റോണോയും ഹാളണ്ടും, ഒരു പ്രണയകഥ; വൈറലായി വാഴ 2 എ.ഐ കാസ്റ്റിങ്
Malayalam Cinema
റോണോയും ഹാളണ്ടും, ഒരു പ്രണയകഥ; വൈറലായി വാഴ 2 എ.ഐ കാസ്റ്റിങ്
അശ്വിന്‍ രാജേന്ദ്രന്‍
Sunday, 26th April 2026, 10:10 am

വമ്പന്‍ താരങ്ങള്‍ അരങ്ങുവാഴുന്ന മലയാളസിനിമാലോകത്ത് നവാഗത സംവിധായകനെയും പുതുമുഖതാരങ്ങളെയും കൊണ്ട് റെക്കോഡുകള്‍ ഓരോന്നായി തകര്‍ത്തെറിഞ്ഞ് മുന്നേറുകയാണ് ഏപ്രില്‍ രണ്ടിന് പുറത്തിറങ്ങിയ വാഴ 2. സവിന്‍ സാ സംവിധാനം ചെയ്ത് റീല്‍സ് താരങ്ങളായ ഹാഷിര്‍, അലന്‍, അജിന്‍, വിനായക് തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം 210 കോടിയിലധികം നേടിയാണ് ബോക്‌സ് ഓഫീസില്‍ കരുത്ത് തെളിയിക്കുന്നത്.

ചിത്രം വലിയ രീതിയില്‍ പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ ലോകത്തും സര്‍വം വാഴ മയമാണ്. വാഴ 2ടീം ഹൈദരാബാദിലെത്തി രാംചരണെ കണ്ടതും ചിത്രത്തിന് മൂന്നാം ഭാഗം പ്രഖ്യാപിച്ചതുമെല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാണ്. എന്നാല്‍ ഇപ്പോഴിതാ വാഴയില്‍ ഹാഷിറും ഏയ്ഞ്ചല്‍ മരിയയും അവതരിപ്പിച്ച റോളുകള്‍ മറ്റ് രണ്ടുപേര്‍ ചെയ്താല്‍ എങ്ങനെയിരിക്കും എന്ന ചോദ്യമാണ് പ്രേക്ഷകര്‍ക്കിടയില്‍ കൗതുകമുണര്‍ത്തുന്നത്. ഈ ആശയത്തില്‍ പുറത്തുവന്ന എ.ഐ വീഡിയോയും ഇപ്പോള്‍ വൈറലാണ്.

വാഴ 2. Photo: Think Music India

അഭിനേതാക്കള്‍ക്ക് പകരം ഫുട്‌ബോള്‍ സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും എര്‍ലിങ് ഹാളണ്ടിനെയുമാണ് വീഡിയോയില്‍ കാസ്റ്റ് ചെയ്തിരിക്കുന്നത്. ഹാഷിറിന്റെ വേഷത്തില്‍ റോണോ എത്തിയപ്പോള്‍ പെയറായി സ്ത്രീവേഷത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് ഹാളണ്ടിനെയാണ്. ഹാഷിറിന്റെ സുഹൃത്തായ അലനായി കൗമാരക്കാരനായ അത്ഭുത താരം ലാമിന്‍ യമാലും വീഡിയോയിലുണ്ട്.

എ.ഐ എഡിറ്റഡ് വീഡിയോയെങ്കിലും മികച്ച ക്ലാരിറ്റിയോടെ താരങ്ങളുടെ ഭാവമാറ്റങ്ങളെല്ലാം കൃത്യമായി മനസിലാക തക്ക വിധത്തിലാണ് വീഡിയോ നിര്‍മിച്ചിട്ടുള്ളത്. സ്‌കൂളില്‍ നായികയുടെ പിന്നില്‍ നടക്കുന്ന ഹാഷിറിന്റെ റിയാക്ഷന്‍സ് കൃത്യമായി തന്നെ റൊണാള്‍ഡോയിലൂടെ വീഡിയോയില്‍ പ്രതിഫലിച്ചിട്ടുണ്ട്. അതേസമയം വലിയ കൈയടി ലഭിക്കുന്നത് ഹാളണ്ടിന്റെ സ്ത്രീ വേഷത്തിനാണ്. അതീവ സുന്ദരിയായാണ് താരം അട ബൊമ്മാലെ ഗാനത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

Ai Image. Photo: X.com

ഹാഷിറിന്റെ അനിയനായ നാഷിറായി ചിത്രത്തില്‍ വേഷമിട്ട ശബരിക്ക് പകരം വിനിഷ്യസ് ജൂനിയറിനെയും ചിത്രത്തില്‍ കാണാം. എന്നാല്‍ റൊണാള്‍ഡോ വന്നിട്ടും മെസിയെ വീഡിയോയില്‍ കാണാനാകാത്ത വിഷമത്തിലാണ് ഫുട്‌ബോള്‍ ആരാധകര്‍. ചിത്രത്തിലെ മറ്റൊരു കഥാപാത്രമായി താരത്തെ മറ്റൊരു വീഡിയോയില്‍ കാണാനാകുമെന്ന പ്രതീക്ഷയും പ്രേക്ഷകര്‍ വീഡിയോക്ക് താഴെ പങ്കുവെക്കുന്നുണ്ട്.

Content Highlight: Ai video of adi bommale song of Vaazha 2 featuring Ronaldo and Haland goes viral

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.