തുക എന്നത് ഇപ്പോഴും ചോദ്യ ചിഹ്നമായി തുടരുകയാണ്.

അജിന്‍ക്യ രഹാനെ. Photo: Shanu/x.com

ന്യൂസിലാന്‍ഡിനെതിരെയുള്ള ടി – 20 പരമ്പരയിലെ സഞ്ജുവിന്റെ മോശം ഫോമും ഇഷാന്റെ തകര്‍പ്പന്‍ ബാറ്റിങ്ങുമാണ് ഈ ചോദ്യമുയരാന്‍ കാരണം. മികച്ച ഫോമിലായതിനാല്‍ പലരും ഇഷാന് സാധ്യത കല്‍പ്പിക്കുന്നുണ്ട്. എന്നാല്‍, സഞ്ജുവിനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെ.

തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലെ ചോദ്യോത്തര സെഷനിലാണ് രഹാനെ സഞ്ജുവിനെ ഇന്ത്യന്‍ ഓപ്പണറായി തെരഞ്ഞെടുത്തത്. ഇന്ത്യന്‍ ഓപ്പണറായി ഇഷാനെ ആണോ സഞ്ജുവാണോ തെരഞ്ഞെടുക്കുക എന്നായിരുന്നു ചോദ്യം. ഇതൊരു കടുത്ത തീരുമാനമാണെന്നും സഞ്ജുവിന്റെ പരിചയസമ്പന്നത വളരെ പ്രധാനമാണെന്നും രഹാനെ പറഞ്ഞു.

‘ഇവരില്‍ ഒരാളെ തെരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടാണ്. ഇഷാന്‍ കിഷന്‍ മികച്ച ഫോമിലാണ്. പക്ഷേ, സഞ്ജു സാംസണിന്റെ അനുഭവപരിചയം പ്രധാനമാണ്. അവനെ പിന്തുണക്കുന്നത് ആത്മവിശ്വാസം കൂട്ടാന്‍ സഹായിക്കും,’ രഹാനെ പറഞ്ഞു.

സഞ്ജു സാംസണും ഇഷാൻ കിഷനും. Photo: Johns/x.com

ലോകകപ്പിന് മുന്നോടിയായി നടന്ന ന്യൂസിലാന്‍ഡിനെതിരെയുള്ള പരമ്പരയില്‍ സഞ്ജുവിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. താരത്തിന് അഞ്ച് മത്സരങ്ങളില്‍ നിന്ന് വെറും 46 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. 24 റണ്‍സായിരുന്നു താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

എന്നാല്‍, മറുവശത്ത് ഇഷാന്‍ കിഷന്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. താരം പരമ്പരയില്‍ ഒരു സെഞ്ച്വറിയടക്കം 218 റണ്‍സാണ് അടിച്ചെടുത്തത്. കൂടാതെ, ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഓപ്പണറായെത്തി അര്‍ധ സെഞ്ച്വറിയും താരം നേടിയിരുന്നു.

 

Content Highlight: Ajinkya Rahane supports Sanju Samson as Indian opener in T20 World Cup

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി