ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. ആദ്യ രണ്ട് ഭാഗങ്ങളും ഭാഷാതിര്‍ത്തികള്‍ കടന്ന ചര്‍ച്ചയായതിനാല്‍ മൂന്നാം ഭാഗം ബോക്‌സ് ഓഫീസിലെ സകല റെക്കോഡുകളും തിരുത്തിയെഴുതുമെന്നാണ് ബോക്‌സ് ഓഫീസ് വിദഗ്ധരുടെ കണക്കുക്കൂട്ടല്‍. ജനുവരിയില്‍ ഷൂട്ട് പൂര്‍ത്തിയായ ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്.
എന്നാല്‍ സ്‌കൈ ലെവല്‍ ഹൈപ്പുള്ള ചിത്രത്തെക്കുറിച്ച് ചിലര്‍ക്ക് പേടിയുമുണ്ട്. സംവിധായകന്‍ ജീത്തു ജോസഫിന്റെ മേക്കിങ് സ്റ്റൈലാണ് പലരും നെഗറ്റീവാകുമെന്ന് അഭിപ്രായപ്പെടുന്നത്. മികച്ച സ്‌ക്രിപ്റ്റാണെങ്കിലും മേക്കിങ്ങില്‍ വലിയ അലസത കാണിക്കുന്ന സംവിധായകനാണ് ജീത്തുവെന്ന് പൊതുവെ വിമര്‍ശനമുണ്ട്. ഇപ്പോഴിതാ ജീത്തു തന്റെ സ്ഥിരം ശൈലിയില്‍ ദൃശ്യം 3 ഒരുക്കിയാലുള്ള തിയേറ്റര്‍ റെസ്‌പോണ്‍സിന്റെ എ.ഐ വീഡിയോ വെറലായിരിക്കുകയാണ്.
ഷമീം സമാന്‍ എന്ന ഐ.ഡിയാണ് ഈ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഫസ്റ്റ് ഹാഫില്‍ സിനിമ കാണുന്ന പലരും ഇരുന്ന് ഉറങ്ങുന്നതായാണ് വീഡിയോയില്‍ കാണിക്കുന്നത്. ഇന്റര്‍വെല്ലാകുമ്പോള്‍ എല്ലാവരും ടെന്‍ഷനടിച്ച് ഇരിക്കുന്നതായും വീഡിയോയില്‍ കാണിക്കുന്നുണ്ട്. സെക്കന്‍ഡ് ഹാഫിന്റെ തുടക്കത്തിലും എല്ലാവരും മടുപ്പോടെ സിനിമ കാണുകയും എന്നാല്‍ ക്ലൈമാക്‌സ് ട്വിസ്റ്റ് എല്ലാവരെയും ഞെട്ടിക്കുമെന്ന് കാണിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.
‘രണ്ടെമുക്കാല്‍ മണിക്കൂര്‍ സിനിമയില്‍ രണ്ടര മണിക്കൂറും മാക്‌സിമം ഡ്രാമയും കുത്തി നിറച്ച് നമ്മളെ ഉറക്കും.. ബാക്കി 15 മിനിറ്റ് ജീത്തുവിന്റെ സ്ഥിരം സൈക്കോളജിക്കല്‍ മൂവ്! ദൃശ്യം ബ്രാന്‍ഡ് വെച്ച് ബോക്‌സ്ഓഫീസ് കത്തിക്കാന്‍ അത് തന്നെ മതി’ എന്നാണ് വീഡിയോക്ക് നല്‍കിയ ക്യാപ്ഷന്‍. നിരവധി പേര്‍ വീഡിയോയെ അനുകൂലിച്ചും എതിര്‍ത്തും കമന്റ് പങ്കുവെക്കുന്നുണ്ട്.
ദൃശ്യത്തിന്റെ ആദ്യഭാഗത്തില്‍ അവസാന അരമണിക്കൂറായിരുന്നു ട്വിസ്റ്റെങ്കിലും അതിന് മുമ്പുള്ള കഥപറച്ചിലാണ് ആ ട്വിസ്റ്റിലേക്ക് പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിച്ചതെന്നാണ് പ്രധാന കമന്റ്. രണ്ടാം ഭാഗത്തില്‍ മേക്കിങ്ങിന്റെ കാര്യത്തില്‍ വലിയ പാളിച്ചയുണ്ടായെങ്കിലും കഥപറച്ചില്‍ കൊണ്ട് ആ കുറവ് പ്രേക്ഷകര്‍ക്ക് തോന്നിച്ചില്ലെന്നും ചിലര്‍ കമന്റ് പങ്കുവെച്ചു.
ജോര്‍ജുകുട്ടിയെ പിടിക്കരുതെന്ന കാര്യത്തില്‍ ആ കഥാപാത്രവുമായി പ്രേക്ഷകര്‍ക്ക് ഇമോഷണല്‍ കണക്ഷനുണ്ടായെന്നും ദൃശ്യം എന്ന ബ്രാന്‍ഡിന്റെ സെല്ലിങ് പോയിന്റ് അതാണെന്നും ഒരാള്‍ കമന്റ് ചെയ്തു. ദൃശ്യം 3 പ്രധാനമായും ഫാമിലി ഡ്രാമക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും അതിനാല്‍ വലിയ ട്വിസ്റ്റുകളൊന്നും പ്രതീക്ഷിക്കരുതെന്നും ജീത്തു അടുത്തിടെ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. ഏപ്രില്‍ രണ്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുക. കേരളത്തിലും ഓവര്‍സീസിലും റെക്കോഡ് റിലീസാണ് ദൃശ്യം 3 പ്ലാന്‍ ചെയ്യുന്നത്.
Content Highlight: AI video of Drishyam 3 theatre response viral