എന്റെ സങ്കല്‍പ്പത്തിലുള്ള ഭാര്യയല്ലെന്ന് 12 വര്‍ഷത്തിന് ശേഷം ശ്രീനാഥ് പറഞ്ഞു; എല്ലാം ഒരു സിനിമാ സ്റ്റൈലില്‍ ആയിരുന്നു: ശാന്തികൃഷ്ണ
Malayalam Cinema
എന്റെ സങ്കല്‍പ്പത്തിലുള്ള ഭാര്യയല്ലെന്ന് 12 വര്‍ഷത്തിന് ശേഷം ശ്രീനാഥ് പറഞ്ഞു; എല്ലാം ഒരു സിനിമാ സ്റ്റൈലില്‍ ആയിരുന്നു: ശാന്തികൃഷ്ണ
ആര്യ.പി
Thursday, 23rd July 2026, 1:00 pm

1976ല്‍ റിലീസായ ഹോമകുണ്ഡം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് എത്തിയ നടിയാണ് ശാന്തി കൃഷ്ണ.

1981-ല്‍ ഭരതന്‍ സംവിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തിലെ ശാന്തികൃഷ്ണയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവര്‍ ചെയ്തു.

1994-ല്‍ റിലീസായ ചകോരം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ശാന്തി കൃഷ്ണയ്ക്ക് ലഭിച്ചു. ഈണം, വിസ, മംഗളം നേരുന്നു, ഇത് ഞങ്ങളുടെ കഥ, കിലുകിലുക്കം, സാഗരം ശാന്തം, ഹിമവാഹിനി, ചില്ല്, നയം വ്യക്തമാക്കുന്നു, കൗരവര്‍, പിന്‍ഗാമി തുടങ്ങി ഒരു പിടി സിനിമകളില്‍ മികച്ച കഥാപാത്രത്തെ ശാന്തികൃഷ്ണ അവതരിപ്പിച്ചിരുന്നു.

ശാന്തികൃഷ്ണ photo: One 2 Talks

നീണ്ട നാളത്തെ പ്രണയത്തിന് ശേഷം നടന്‍ ശ്രീനാഥിനെ 1984 ല്‍ വിവാഹം ചെയ്‌തെങ്കിലും 1995-ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ശ്രീനാഥുമായി വേര്‍പിരിയാനുണ്ടായ സാഹചര്യത്തെ കുറിച്ചും ജീവിതത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് വണ്‍ ടു ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ ശാന്തികൃഷ്ണ.

‘ചില സമയങ്ങളില്‍ നമ്മുടെ ശരീരവും മനസും നമുക്ക് ഒരു സുരക്ഷ നല്‍കുമെന്ന് പറയില്ലേ, അത് സത്യമാണ്. നമ്മുടെ ശരീരത്തിന്റെ ഇമ്മ്യൂണ്‍ സിസ്റ്റം ഒരു കവചം പോലെ നമ്മെ സംരക്ഷിക്കാന്‍ ചിലപ്പോള്‍ പ്രവര്‍ത്തിക്കും.

ഭയങ്കരമായ വേദനയോ മനസിനെ വിഷമിപ്പിക്കുന്ന കാര്യങ്ങളോ ഉണ്ടാകുമ്പോള്‍ ചിലപ്പോള്‍ നമ്മള്‍ ന്യൂട്രല്‍ ആയി പോകും, ഒരുതരം മരവിപ്പ്
എന്ന് പറയില്ലേ. എന്റെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും എനിക്ക് ആ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്.

ജീവിതത്തില്‍ വലിയ പ്രശ്‌നങ്ങളും കഠിനമായ വേദനയും ഉണ്ടായ സമയത്തൊന്നും ഞാന്‍ കരഞ്ഞിട്ടില്ല. ആള്‍ക്കാര്‍ കാണുമ്പോള്‍ ഞാന്‍ ഭയങ്കര സ്‌ട്രോങ് ആണെന്നും കാര്യങ്ങള്‍ നന്നായി കൈകാര്യം ചെയ്യുന്നുവെന്നും അവര്‍ക്ക് തോന്നുമായിരുന്നു.

പക്ഷേ, ആ സമയത്ത് ഞാന്‍ കരഞ്ഞിരുന്നെങ്കില്‍ ചിലപ്പോള്‍ പിന്നീട് അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കില്ലായിരുന്നു എന്ന് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ തോന്നാറുണ്ട്.

പല കാര്യങ്ങളിലും എടുത്തുചാട്ടമുണ്ടായി. തീര്‍ച്ചയായും 20 വയസ്സിലൊന്നും കല്യാണം കഴിച്ച് പോകേണ്ടിയിരുന്നില്ല. എനിക്ക് കുറച്ചുകൂടി കാത്തിരിക്കാമായിരുന്നു, അച്ഛനും അമ്മയും ഒക്കെ കണ്ടെത്തുന്ന ആരെങ്കിലും മതിയായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു.

അങ്ങനെയെങ്കില്‍ ചിലപ്പോള്‍ അമേരിക്കയില്‍ ഒക്കെ സെറ്റില്‍ ആയി എന്റെ ജീവിതം തന്നെ മറ്റൊന്നാകുമായിരുന്നു. പക്ഷേ അതെല്ലാം എന്റെ വിധി ആയിരിക്കാം. ജീവിതത്തിലെ സാഹചര്യങ്ങളില്‍ നമ്മള്‍ എടുക്കുന്ന ചോയ്സുകളാണ് നമ്മുടെ ജീവിതത്തെ തീരുമാനിക്കുന്നത്.

അത് നല്ലതായാലും മോശമായാലും നമ്മള്‍ ആ ചോയ്സ് എടുക്കുമ്പോള്‍ അതിന്റെ ഫലം അറിയില്ല. പക്ഷേ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ തീര്‍ച്ചയായും നമ്മള്‍ ആലോചിക്കണം. പിന്നെ അത് തെറ്റിപ്പോയി എന്ന് പറയുന്നതില്‍ കാര്യമില്ല.

എന്റെ അനുഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ ആരെങ്കിലും ഒക്കെ ഇത് കണ്ട് കുറച്ചുകൂടി ചിന്തിക്കുമല്ലോ എന്ന് കരുതിയാണ് ഇത് പറയുന്നത്.

ശ്രീനാഥുമായുള്ള ദാമ്പത്യം അവസാനിപ്പിക്കുക എന്നത് എന്റെ തീരുമാനമായിരുന്നില്ല. അദ്ദേഹത്തിന്റെ തീരുമാനമായിരുന്നു. 12 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഒരു ദിവസം പെട്ടെന്ന് അദ്ദേഹമാണ് പറഞ്ഞത് ‘ഇത് ശരിയാവുന്നില്ല’ എന്ന്. ആ 12 വര്‍ഷത്തിനിടയില്‍ ജീവിതത്തിലെ എല്ലാ ഉയര്‍ച്ച താഴ്ചകളും നമ്മള്‍ കണ്ടതാണ്.

ഒരു ദിവസം പെട്ടെന്ന് ‘നീ എന്റെ കോണ്‍സെപ്റ്റിലുള്ള വൈഫ് അല്ല’ എന്നൊക്കെ കേള്‍ക്കുമ്പോള്‍ അത് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അതെല്ലാം ഒരു സിനിമാ സ്‌റ്റൈലില്‍ ആണ് എനിക്ക് തോന്നിയത്. ഒരുപാട് സുഹൃത്തുക്കള്‍ ഇതിനിടയില്‍ വന്ന് കൗണ്‍സിലിങ്ങിന് ശ്രമിച്ചതാണ്.

പക്ഷേ ഒരാള്‍ക്ക് താല്പര്യമില്ലെങ്കില്‍ പിന്നെ അയാളുടെ കൂടെ ജീവിക്കുന്നതില്‍ അര്‍ത്ഥമില്ലാത്തതുകൊണ്ട് ഞങ്ങള്‍ മ്യൂച്വല്‍ ആയി പിരിഞ്ഞു. അതല്ലാതെ മോശമായ രീതിയിലുള്ള ഒരു ഡൈവോഴ്‌സ് ആയിരുന്നില്ല അത്,’ ശാന്തി കൃഷ്ണ പറഞ്ഞു.

1998-ല്‍ അഭിനയ ജീവിതത്തില്‍ നിന്ന് ഇടവേളയെടുത്ത ശാന്തികൃഷ്ണ നീണ്ട ഇടവേളയ്ക്ക് ശേഷം 2017-ല്‍ ഞണ്ടുകളുടെ നാട്ടില്‍ എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ വീണ്ടും സജീവമായി.

Content Highlight: After 12 years, Sreenath told me I wasn’t the wife he envisioned Says Actress Shanthi Krishna

ആര്യ.പി
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.