മലയാളികള്‍ അധികം പ്രാധാന്യം കൊടുക്കാത്ത ഇന്‍ഡസ്ട്രിയായിരുന്നു കന്നഡ സിനിമ. കെ.ജി.എഫ് എന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുമ്പ് കേരളത്തിലെ സിനിമാപ്രേമികളുടെ മനസില്‍ ഇടം നേടിയ ചിത്രമായിരുന്നു കിറിക് പാര്‍ട്ടി. കന്നഡ ഇന്‍ഡസ്ട്രിയുടെ ഗതി മാറ്റിയ ഷെട്ടി ഗ്യാങ് ഒരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടുകയും ടോറന്റ് കാലഘട്ടത്തില്‍ മലയാളികള്‍ക്കിടയിലും ശ്രദ്ധ നേടി.

രക്ഷിത്, രാജ്, റിഷബ് എന്നിവരടങ്ങിയ ഷെട്ടി ഗ്യാങ് കന്നഡ ഇന്‍ഡസ്ട്രിയില്‍ തങ്ങളുടേതായ സ്ഥാനം നേടിയെടുത്തു. കാന്താരയിലൂടെ റിഷബും സു ഫ്രം സോയിലൂടെ രാജ് ബി ഷെട്ടിയും കൂടുതല്‍ റീച്ച് സ്വന്തമാക്കി. എന്നാല്‍ ഈ ഗ്യാങ്ങിലെ പ്രധാനിയായ രക്ഷിത് ഷെട്ടിയെ മിസ് ചെയ്യുകയാണ് സിനിമാപ്രേമികള്‍. രക്ഷിതിനെക്കുറിച്ച് സംസാരിക്കുകയാണ് സംഗീത സംവിധായകന്‍ അജനേഷ് ലോകനാഥ്.

അജനേഷ് ലോകനാഥ് Photo: Screen grab/ Silly Monks Mollywood

ഷെട്ടി ഗ്യാങ്ങിന്റെ പല സിനിമകള്‍ക്കും സംഗീതം നല്‍കിയത് അജനേഷാണ്. ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത അനന്തന്‍ കാടിന് സംഗീതം നല്‍കിയത് അജനേഷായിരുന്നു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് രക്ഷിതിനെക്കുറിച്ച് സംസാരിച്ചത്. രക്ഷിത് എവിടെയും പോയിട്ടില്ലെന്നും പുതിയ സിനിമയുടെ വര്‍ക്കിലാണെന്നും അജനേഷ് പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രക്ഷിതിനെ മിസ് ചെയ്യുകയാണെന്ന് പലരും പറയുന്നത് കേള്‍ക്കാം. ആക്ച്വലി പുള്ളി പുതിയ പടത്തിന്റെ വര്‍ക്കിലാണ്. റിച്ചാര്‍ഡ് ആന്റണിയുടെ സ്‌ക്രിപ്റ്റ് കംപ്ലീറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ് അദ്ദേഹം. സ്‌ക്രിപ്റ്റ് വര്‍ക്കിന്റെ തിരക്കിലാകുമ്പോള്‍ മറ്റൊരു പരിപാടിയിലേക്കും പുള്ളി പോകാറില്ല. കുറച്ച് സ്പിരിച്വലായി ഇരിക്കുന്നതാണ് രക്ഷിതിന്റെ രീതി.

 

ആ സിനിമയുടെ ഷൂട്ട് അധികം വൈകാതെ തുടങ്ങുമെന്നാണ് കരുതുന്നത്. വന്‍ പരിപാടിയാണ് ആ സിനിമയില്‍ ഒരുക്കുന്നത്. ഇപ്പോള്‍ പലരും രക്ഷിതിന്റെ തിരിച്ചുവരവിന് കാത്തിരിക്കുന്നുണ്ട്. ആ കാത്തിരിപ്പ് വെറുതെയാകില്ല. തിരിച്ചുവരുമ്പോള്‍ അത് ഒരൊന്നൊന്നര വരവായിരിക്കുമെന്ന് ഉറപ്പാണ്,’ അജനേഷ് ലോകനാഥ് പറയുന്നു.

2023ല്‍ പുറത്തിറങ്ങിയ സപ്ത സാഗരദാച്ചെ എലോ സൈഡ് ബിയാണ് രക്ഷിതിന്റെ അവസാന സിനിമ. ഈ ചിത്രത്തിന് ശേഷം പുതിയ പ്രൊജക്ടുകളൊന്നും റിച്ചി അനൗണ്‍സ് ചെയ്തിട്ടില്ല. 2021ല്‍ അനൗണ്‍സ് ചെയ്ത റിച്ചാര്‍ഡ് ആന്റണി പ്രീ പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. രക്ഷിത് സംവിധാനം ചെയ്ത ഉളിഡവരു കണ്ടന്തേയുടെ പ്രീക്വലാണ് ഈ ചിത്രം. രക്ഷിത് തന്നെയാണ് റിച്ചാര്‍ഡ് ആന്റണിയുടെയും സംവിധായകന്‍.

Content Highlight: Ajanesh Lokanath about Rakshit Shetty’s next movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ