കാബൂളിലെ ആശുപത്രിക്ക് നേരെയുള്ള വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് അഫ്ഗാൻ; നിരസിച്ച് പാകിസ്ഥാൻ
World
കാബൂളിലെ ആശുപത്രിക്ക് നേരെയുള്ള വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് അഫ്ഗാൻ; നിരസിച്ച് പാകിസ്ഥാൻ
മുഹമ്മദ് നബീല്‍
Tuesday, 17th March 2026, 2:43 pm

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഉമിദ് ആശുപത്രിക്ക് നേരെയുള്ള വ്യോമാക്രമണത്തിൽ 400 ഓളം പേർ കൊല്ലപ്പെട്ടതായും 250 പേർക്ക് പരിക്കേറ്റതായും അഫ്ഗാൻ സർക്കാർ വക്താവ് ഹംദുല്ല ഫിത്രത്ത്.

തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ നടന്ന വ്യോമാക്രമണം ലക്ഷ്യം വെച്ചത് സർക്കാർ ഉടമസ്ഥതയിലുള്ള 2,000 കിടക്കകളുള്ള ലഹരി വിമുക്ത കേന്ദ്രമായ ഉമിദ് ആശുപത്രിയെയാണെന്ന് ഹംദുല്ല ഫിത്രത്ത് പറഞ്ഞു.

‘ആശുപത്രിയുടെ വലിയൊരു ഭാഗം നശിപ്പിക്കപ്പെട്ടു, കനത്ത നാശനഷ്ടങ്ങൾ ഉണ്ടായതായി ഭയപ്പെടുന്നു,’ അദ്ദേഹം എക്‌സിൽ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ എണ്ണം ഇതുവരെ 400-ൽ എത്തിയിരിക്കുന്നു, കൂടാതെ 250 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യങ്ങൾ തമ്മിലുള്ള പിരിമുറുക്കം പരിഹരിക്കുന്നതിന് തയ്യാറാണെന്നും, യുദ്ധം വ്യാപിപ്പിക്കുന്നത് ഒഴിവാക്കി ചർച്ചയിലേക്ക് മടങ്ങിവരണമെന്നും ചൈന ആവശ്യപ്പെട്ട് മണിക്കൂറുകൾക്ക് ശേഷമാണ് വ്യോമാക്രമണം ഉണ്ടായത്.

എന്നാൽ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ അവകാശ വാദങ്ങളെ തള്ളി. സൈനിക കേന്ദ്രങ്ങളും തീവ്രവാദ പിന്തുണയോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമാണ് ലക്ഷ്യം വച്ചതെന്നുമാണ് പാക് വാദം.

വ്യോമാക്രമണ ദൃശ്യങ്ങളിൽ ആക്രമണത്തിന് പിന്നാലെ വലിയ സ്ഫോടനം നടക്കുന്നുണ്ട് ഇത് അവിടെ വൻതോതിൽ സ്ഫോടന വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നതിന്റെ തെളിവുകളാണെന്ന് പാകിസ്ഥാൻ വാർത്താവിനിമയ മന്ത്രി അത്താവുല്ല തരാർ എക്‌സിൽ പ്രതികരിച്ചു.

കഴിഞ്ഞ മാസം ആരംഭിച്ച സംഘർഷം ഇരു രാജ്യങ്ങൾക്കിടയിലും ഇതുവരെ ഉണ്ടായിട്ടുള്ള സംഘർഷങ്ങളിൽ ഏറ്റവുമധികം ആഘാതം സൃഷ്‌ടിച്ച സംഘർഷമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അമേരിക്കയും ഇസ്രഈലും സംയുക്തമായി നടത്തിയ ആക്രമണവും ഇറാന്റെ പ്രത്യാക്രമണവും പശ്ചിമേഷ്യയിലാകെ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നതിനിടയിലാണ് പാക് – അഫ്ഗാൻ സംഘർഷം മൂർധന്യാവസ്ഥയിൽ എത്തിയിരിക്കുന്നത് .

Content Highlight: Afghanistan says 400 killed in airstrike on Kabul hospital; Pakistan denies

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം