എ.ഐ.എ.ഡി.എം.കെ പിളര്‍ന്നു; വിജയ് സര്‍ക്കാരിന് പിന്തുണയുമായി വിമത വിഭാഗം
India
എ.ഐ.എ.ഡി.എം.കെ പിളര്‍ന്നു; വിജയ് സര്‍ക്കാരിന് പിന്തുണയുമായി വിമത വിഭാഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th May 2026, 12:59 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെ പിളര്‍ന്ന് ഒരു വിഭാഗം ടി.വി.കെ സര്‍ക്കാരിന് പിന്തുണ നല്‍കി. മുന്‍ മന്ത്രിമാരായ സി.വേ ഷണ്‍മുഖന്‍, എസ്.പി. വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് ചൊവ്വാഴ്ച ടി.വി.കെ സര്‍ക്കാരിന് പിന്തുണയറിയിച്ചത്. ഈ വിഭാഗം സംസ്ഥാന മന്ത്രിസഭയില്‍ ഭാഗമാവും.

എ.ഐ.എ.ഡി.എം.കെ നേതാവ് എടപ്പാടി പളനിസ്വാമി ഡി.എം.കെയുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് സി.വേ ഷണ്‍മുഖന്‍ ആരോപിച്ചു. എ.ഐ.എ.ഡി.എം.കെ രൂപീകരിച്ചത് തന്നെ ഡി.എം.കെയെ എതിര്‍ക്കാനാണ്. പതിറ്റാണ്ടുകളായുള്ള രാഷ്ട്രീയമായ എതിര്‍പ്പ് പരിഗണിക്കാതെയാണ് പളനിസ്വാമി ഡി.എം.കെയുമായി അടുക്കാന്‍ ശ്രമിക്കുന്നതെന്നും ഷണ്‍മുഖം പറഞ്ഞു.

തമിഴ്‌നാട് നിയമസഭയില്‍ വിജയ് സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ടി.വി.കെയ്ക്ക് എ.ഐ.എ.ഡി.എം.കെ വിമത വിഭാഗത്തിന്റെ പിന്തുണ ലഭിക്കുന്നത്. ബുധനാഴ്ചയാണ് സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടേണ്ടത്.

പരമ്പരാഗത ശത്രുക്കളായ ഡി.എം.കെയുടെ ഒപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനാണ് എടപ്പാടി പളനിസ്വാമി ശ്രമിക്കുന്നതെന്നും വിമത വിഭാഗം നേതാവ് ഷണ്‍മുഖം പറഞ്ഞു. പാര്‍ട്ടി നേതൃത്വത്തിന്‌റെ ഡി.എം.കെ സഖ്യ തീരുമാന നിര്‍ദേശം എതിര്‍ത്ത നേതാക്കളാണ് ഇപ്പോള്‍ തനിക്കൊപ്പം പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘അഞ്ച് പതിറ്റാണ്ടായി ഡി.എം.കെ ക്കെതിരെ തങ്ങള്‍ രാഷ്ട്രീയപരമായാണ് പോരാടുന്നത്. പക്ഷേ പളനിസ്വാമി നിര്‍ദേശിക്കുന്നത് ഡി.എം.കെ പിന്തുണയോടെ സര്‍ക്കാര്‍ ഉണ്ടാക്കാനാണ്,’ ഷണ്‍മുഖം മാധ്യമങ്ങളോട് പറഞ്ഞു.

‘പളനി സ്വാമിക്ക് മുഖ്യമന്ത്രിയാവാനായിരുന്നു ആ നീക്കം. അതിനെ പിന്തുണക്കാന്‍ പളനിസ്വാമി ആവശ്യപ്പെട്ടെങ്കിലും ഞങ്ങള്‍ അതിന് വിസമ്മതിച്ചു. ഒരു എം.എല്‍.എയും ആ ആശയത്തെ അംഗീകരിച്ചില്ല. ഞങ്ങള്‍ക്ക് ആ നിര്‍ദേശം കേട്ടപ്പോള്‍ ഞെട്ടലാണുണ്ടായത്. പളനിസ്വാമിയുടെ നിര്‍ദേശം എതിര്‍ത്ത എം.എല്‍.എമാര്‍ ടി.വി.കെയെ പിന്തുണക്കാന്‍ തീരുമാനിക്കുകയായിരുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എ.ഐ.എ.ഡി.എം.കെയുടെയും ജയലളിതയുടെയും വിശാലമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതാണ് തങ്ങളുടെ നടപടിയെന്നും ഷണ്‍മുഖം പറയുന്നു. മുന്‍ മന്ത്രി എസ്.പി വേലുമണിയെ വിമത വിഭാഗത്തിന്‌റെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തതായും അദ്ദേഹം അറിയിച്ചു.

Content Highlights: AIADMK splits: Rebel faction set to join Vijay’s Tamil Nadu government today, party falls apart on EPS’s birthday